ട്രെയിൻ തീവയ്‌പ്‌ : രക്ഷപ്പെടാൻ ഷാറൂഖിന്‌ സഹായം ലഭിച്ചതായി സംശയം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോഴിക്കോട്‌ : എലത്തൂർ ട്രെയിൻ തീവയ്‌പ്‌ കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫിന്‌ ആക്രമണത്തിനുശേഷം രക്ഷപ്പെടാൻ പുറത്തുനിന്ന്‌ സഹായം ലഭിച്ചെന്ന സംശയം ബലപ്പെടുന്നു. ഷാറൂഖിന്റെ യാത്രാ റൂട്ട്‌ മാപ്പിൽ എലത്തൂർ മുതൽ കണ്ണൂർ വരെയുള്ള യാത്ര ദുരൂഹമാണെന്നാണ്‌ അന്വേഷകസംഘം കരുതുന്നത്‌. മൊഴിയിലും വൈരുധ്യമുണ്ട്‌.

ആലപ്പുഴ–കണ്ണൂർ എക്‌സിക്യൂട്ടീവ്‌ ട്രെയിനിലെ തീവയ്‌പിനുശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തിയെന്നാണ്‌ പ്രതിയുടെ മൊഴി. എന്നാൽ, ആക്രമണസമയത്ത്‌ ചുവന്ന ഷർട്ടാണ്‌ പ്രതി ധരിച്ചതെന്നാണ്‌ മുഖ്യസാക്ഷി റാസിഖിന്റെ ഉൾപ്പെടെ മൊഴി. പ്രതിയെ രത്നഗിരിയിൽനിന്ന്‌ പിടികൂടുമ്പോൾ കറുത്ത ടീ ഷർട്ടായിരുന്നു വേഷം. കണ്ണൂരിൽനിന്ന്‌ മറ്റൊരു ട്രെയിനിലാണ്‌ പ്രതി രക്ഷപ്പെട്ടത്‌. അർധരാത്രി എവിടെനിന്ന്‌ വസ്‌ത്രം കിട്ടി, ടിക്കറ്റ്‌ എങ്ങനെ എടുത്തു എന്നീ കാര്യങ്ങളിൽ ദുരൂഹതയുണ്ട്‌. ഷാറൂഖിന്റെ കൈവശമുണ്ടായിരുന്ന ബാഗ്‌ എലത്തൂരിലെ റെയിൽ പാളത്തിൽനിന്ന്‌ കണ്ടെടുത്തിരുന്നു.  

തീവയ്‌പിനെ തുടർന്ന്‌ അഞ്ചുപേർ ചങ്ങല വലിച്ചതായാണ്‌ ട്രെയിനിലെ ലോക്കോ പൈലറ്റ്‌ നൽകിയ മൊഴി. ഇതിൽ പൊള്ളലേറ്റ്‌ ചികിത്സയിലുള്ള ഒരാളെ മാത്രമാണ്‌ തിരിച്ചറിഞ്ഞത്‌. മറ്റു നാലുപേർ ആരൊക്കെ എന്നതും നിർണായകമാണ്‌. പ്രതിക്കൊപ്പമുണ്ടായിരുന്നവരിൽ ആരെങ്കിലും ചങ്ങല വലിച്ചുനിർത്തി രക്ഷപ്പെടാൻ സഹായംചെയ്യാനുള്ള സാധ്യതയും അന്വേഷകസംഘം തള്ളുന്നില്ല.

മെഡിക്കൽ പരിശോധന ആയതിനാൽ തിങ്കളാഴ്‌ച കാര്യമായി ചോദ്യം ചെയ്യാനായിട്ടില്ല. മെഡിക്കൽ കോളേജ്‌ ഡോക്ടർമാരുടെ സംഘം പ്രതിയെ പാർപ്പിച്ചിരിക്കുന്ന പൊലീസ്‌ ക്യാമ്പിലെത്തിയാണ്‌ പരിശോധിച്ചത്‌. ആരോഗ്യനില തൃപ്‌തികരമായതിനാൽ ചോദ്യം ചെയ്യൽ തുടരും.

ഷൊർണൂരിലും അന്വേഷണം

എലത്തൂർ ട്രെയിൻ തീവയ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിന്‌ സഹായം ലഭിച്ചതായി സൂചന ലഭിച്ച സ്ഥലത്ത്‌ അന്വേഷണ സംഘം പരിശോധന നടത്തി. ഇയാൾ സംഭവ ദിവസം പകൽ ചെലവഴിച്ച ഷൊർണൂരിലെ ഒരു പ്രദേശത്ത്‌നിന്ന്‌ സാമ്പത്തിക സഹായം, ഭക്ഷണം, പകൽ താമസിക്കാനുള്ള സൗകര്യം എന്നിവ ലഭിച്ചതായി വിവരമുണ്ട്‌. തിങ്കളാഴ്‌ച അന്വേണ സംഘം ഷൊർണൂർ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ്‌ ഇതേ കുറിച്ച്‌ സൂചന ലഭിച്ചത്‌.

എടിഎം കാർഡ്‌ തകരാറായിട്ടും ഷാറൂഖിന്‌ പണം ലഭിച്ചുവെന്ന്‌ പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഷാറൂഖ് പോയ സ്ഥലങ്ങളെക്കുറിച്ചും സംസാരിച്ചവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. പ്രതി പെട്രോൾ വാങ്ങിയ ഷൊർണൂർ പൊതുവാൾ ജങ്‌ഷനു സമീപമുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) പമ്പിൽ സ്പെഷ്യൽ ബ്രാഞ്ചും പരിശോധന നടത്തി.

ഡൽഹിയിൽനിന്ന് സമ്പർക്കക്രാന്തി എക്സ്പ്രസിൽ ഞായർ പുലർച്ചെ എത്തിയ ഷാറൂഖ് രാത്രി 7. 24 വരെയാണ്‌ ഷൊർണൂരിൽ ചെലവഴിച്ചത്‌. പരുത്തിപ്ര റോഡിനുസമീപത്തുള്ള സ്റ്റാൻഡിൽനിന്നാണ് ഓട്ടോ വിളിച്ച് പെട്രോൾ വാങ്ങനെത്തിയത്.ചൊവ്വാഴ്ച ഇയാളെ ഷൊർണൂരിലെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തുമെന്നാണ്‌ സൂചന.പ്രതിയെ അടുത്ത ദിവസം ഇവിടെ തെളിവെടുപ്പലിന്‌ കൊണ്ടുവന്നേക്കും. അതിനു മുമ്പുള്ള പരിശോധനയാണ്‌ പെട്രോൾ പമ്പിൽ നടത്തിയതെന്നാണ്‌ വിവരം. കഴിഞ്ഞ ദിവസം ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷക സംഘം ശേഖരിച്ചിരുന്നു. സംഘം ഷൊർണൂർ ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിലുമെത്തി.

പ്രതിയുടെ ആരോഗ്യനില തൃപ്‌തികരം

എലത്തൂർ ട്രെയിൻ തീവയ്‌പ്‌ കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയുടെ ആരോഗ്യനില തൃപ്തികരം. മെഡിക്കൽ കോളേജ്‌ ഡെപ്യൂട്ടി സൂപ്രണ്ട്‌ ഡോ. രഞ്ജിനിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കൾ രാവിലെ മാലൂർകുന്ന് എ ആർ ക്യാമ്പിലെത്തി പരിശോധിച്ചു. നേരത്തെ കരൾ രോഗം കണ്ടെത്തിയതിനാൽ എൽ.എഫ്‌.ടി (ലിവർ ഫങ്‌ഷൻ ടെസ്‌റ്റ്‌) ഉൾപ്പെടെയുള്ള പരിശോധന നടത്തി. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്താനാണ്‌ നേരത്തേ നിർദേശിച്ചതെങ്കിലും സുരക്ഷ പരിഗണിച്ച്‌ ഡോക്ടർമാർ ക്യാമ്പിലെത്തി പരിശോധിക്കുകയായിരുന്നു. സർജറി, ഓഫ്ത്താൽമോളജി വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർക്കൊപ്പം ലാബ്‌ ടെക്‌നീഷ്യനും ഉണ്ടായിരുന്നു. പൊള്ളലിലുണ്ടായ പരിക്കും പരിശോധിച്ചു. ഞായറാഴ്‌ച സാമ്പിൾ ശേഖരിച്ച് മെഡിക്കൽ കോളേജിലെത്തിച്ചാണ്‌ എൽ.എഫ്‌.ടി നോക്കിയത്‌. ഇത് സാധാരണ നിലയിലായി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha