റേഷന്‍ കട അടച്ചിടൽ സെർവർ തകരാറിന്‌ ഇന്ന്‌ പരിഹാരമാകും: മന്ത്രി ജി.ആര്‍. അനില്‍
കണ്ണൂരാൻ വാർത്ത
തലശേരി : ഇ-പോസ് മെഷീന്റെ സെർവർ തകരാറിനെ തുടർന്ന് റേഷൻ കടകൾ അടച്ചിട്ട പ്രശ്‌നത്തിന് ശനിയാഴ്ച പരിഹാരമാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സെർവർ തകരാറ് പരിഹരിക്കാനാണ് റേഷൻ കടകൾ അടച്ചിട്ടത്. സംഭവത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഇൻഫർമേറ്റിക് സെന്ററിനാണ് സെർവറിന്റെ സാങ്കേതിക മേൽനോട്ട ചുമതലയെന്നും മന്ത്രി പറഞ്ഞു. ചിറക്കരയിലെ സുഭിക്ഷ ഹോട്ടലും കിടപ്പ് രോഗികളുടെ റേഷൻ വിഹിതം വീടുകളിലെത്തിക്കുന്ന ഒപ്പം പദ്ധതിയുടെ ജില്ലാ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
  
 കേരളത്തിൽ 64004 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അത്തരക്കാർക്ക് മെച്ചപ്പെട്ട ജീവിതം പ്രധാനം ചെയ്യുകയാണ് ഇപ്പോൾ. ഇതിൽ 5219 കുടുംബങ്ങൾക്ക് അന്ത്യോദയ അന്നയോജന കാർഡ് നൽകുകയും സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. അതിദാരിദ്ര്യ നിർമാർജനം എന്ന ലക്ഷ്യത്തോടെയാണ് ‘ഒപ്പം’ പദ്ധതി നടപ്പാക്കുന്നത്. അവശത കാരണം റേഷൻ കടകളിൽ നേരിട്ട് എത്താൻ കഴിയാത്തവർക്കാണ് സേവന സന്നദ്ധരായ ഓട്ടോ തൊഴിലാളികൾ മുഖേന റേഷൻ വിഹിതം വീടുകളിലെത്തിക്കുന്നത്‌. 
  
ജില്ലയിൽ ആദ്യ ഘട്ടത്തിൽ പ്രയാസം നേരിടുന്ന 60 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഒരുമ സ്വാശ്രയ സംഘത്തിന്റെ സഹകരണത്തോടെയാണ് ചിറക്കരയിൽ ഹോട്ടൽ ആരംഭിച്ചത്. സർക്കാർ നൽകുന്ന അഞ്ച് രൂപ സബ്‌സിഡിയോടെ 20 രൂപക്കാണ് ഊണ് ലഭിക്കുക. ഭക്ഷണത്തിന് പണമില്ലാതെ പ്രയാസം നേരിടുന്നവർക്ക് ഊണ് സൗജന്യമാണെന്നും മന്ത്രി പറഞ്ഞു. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷനായി. നഗരസഭാ ചെയമാൻ കെ.എം. ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, കൗൺസിലർ കെ. ഭാർഗവൻ, ജില്ലാ സപ്ലൈ ഓഫീസർ കെ. അജിത് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ എസ്. മധുസൂദനൻ, ഒരുമ സ്വയംസഹായ സംഘം സെക്രട്ടറി എ.വി. രാജീവ്, രാഷ്ട്രീയ പാർടി, തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത