ഈസ്റ്റർ, വിഷു: നാട്ടിലേക്ക് ടിക്കറ്റില്ലാതെ വഴിമുട്ടി ബെംഗളൂരു മലയാളികൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : അവധിക്ക് ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കെത്താൻ വഴിയില്ലാതെ മലയാളികൾ ദുരിതത്തിൽ. എല്ലാ ആഘോഷ കാലത്തും മലയാളികൾ അനുഭവിക്കുന്ന ദുരിതത്തിൽ ഇക്കുറിയും അറുതിയില്ല. ഈസ്റ്ററിനും വിഷുവിനും നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ കിട്ടാത്ത സ്ഥിതിയാണ്. സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുമില്ല. യാത്രാദുരിതം തീർക്കാൻ ഈ റൂട്ടിൽ സ്പെഷൽ ട്രെയിൻ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾക്ക് കഴുത്തറുപ്പൻ നിരക്കാണ് ഈടാക്കുന്നത്. അധികതുക ചെലവാക്കിയെങ്കിലും ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചാലും സീറ്റുകൾ പരിമിതം. ഈസ്റ്ററിന് ശേഷവും വിഷുവിന് ശേഷവും തിരികെപ്പോകാനുള്ള ടിക്കറ്റിന്റെ സ്ഥിതിയും ഇതുതന്നെ. തത്കാൽ ടിക്കറ്റ് ഓൺലൈൻ ആയി എടുക്കാനുള്ള ബുദ്ധിമുട്ടും യാത്രക്കാരെ വലയ്ക്കുന്നു. യാത്ര പുറപ്പെടുന്നതിന്റെ തലേന്നു മാത്രമേ തത്കാൽ ബുക് ചെയ്യാനാകൂ എന്നതിനാൽ സീറ്റ് ഉറപ്പിക്കാതെ യാത്ര നടക്കുമോയെന്ന ആശങ്കയും ഇവർക്കുണ്ട്.

സ്വകാര്യ ബസ്സുകളും ആഘോഷ വേളകളിൽ അധികനിരക്ക് ഈടാക്കുന്നത് യാത്രക്കാർക്ക് തിരിച്ചടിയാണ്. ഇരട്ടിയിലേറെയാണ് ആഘോഷദിനങ്ങളിൽ ബസ് നിരക്ക് കൂട്ടുന്നത്. മൂന്നോ നാലോ പേരുണ്ടെങ്കിൽ യാത്ര കാറിലേക്കു മാറ്റുന്നതാണ് ലാഭകരവും സൗകര്യപ്രദവുമെന്നും ബെംഗളൂരു മലയാളികൾ പറയുന്നു. 
ആഘോഷ ദിവസങ്ങളിൽ മാത്രമല്ല, വേനലവധിക്കാലമായ മേയ് അവസാനം വരെ ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് ഈ റൂട്ടുകളിൽ ട്രെയിൻ ടിക്കറ്റ് ബാക്കിയുള്ളത്. ഈസ്റ്റർ, വിഷു ദിനങ്ങളിലും തൊട്ടടുത്ത ദിവസങ്ങളിലും വിമാന ടിക്കറ്റ് നിരക്കും സാധാരണ ദിനങ്ങളുടെ ഇരട്ടിയോളമാണ്. 

ആഘോഷ ദിവസങ്ങളിലെയും വേനലവധിക്കാലത്തെയും തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ സ്പെഷൽ ട്രെയിനുകൾ ഓടിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പലപ്പോഴും സ്പെഷൽ ട്രെയിനുകൾ ഓടിക്കുമ്പോൾ അറിയിപ്പ് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ മാത്രമാണ് ലഭിക്കുന്നത്. ഒന്നോ രണ്ടോ ആഴ്ചകൾക്കു മുൻപേ ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചാൽ യാത്ര ട്രെയിനിലേക്ക് മാറ്റാൻ സാധിക്കുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. 

ടിക്കറ്റില്ലാ ട്രെയിനുകൾ

∙ രാത്രി 8ന് യശ്വന്ത്പുരയിൽ നിന്ന് പുറപ്പെട്ട് രാവിലെ 9.45ന് കണ്ണൂരിലെത്തുന്ന എക്സ്പ്രസിന് 29ന് ശേഷം ഉറപ്പുള്ള ടിക്കറ്റ് കിട്ടണമെങ്കിൽ വിഷുവിന് ശേഷം ഏപ്രിൽ 17വരെ കാക്കണം. ബെംഗളൂരു – കണ്ണൂർ എക്സ്പ്രസിൽ ഈസ്റ്ററിനും വിഷുവിനും ഇടയിൽ ഏപ്രിൽ 9, 10, 11 തീയതികളിൽ മാത്രമാണ് നിലവിൽ കൺഫേം ടിക്കറ്റ് ലഭിക്കുക. 

∙ യശ്വന്ത്പുര–കണ്ണൂർ പ്രതിവാര ട്രെയിനിൽ ടിക്കറ്റുണ്ടെങ്കിലും യാത്ര ചെയ്യണമെങ്കിൽ രണ്ടു ദിവസം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. രാത്രി 12.22ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.22നേ കണ്ണൂരിൽ എത്തിച്ചേരൂ.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha