കുറുമാത്തൂർ പി.എച്ച്.സി. കുടുംബാരോഗ്യ കേന്ദ്രമാകും ; സായാഹ്ന ഒ.പി. സേവനവും ലാബ് സൗകര്യവും ലഭിക്കും
കണ്ണൂരാൻ വാർത്ത
 

തളിപ്പറമ്പ് : സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നു.

ചൊറുക്കള-ബാവുപ്പറമ്പ് റോഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ സായാഹ്ന ഒ.പി. സേവനവും ലാബ് സൗകര്യവും ലഭിക്കും.

മാറ്റത്തിന്റെ ഭാഗമായി 88 ലക്ഷം രൂപ ചെലവിൽ പുതിയ രണ്ട് ബ്ലോക്കുകളാണ് പണികഴിപ്പിച്ചിരിക്കുന്നത്.

കൂടുതൽ ജീവനക്കാർ

കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി ഡോക്ടർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളിൽ ഒന്നുവീതം അധിക തസ്തികകൾ അനുവദിച്ചിട്ടുണ്ട്. കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്ത് മുഖേന സായാഹ്ന ഒ.പി. നടത്തിപ്പിലേക്കായി ഡോക്ടർ, ഫാർമസിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് എന്നിവരെയും നിയമിച്ചു.

ഉദ്ഘാടനം 17-ന്

പുതുതായി നിർമിച്ച കെട്ടിട സമുച്ചയങ്ങളുടേയും ലാബിന്റേയും ഉദ്ഘാടനം 17-ന് തിങ്കളാഴ്ച നടക്കുമെന്ന് കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന പത്രസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിക്കുക. മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനി, സി. അനിത, മെഡിക്കൽ ഓഫീസർ ഡോ. എൻ. സിനി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കൂടുതൽ സൗകര്യങ്ങൾ

രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ സേവനം ലഭിക്കും. ലാബ് സൗകര്യങ്ങളും ലഭ്യമാക്കും. പ്രാഥമിക പരിശോധന, നിരീക്ഷണമുറി, നഴ്സിങ് സ്റ്റേഷൻ, വിശാലമായ കാത്തിരിപ്പ് സ്ഥലം, പുതിയ ഫാർമസി ബ്ലോക്ക്, രോഗികൾക്കായുള്ള മുറിവ് വെച്ചുകെട്ടുന്ന സ്ഥലം, പ്രതിരോധ കുത്തിവെപ്പുകൾക്കായുള്ള മുറി, പാലിയേറ്റീവ് പരിചരണാവിഭാഗത്തിനുള്ള മുറി എന്നീ പുതിയ സൗകര്യങ്ങൾകൂടി നിലവിൽ വന്നിട്ടുണ്ട്. മുറ്റവും ഇന്റർലോക്ക് ചെയ്ത് മനോഹരമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത