വൈദ്യുതി ബില്ലടച്ചോ എന്ന് ചോദിച്ചു, പിന്നാലെ അക്കൗണ്ടിൽ നിന്ന് അടിച്ചുമാറ്റിയത് 9.5 ലക്ഷം രൂപ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇതാണിപ്പോൾ പലരെയും കുരുക്കുന്ന ചോദ്യം. വൈദ്യുതി ബില്ല് അടച്ചിട്ടില്ലെന്നും ഉടൻ അടയ്ക്കണമെന്നും അതിനു ബന്ധപ്പെടേണ്ട ഓഫിസറുടെ മൊബൈൽ നമ്പർ സഹിതം ഒരു എസ്എംഎസ് വരും. വിളിച്ചാൽ, മലയാളത്തിൽ തന്നെയായിരിക്കും നിർദേശങ്ങൾ. പണം അടച്ചിട്ടുണ്ടെന്നു പറഞ്ഞാൽ, അത് അപ്ഡേറ്റഡ് ആയിട്ടില്ലെന്നും 5 രൂപ കൂടി അടച്ചാൽ അപ്ഡേറ്റ് ആകുമെന്നും പറയും.
അതിനുള്ള ലിങ്കും നൽകും. 5 രൂപയല്ലേ, പോകുന്നെങ്കിൽ പോകട്ടെയെന്നു കരുതി ആളുകൾ അതിൽ കയറി 5 രൂപ അയക്കും. കെഎസ്ഇബിയുടെ സൈറ്റിന്റെ അതേ മാതൃകയിലുള്ളതായിരിക്കും ഈ സൈറ്റ് എന്നതിനാൽ ആരും സംശയിക്കില്ല. ഇതോടെ, ഉപയോക്താവിന്റെ മൊബൈലോ കംപ്യൂട്ടറോ മിറർ ചെയ്യാൻ തട്ടിപ്പുകാരനു കഴിയുന്നു. തുടർന്ന്, നെറ്റ് ബാങ്കിങ് യൂസർ നെയിം, പാസ്‌വേഡ് തുടങ്ങിയ വിശദാംശങ്ങളെല്ലാം ചോർത്തും. ഈ രീതിയിലുള്ള തട്ടിപ്പ് വ്യാപകമാണ്. ആയിരങ്ങളും പതിനായിരങ്ങളുമാണ് ഈ രീതിയിൽ പലർക്കും നഷ്ടപ്പെട്ടത്.

അനാവശ്യവും സുരക്ഷിതമല്ലാത്തതുമായ ഒട്ടേറെ ആപ്പുകൾ മുൻപിൻ നോക്കാതെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നവരും ഇരകളായിട്ടുണ്ട്. എസ്എംഎസ് ഫോർവേഡ് ആപ്പുകളും ഇപ്പോൾ ധാരാളമുണ്ട്. യഥാർഥ അക്കൗണ്ട് ഉടമയുടെ മൊബൈലിൽ എത്തുന്നതിനു പകരം, തട്ടിപ്പുകാരന്റെ മൊബൈലിലാണ് ഒടിപി എത്തുക. ഫലത്തിൽ, ഒടിപി വേണ്ടതും വേണ്ടാത്തതുമായ ഇടപാടുകളെല്ലാം തട്ടിപ്പുകാരനു സ്വന്തം കംപ്യൂട്ടറിലോ ഫോണിലോ ചെയ്യാൻ പറ്റും.

പല ബാങ്കുകളുടെയും ആപ്പുകൾ ക്ലോൺ ചെയ്തു തട്ടിപ്പു നടത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. പ്രമുഖ ബാങ്കിന്റെ ക്ലോൺ ആപ്പിലൂടെ തട്ടിപ്പുകാർ പയ്യന്നൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് അടിച്ചുമാറ്റിയത് 9.5 ലക്ഷം രൂപയാണ്. യഥാർഥ ബാങ്കിങ് ആപ്പിനു പകരം ഇയാൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തത് ക്ലോൺ ചെയ്ത തട്ടിപ്പ് ആപ്പായിരുന്നു.

ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലുള്ള പരസ്യങ്ങളുടെ ലിങ്കുകളും ഇത്തരം തട്ടിപ്പുകളിലേക്കുള്ള ചൂണ്ടയാണ്. കാഷ് ഓൺ ഡെലിവറിയെന്നൊക്കെ ആദ്യം കാണിക്കുമെങ്കിലും പിന്നീട് അതു വർക്ക് ചെയ്യുന്നില്ലെന്നും കാണിക്കും. ഇതോടെ, അപ്പോൾ തന്നെ പണമടയ്ക്കാൻ നിർദേശം വരും. പണമടക്കാനുള്ള ലിങ്ക്, മിറർ ചെയ്യാനുള്ള ലിങ്കായിരിക്കുമെന്നു മാത്രം.

വിൽപനയിലും കെണി

ചില സാധനങ്ങൾ വിൽക്കാനുണ്ടെന്നു പറഞ്ഞും പണം തട്ടാറുണ്ട്. ഒഎൽഎക്സിലും മറ്റു വിൽപന സൈറ്റുകളിലും തട്ടിപ്പുകാർ വാഹനത്തിന്റെ ഫോട്ടോ ഇടും. വിളിക്കുന്നവരോട്, ‘സിഐഎസ്എഫ്’ ഉദ്യോഗസ്ഥനാണെന്നും കണ്ണൂർ വിമാനത്താവളത്തിൽ നിന്നു സ്ഥലം മാറിപ്പോവുകയാണെന്നും പറയും. വൻ വിലക്കുറവിൽ വാഹനം വാഗ്ദാനം ചെയ്യും. ടോക്കൺ എന്ന നിലയിൽ അഞ്ചോ പത്തോ രൂപ അയക്കാൻ ആവശ്യപ്പെട്ട ഒരു ലിങ്ക് നൽകും. ഇത്, മിറർ ആപ്പുകളുടെ ലിങ്കായിരിക്കും. ഈ രീതിയിലും പലർക്കും കണ്ണൂർ ജില്ലയിലും പണം നഷ്ടപ്പെട്ടിട്ടുണ്ട്. 

തട്ടിപ്പിൽ പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് 

∙ നമ്മുടെ അക്കൗണ്ടിലേക്കു ഗൂഗിൾ പേ പോലുള്ള ഓൺലൈൻ ആയി ഏതു രീതിയിൽ പണം വന്നാലും ബാങ്കോ ഗൂഗിൾ പേ പോലുള്ള ഓൺലൈൻ പേയ്മെന്റ് സേവന ദാതാക്കളോ കോഡ്, ഒടിപി എന്നിവ ഒരിക്കലും ചോദിക്കില്ല,

∙ പരിചയമില്ലാത്ത ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.

∙ ബിൽ തുക അടച്ചത് അപ്ഡേറ്റഡ് ആക്കാൻ 5 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ട് ഒരിക്കലും കെഎസ്ഇബിയിൽ നിന്നു വിളിക്കില്ല. ബിൽ തുകയും കുടിശികയും അറിയിക്കാൻ അവർക്ക് ഔദ്യോഗികമായ വഴികളുണ്ട്. ഓൺലൈൻ പേയ്മെന്റ് പൂർണമായിട്ടില്ലെങ്കിൽ, അപ്പോൾ തന്നെ അത് വ്യക്തമാകും. ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുക.ഗൂഗിൾ വഴി ഫോൺ നമ്പർ തിരയരുത്.

പെട്ടാൽ?

∙ 1930 എന്ന നമ്പറിൽ വിളിച്ച് പരാതി റജിസ്റ്റർ ചെയ്യുക.
∙ cybercrime.gov.in പോർട്ടലിലും പരാതി നൽകാം.
∙ തട്ടിപ്പ് ശ്രദ്ധയിൽ പെട്ടാലുടൻ പരാതി നൽകാൻ ഓർക്കുക.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha