കണ്ണൂർ : വിഷുസദ്യ ഗംഭീരമാക്കാൻ നൂറുകൂട്ടം പച്ചക്കറികൾ വേണം. എവിടെനിന്ന് വാങ്ങുമെന്ന് ആലോചിച്ച് സമയം കളയേണ്ട. കണ്ണൂർ സ്‌റ്റേഡിയം കോർണറിലെ കിസാൻ കൈരളി പ്രൊഡ്യൂസർ കമ്പനിയുടെ സ്‌റ്റാളിലേക്ക് വരൂ. നല്ല നാടൻ സദ്യയൊരുക്കാനുള്ള പച്ചക്കറികളെല്ലാം ഇവിടെ റെഡി.
ജില്ലയിലെ കർഷകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കർഷകസംഘം ജില്ലാ കമ്മിറ്റി കിസാൻ കൈരളി പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചത്. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണിയൊരുക്കുകയും മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുകയുമാണ് ലക്ഷ്യം. വെണ്ട, തക്കാളി, മത്തൻ, ഇഞ്ചി, ചേന, പച്ചമുളക്, വെള്ളരി, കുമ്പളം, പടവലം, കക്കിരി, പാവയ്‌ക്ക തുടങ്ങിയ പച്ചക്കറികൾക്ക് പുറമേ ഉണക്ക ചെമ്മീൻ, പാവയ്‌ക്ക കൊണ്ടാട്ടം തുടങ്ങിയവയെല്ലാം സ്‌റ്റാളിലുണ്ട്.
വിഷു പച്ചക്കറി വിപണനമേള എം.വി. ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. കമ്പനി ചെയർമാൻ എം. പ്രകാശൻ അധ്യക്ഷനായി.
കർഷകർ ഉൽപ്പാദിപ്പിച്ച മഞ്ഞളിൽനിന്നുണ്ടാക്കിയ മഞ്ഞൾ പൊടിയുടെ വിപണനോദ്‌ഘാടനം കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി നിർവഹിച്ചു. എ. സുരേന്ദ്രൻ ഏറ്റുവാങ്ങി. മികച്ച കാർഷിക പ്ലോട്ടുകൾക്കുള്ള പുരസ്‌കാരം വത്സൻ പനോളി വിതരണം ചെയ്തു. ഒന്നാം സമ്മാനം പേരാവൂർ ഏരിയയും രണ്ടാം സമ്മാനം മാടായി ഏരിയയും മൂന്നാം സമ്മാനം പാപ്പിനിശേരി ഏരിയയും നേടി. അക്ഷയ് എ. ഹരി, കെ.പി. സുധാകരൻ എന്നിവർ സംസാരിച്ചു. പുല്ലായിക്കൊടി ചന്ദ്രൻ സ്വാഗതവും എം.വി. ജന്യ നന്ദിയും പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു