പുഴയെടുത്ത ഓർമ്മകൾക്കുമേൽ കിളിയന്തറയിൽ വീടുകളൊരുങ്ങുന്നു
കണ്ണൂരാൻ വാർത്ത
ഇരിട്ടി : അഞ്ചുവർഷം മുമ്പത്തെ മഹാപ്രളയത്തിൽ വീടുകൾ തകർന്ന്‌ പലായനം ചെയ്യേണ്ടി വന്ന പുഴ പുറമ്പോക്കിലെ താമസക്കാർക്ക്‌ കിളിയന്തറയിൽ 15 വീടുകൾ ഒരുങ്ങുന്നു. സർക്കാർ വിലയ്‌ക്ക്‌ വാങ്ങിയ സ്ഥലത്ത്‌ മുംബൈയിലെ ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനിയുടെ സി.എസ്‌.ആർ ഫണ്ട്‌ ഉപയോഗിച്ചാണ്‌ ഒരേക്കറിൽ പാർപ്പിട സമുച്ചയം ഒരുങ്ങുന്നത്‌. പൈലറ്റ്‌ പദ്ധതിയായി ഒരു വീടിന്റെ നിർമാണം പൂർത്തിയായി.
 പായം പഞ്ചായത്തിലെ കിളിയന്തറ അഞ്ചേക്കർ എന്ന സ്ഥലത്ത്‌ അഞ്ചര കോടിയിലധികം രൂപ മുടക്കിയാണ്‌ പദ്ധതിയൊരുങ്ങുന്നത്‌. മൂന്ന്‌ തട്ടാക്കി തിരിച്ച സ്ഥലത്താണ്‌ പാർപ്പിടം ഒരുങ്ങുന്നത്‌. ആദ്യനിരയിൽ ആറും രണ്ടാം നിരയിലെ ഉയർന്ന സ്ഥലത്ത്‌ നാലും ഏറ്റവും മുകളിലെ സ്ഥലത്ത്‌ നാലും വീടുകൾ പിരമിഡ്‌ മാതൃകയിലാണ്‌ ഒരുങ്ങുന്നത്‌. വീടുകളുടെ നിർമാണം അതിവേഗം പൂർത്തിയാവുന്നു. മെയ്‌ 31 നകം പൂർത്തികരിക്കാനാണ്‌

ലക്ഷ്യമെന്ന്‌ സ്ഥലം സന്ദർശിച്ച യൂണിലിവർ പ്രതിനിധി രാജഗോപാൽ പറഞ്ഞു. 2018 ആഗസ്തിൽ അർധരാത്രിയോടെയാണ്‌ കർണാടക വനത്തിൽ ഉരുൾപൊട്ടി കേരളതിർത്തിയിലെ കൂട്ടുപുഴ–മാക്കൂട്ടം പുഴ പുറമ്പോക്കിൽ താമസിച്ചിരുന്ന 15 കുടുംബങ്ങൾക്ക്‌ പലായനം ചെയ്യേണ്ടിവന്നത്‌. പായം പഞ്ചായത്തും രക്ഷാപ്രവർത്തകരും ചേർന്നാണ്‌ കുടുംബങ്ങളെ കിളിയന്തറ സെന്റ്‌ തോമസ്‌ ഹൈസ്‌കൂളിൽ താമസിപ്പിച്ചത്‌. പിന്നീടിത്‌ സർക്കാർ ദുരിതാശ്വാസ ക്യാമ്പായി. ജില്ലയിലെ ആദ്യ പ്രളയ ദുരിതാശ്വാസ ക്യാമ്പ്‌ കൂടിയായിരുന്നു ഇത്‌. കുടുംബങ്ങളെ പിന്നീട്‌ ഏറെക്കാലം വാടകവീടുകളിൽ താമസിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി ഇ.പി. ജയരാജനും ഇടപെട്ട്‌ വീടൊരുക്കാൻ സഹായം തേടിയതിന്റെ ഭാഗമായാണ്‌ യൂണിലിവർ കമ്പനി വീട്‌ നിർമാണം ഏറ്റെടുത്തത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രജനി, എൻ അശോകൻ, അനിൽ എം. കൃഷ്‌ണൻ, മുജീബ്‌ കുഞ്ഞിക്കണ്ടി, എം.എസ്‌. അമർജിത്ത്‌, പി.എൻ. ജസി എന്നിവരും യൂണിലിവർ പ്രതിനിധിക്കൊപ്പം നിർമാണ പ്രവൃത്തി വിലയിരുത്താനെത്തി. 


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത