കണ്ണൂർ : കുടുംബവുമൊത്ത് ഉല്ലസിക്കാൻ പറ്റിയ ഇടം. എന്നാൽ ചെറിയ അശ്രദ്ധമതി സന്തോഷയാത്ര ദുരന്തത്തിൽ കലാശിക്കാൻ. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത ജില്ലയിലെ കടൽതീരത്ത് സഞ്ചാരികൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിൽപെട്ടേക്കാം. ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന നമ്മുടെ വിനോദ സഞ്ചാര തീരങ്ങളിൽ സുരക്ഷ കൂട്ടേണ്ടതല്ലേയെന്ന ചോദ്യം ഓരോ ദുരന്തങ്ങൾ കഴിയുമ്പോഴും ഉയരുകയാണ്.
12 വർഷത്തിനിടെ സ്വദേശികളും ഇതര സംസ്ഥാനക്കാരുമായി 21 പേർ തിരയിൽപ്പെട്ടു മരണത്തിന് കീഴടങ്ങി. പയ്യാമ്പലത്ത് മടിക്കേരി സ്വദേശി 15 വയസ്സുകാരൻ സുജനെ വിഷു പിറ്റേന്ന് കാണാതായതാണ് ഒടുവിലത്തെ ഉദാഹരണം. വേനൽ അവധിക്കാലമായതോടെ ബീച്ചുകളിൽ വൻ തിരക്കാണ് ഉണ്ടാകുന്നതെങ്കിലും ഇക്കാര്യം പരിഗണിച്ചുള്ള നടപടി ഉണ്ടായിട്ടില്ല. ആവശ്യത്തിന് ലൈഫ് ഗാർഡുമാരോ പൊലീസ് പട്രോളിങ്ങോ ഇല്ല.
ഉടനടി വേണം സുരക്ഷ
സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ, അനൗൺസ്മെന്റ് സിസ്റ്റം, ഹാൻഡ് മൈക്ക്, സുരക്ഷാ അലാം, വാച്ച് ടവർ, രക്ഷാ പ്രവർത്തനം നടത്താൻ ബോട്ടുകൾ, സേർച് ലൈറ്റുകൾ, പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവ ബീച്ചുകളിൽ ഉടൻ സ്ഥാപിക്കേണ്ടതുണ്ട്. ജില്ലയിൽ ലൈഫ് ബോട്ടുകൾ ഇല്ലാത്തതിനാൽ, അപകടം സംഭവിച്ചാൽ മത്സ്യത്തൊഴിലാളികളുടെ വള്ളത്തെയാണ് ആശ്രയിക്കാറ്. കഴിഞ്ഞ ദിവസം പയ്യാമ്പലത്തെ അപകടത്തെ തുടർന്ന് ബീച്ചിലെ വാട്ടർ സ്പോർട് ബോട്ടാണ് തിരച്ചിലിന് ഉപയോഗിച്ചത്.
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ സന്ദർശകർക്ക് വാഹനമിടിച്ച് പരുക്കേൽക്കുന്ന സംഭവങ്ങൾ പതിവാണ്. ബീച്ചിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ പൊലീസ് നിരീക്ഷണം വേണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ബീച്ചിന്റെ എടക്കാട് ഭാഗത്ത് പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും പൊലീസ് കയറാറില്ല.
10 ലൈഫ് ഗാർഡ് മാത്രം
പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം, ചൂട്ടാട്, മീൻകുന്ന് ബീച്ചുകളിലായി 55 ലൈഫ് ഗാർഡുമാർ വേണ്ട ജില്ലയിൽ ആകെയുള്ളത് 10 പേർ മാത്രം. ബീച്ചിൽ ഓരോ 200 മീറ്ററിലും ഒരു ലൈഫ് ഗാർഡ് വേണമെന്നാണ് ചട്ടം. ഡ്രൈവ് ഇൻ ബീച്ചിൽ മുഴപ്പിലങ്ങാട് മഠം ഭാഗത്ത് കടലിൽ അപകടമേഖലയുണ്ട്. സന്ദർശകർ ഇവിടെ ഇറങ്ങിക്കുളിക്കുന്നത് പതിവ് കാഴ്ചയാണ്. മുന്നറിയിപ്പ് നൽകാൻ ബോർഡുകളും സ്ഥാപിച്ചിട്ടില്ല.
അഴീക്കോട് മീൻകുന്ന് ബീച്ചിലുണ്ടായ 2 ലൈഫ് ഗാർഡുമാരെ ധർമടത്തേക്ക് മാറ്റി നിയോഗിച്ചിട്ട് മാസങ്ങളായി. പകരം ആളെ നിയമിച്ചിട്ടില്ല. ചൂട്ടാട് ബീച്ചിൽ താൽക്കാലികമായി നിയമിച്ച 2 ലൈഫ് ഗാർഡുമാരെയും പിൻവലിച്ചു. ടൂറിസം ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് മുഖേനയാണ് ലൈഫ് ഗാർഡുമാരെ നിയോഗിക്കുന്നത്.
പുറമേ ശാന്തം
പയ്യാമ്പലത്ത് കടൽ പൊതുവേ കാണാൻ ശാന്തമാണെങ്കിലും രൗദ്രഭാവം കൈവരിക്കാൻ നിമിഷ നേരം മതി. അടിയൊഴുക്കും കുത്തൊഴുക്കും നിറഞ്ഞതാണ് പയ്യാമ്പലം കടൽ. ഏത് നേരവും പ്രക്ഷുബ്ധമാകും. തീരത്തോട് ചേർന്ന ഭാഗങ്ങളിൽ മുഴുവൻ അപകട സാഹചര്യമാണ്. കാൽക്കീഴിലെ മണ്ണ് നഷ്ടപ്പെട്ട് ആഴത്തിൽപെടും. ഇക്കാര്യങ്ങളെല്ലാം ലൈഫ് ഗാർഡുമാർ സഞ്ചാരികളോട് പറയാറുണ്ടെങ്കിലും ചിലരെങ്കിലും അവഗണിക്കുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു