ആദ്യം ‘ഹായ്’ എത്തി, പിന്നാലെ അർധനഗ്നയായി യുവതി; കണ്ണൂരിൽ ‘സെക്സ്റ്റോർഷൻ’ തട്ടിപ്പുകൾ പെരുകുന്നു
കണ്ണൂരാൻ വാർത്ത
കണ്ണൂർ : ഫെയ്സ്ബുക് മെസഞ്ചറിൽ ഒരു സുന്ദരിയുടെ ‘ഹായ്’ൽ കുരുങ്ങിപ്പോയ പയ്യന്നൂർ സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥന് നഷ്ടമായത് 33 ലക്ഷം രൂപ. ഉദ്യോഗസ്ഥൻ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നയാളാണ്. സുന്ദരിയുമായുള്ള ചാറ്റ് ഫെയ്സ്ബുക് മെസഞ്ചറിൽ നിന്ന് വാട്സാപ്പിലേക്ക് മാറി. വിഡിയോ കോൾ ചെയ്യാനായിരുന്നു സുന്ദരിയുടെ അടുത്ത ആവശ്യം.

അർധനഗ്നയായി യുവതി ക്യാമറയ്ക്ക് മുന്നിലെത്തി. നഗ്നനായി ക്യാമറയ്ക്ക് മുന്നിൽ വരാൻ ഉദ്യോഗസ്ഥനോട് സുന്ദരി ആവശ്യപ്പെട്ടു. അനുസരിച്ചു. ഇതെല്ലാം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് നടന്നതാണ്. അടുത്ത ദിവസം മുതൽ സുന്ദരിയുമില്ല, വിഡിയോ കോളുമില്ല. പക്ഷേ, അതൊരു തുടക്കം മാത്രമായിരുന്നു. യുവതിയുടെ അടുത്ത ബന്ധുവെന്ന് പറഞ്ഞു മറ്റൊരാൾ പിറ്റേന്ന് വിളി തുടങ്ങി.ഉദ്യോഗസ്ഥന്റെ നഗ്നദൃശ്യങ്ങൾ കയ്യിലുണ്ടെന്നും യു ട്യൂബിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കാതിരിക്കാൻ ഒരു ലക്ഷം രൂപ വേണമെന്നുമായിരുന്നു ആവശ്യം.
വിരണ്ടുപോയ ഉദ്യോഗസ്ഥന് അനുസരിക്കേണ്ടി വന്നു. യുവതിയുടെ ഭർത്താവിനെ അറിയിക്കുമെന്നായി അടുത്ത ഭീഷണി. 15,000 രൂപ മുതൽ 50,000 രൂപ വരെയുള്ള തുകകൾ ഇങ്ങനെ ഓരോ കാരണം പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പുകാർ പിടുങ്ങി. 

വീഡിയോ കോളിനിടെ യുവതിക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതായി പരാതിയുണ്ടെന്നും പറഞ്ഞ് ‘ഡൽഹി ക്രൈംബ്രാഞ്ചി’ൽ നിന്നാണെന്നും സി.ബി.ഐ.യിൽ നിന്നാണെന്നുമൊക്കെ പറഞ്ഞായി അടുത്ത ഭീഷണികൾ. ഏറ്റവുമൊടുവിൽ, യുവതി ആത്മഹത്യ ചെയ്തതായും ഉദ്യോഗസ്ഥന്റെ പേരെഴുതിയ പരാതിയും ഉദ്യോഗസ്ഥന്റെ നഗ്നദൃശ്യം തെളിവായി കയ്യിലുണ്ടെന്നുമുള്ള ഭീഷണിയുമെത്തി.10 ലക്ഷം രൂപ. നൽകാനായിരുന്നു ആവശ്യം. ഉദ്യോഗസ്ഥന് വഴങ്ങേണ്ടി വന്നു. ഒന്നര മാസത്തിനകം ഇയാൾക്ക് നഷ്ടപ്പെട്ടത് 33 ലക്ഷം രൂപ.
പിഎഫിൽ നിന്നടക്കം കടമെടുത്താണ് പണം നൽകിയത്. എന്നിട്ടും ഭീഷണി തുടർന്നതോടെ, ഇയാൾ കടുത്ത മാനസിക സമ്മർദത്തിലായി. ആത്മഹത്യയുടെ വക്കിലെത്തി. ഇതു ശ്രദ്ധിച്ച കുട്ടുകാരൻ നിർബന്ധിച്ചപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം പറഞ്ഞതും സൈബർ പൊലീസിൽ പരാതി നൽകിയതും. ഇത് ഒരാളുടെ മാത്രം അനുഭവമല്ല. സമാന രീതിയിൽ 2.5 ലക്ഷം രൂപ നഷ്ടപ്പെട്ട അറുപത്തിയഞ്ചുകാരനും കണ്ണൂരിലുണ്ട്. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ‘തേൻകെണി’യിൽ പെടുന്നുണ്ട്. 35 ലക്ഷം രൂപ നഷ്ടപ്പെട്ട സ്ത്രീയുടെ കഥയും കണ്ണൂരിലുണ്ട്. ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയാണ് ഇര. ഫെയ്സ്ബുക് വഴിയാണ് തട്ടിപ്പുകാരൻ, സ്ത്രീയെ പരിചയപ്പെട്ടത്. യു.എസിൽ ഡോക്ടറാണെന്ന് പറഞ്ഞ്, സുന്ദരൻ ഫോട്ടോയും അയച്ചു കൊടുത്തു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമേ സ്ത്രീക്കുള്ളു.

അതു സാരമില്ലെന്നും യു.എസിൽ നഴ്സിന്റെ ജോലി ശരിയാക്കാമെന്നും പറഞ്ഞാണ് പണം തട്ടിയെടുത്തത്. റജിസ്ട്രേഷന് 3 ലക്ഷം രൂപ, നഴ്സിങ് പരിശീലനത്തിന് 5 ലക്ഷം രൂപ തുടങ്ങി പല ആവശ്യങ്ങൾ ഉയർത്തി. സ്ത്രീയാകട്ടെ, കടം വാങ്ങിയും മറ്റും പണം കൃത്യമായി നൽകുകയും ചെയ്തു. വീസ തയാറാണെന്ന വാക്ക് വിശ്വസിച്ച സ്ത്രീ, ഡൽഹിയിലെ പ്രശസ്തമായ ട്രാവൽ ഏജൻസിയിൽ എത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. മാന്യമായി പ്രവർത്തിക്കുന്ന ഏജൻസിയുടെ പേരിൽ, അവരറിയാതെ പലരും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു.‘ സെക്സ്റ്റോർഷൻ’ വിഭാഗത്തിൽ പെടുന്ന ഇത്തരം തട്ടിപ്പുകളുടെ മുപ്പതോളം പരാതികളാണ് കഴിഞ്ഞ മാർച്ചിൽ മാത്രം കണ്ണൂർ സൈബർ പൊലീസിന് ലഭിച്ചത്. 

പരാതിപ്പെടേണ്ടതെങ്ങനെ? 

കെ.സനിൽകുമാർ, ഇൻസ്പെക്ടർ, സൈബർ പൊലീസ് സ്റ്റേഷൻ, കണ്ണൂർ

ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നതടക്കമുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നവർ അതു ശ്രദ്ധയിൽ പെട്ടാലുടൻ 1930 എന്ന നമ്പറിൽ വിളിച്ച് പരാതി റജിസ്റ്റർ ചെയ്യുക. പ്രാദേശികഭാഷയിൽ സഹായ നിർദേശങ്ങൾ ലഭിക്കും. cybercrime.gov.in പോർട്ടലിലും പരാതി നൽകാം. ബാങ്കിൽ നിന്നു പണം നഷ്ടപ്പെടുന്ന തട്ടിപ്പുകൾ, ഒന്നോ രണ്ടോ മണിക്കൂറിനകം 1930ൽ പരാതിപ്പെട്ടാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടും. 

പരിചയമില്ലാത്തവരുടെ ‘ഹായ്’ സന്ദേശങ്ങൾക്കു മറുപടി നൽകരുത്. രാത്രിയിലാണ് ഹായ്കളും വിഡിയോ കോളുകളും അധികവുമെത്തുക. സ്ത്രീകളുടെ ലൈവ് വിഡിയോ അല്ല, റെക്കോ‍‍ഡ് ചെയ്ത ദൃശ്യങ്ങളാണ് തട്ടിപ്പുകാർ കാണിക്കുന്നത്. പെട്ടെന്ന് തന്നെ സൈബർ പൊലീസിൽ പരാതി നൽകുക. പൊലീസ് ഇടപെട്ടുവെന്നറിയുന്ന നിമിഷം ഭീഷണിക്കാർ പിന്തിരിയും. മാനനഷ്ടവും ധനനഷ്ടവും ഒഴിവാക്കാം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത