മിഷൻ സക്സസ്: അരിക്കൊമ്പന്‍ പെരിയാര്‍ വനമേഖലയിലേയ്ക്ക്
കണ്ണൂരാൻ വാർത്ത
ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനുമായി അതിസാഹസികമായ യാത്ര ആരംഭിച്ചു. കുമളി പെരിയാറിലെ സീനിയറോട വനമേഖലയിലേക്കാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. 122 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.
 
 ആനിമല്‍ ആംബുലന്‍സിന് മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങളുള്ള വലിയൊരു കോണ്‍വോയ് ആണ് ആനയുമായി കുമളിയിലേക്ക് പോകുന്നത്. രാത്രി ഒമ്പത് മണിയോടെ മാത്രമായിരിക്കും വാഹനം കുമളിയിലെത്തുക.

 ആനിമല്‍ ആംബുലന്‍സില്‍ വച്ച് യാത്രക്കിടെയും അരിക്കൊമ്പന്‍ പരാക്രമം തുടര്‍ന്നു. സാധാരണയായി ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി ഇരട്ട കൂടാണ് ആനിമല്‍ ആംബുലന്‍സില്‍ ഒരുക്കിയിട്ടുള്ളത്

വനംവകുപ്പിന്റെ സീനിയര്‍ വെറ്റിനറി ഓഫീസര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്‌. അഞ്ച് തവണയാണ് മയക്കുവെടി വെച്ചത്. 35 വയസ്സാണ് അരിക്കൊമ്പന്റെ പ്രായം. ചിന്നക്കനാലില്‍നിന്ന് ഏകദേശം മൂന്നരമണിക്കൂറോളം നീണ്ട യാത്രയാണ് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കുള്ളത്. അരുണ്‍ സക്കറിയ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംഘം അരിക്കൊമ്പനെ കൊണ്ടുപോകുന്ന വാഹനത്തെ അനുഗമിക്കുന്നു.

ചിന്നക്കനാല്‍-പവര്‍ഹൗസ്-ദേശീയപാത-പൂപ്പാറ-തേക്കടി മൂന്നാര്‍ സംസ്ഥാനപാതയിലൂടെ നെടുങ്കണ്ടം-കുമളി-വള്ളക്കടവ് റൂട്ടിലൂടെയാണ് അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോകുന്നത്. യാത്രയ്ക്ക് തടസമുണ്ടാകാതിരിക്കുന്നതിന് കുമളി പട്ടണത്തില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പ്രദേശത്തെ അക്രമികാരി ആയിരുന്നെങ്കിലും അരിക്കൊമ്പനെ മയക്കുവെടിവെച്ച് കൊണ്ടുപോകുന്നതില്‍ പ്രദേശവാസികളില്‍ ചിലര്‍ സങ്കടം പ്രകടിപ്പിച്ചിരുന്നു.

ശനിയാഴ്ച രാവിലെ 11.54-നാണ് ആദ്യം മയക്കുവെടി വെച്ചത്. രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് 12.43-നുമാണ് നല്‍കിയത്. തുടര്‍ന്ന് മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഡോസ് രണ്ടുമണിയോടെ നല്‍കി. ഇതോടെയാണ് ആന മയങ്ങിയത്. തുടര്‍ന്ന് ആനയെ ലോറിയിലേക്ക് കുങ്കിയാനകളായ കോന്നി സുരേന്ദ്രന്‍, സൂര്യന്‍, കുഞ്ചു, വിക്രം എന്നീ നാല് കുങ്കിയാനകളാണ് ഓപ്പറേഷന്‍ അരിക്കൊമ്പനില്‍ പങ്കെടുത്തത്. ലോറിയിലേക്ക് കയറ്റുന്നതിനിടെ പ്രദേശത്ത് കനത്തമഴ പെയ്തു. ഇത് ദൗത്യത്തിന് തടസ്സം സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ന്നെങ്കിലും അത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ആനയെ വിജയകരമായി ലോറിയില്‍ കയറ്റി റേഡിയോ കോളര്‍ ഘടിപ്പിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത