സർക്കസ് കുലപതി ജെമിനി ശങ്കർ അന്തരിച്ചു
കണ്ണൂരാൻ വാർത്ത
കണ്ണൂർ : സർക്കസ് കുലപതിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ ജെമിനി ശങ്കരൻ(99) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 11.40 നായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നാലുദിവസമായി ചികിത്സയിലായിരുന്നു. തിങ്കൾ പകൽ 11 മുതൽ വാരത്തെ വീട്ടിൽ പൊതുദർശനത്തിന്‌ വയ്‌ക്കും. സംസ്കാരം ചൊവ്വാഴ്‌ച പയ്യാമ്പലത്ത്.

1924 ജൂൺ 13ന് തലശേരിക്കടുത്ത് കൊളശേരിയിൽ കവിണിശേരി രാമൻ നായരുടെയും മൂർക്കോത്ത് കല്യാണിയമ്മയുടെയും മകനായി ജനനം. ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തലശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ മൂന്നു വർഷം സർക്കസ് പഠിച്ചു. ഇതിനിടെ പലചരക്ക്‌ കച്ചവടം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിരമിച്ചു.

1946ൽ സർക്കസ് സ്വപ്നങ്ങളമായി തലശേരിയിൽ തിരിച്ചെത്തി. എം.കെ. രാമനിൽനിന്ന് തുടർപരിശീലനം നേടി. രണ്ടുവർഷത്തിനുശേഷം കൊൽക്കത്തയിലെത്തി ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. പിന്നീട് നാഷണൽ സർക്കസിൽ. ഹൊറിസോണ്ടൽ ബാർ, ഫ്ലൈയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്നു ശങ്കരൻ. റെയ്മൻ സർക്കസിലും അദ്ദേഹം ഏറെനാൾ ജോലിചെയ്തു. 1951ൽ വിജയ സർക്കസ് കമ്പനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മനക്ഷത്രമായ ജെമിനി എന്നു പേരിട്ടു. 1951 ആഗസ്‌ത്‌ 15ന് ഗുജറാത്തിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദർശനം. 1977 ഒക്ടോബർ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സർക്കസ് കമ്പനിയായ ജംബോ സർക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും.

സർക്കസിന്‌ നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് കേന്ദ്ര സർക്കാർ അദ്ദേഹത്തിന് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നൽകിയിരുന്നു. ഭാര്യ: പരേതയായ ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ (ഇരുവരും ജെമിനി ഗ്രാൻഡ്, ജംബോ സർക്കസുകളുടെ മാനേജിങ് പാർട്ണർമാർ), രേണു ശങ്കർ (ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ്, സുനിത അശോക്, പ്രദീപ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത