സ്പീക്കർ വാക്ക് പാലിച്ചു; ആറളത്ത് ആനമതിലൊരുക്കാൻ വീണ്ടും തീരുമാനം
കണ്ണൂരാൻ വാർത്ത
ഇരിട്ടി : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ വീട് സന്ദർശിച്ചപ്പോൾ സ്പീക്കർ എ.എൻ.ഷംസീർ നൽകിയ വാക്ക് പാലിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാലൻ, എ.കെ.ശശീന്ദ്രൻ, സണ്ണി ജോസഫ് എം.എൽ.എ, ചീഫ് വൈൽഡ് ലൈഫ് വാർഡന്മാരായ ബെന്നിച്ചൻ തോമസ്, ഗംഗ സിങ് എന്നിവരെ പങ്കെടുപ്പിച്ച് വിളിച്ചു ചേർത്ത യോഗത്തിൽ ആറളം ഫാം – വന്യജീവി സങ്കേതം അതിർത്തിയിൽ കാട്ടാനക്കൂട്ടത്തെ പ്രതിരോധിക്കുന്നതിനായി കോൺക്രീറ്റ് – കരിങ്കൽ മതിൽ തന്നെ യാഥാർഥ്യമാക്കാൻ തീരുമാനിച്ചു.

ആന പ്രതിരോധ മതിൽ പണിയുന്നതിനായി 53.234 കോടി രൂപയാണ് പുതിയ എസ്റ്റിമേറ്റ്. ഇതിൽ 22 കോടി രൂപയ്ക്ക് നാലു വർഷം മുൻപേ ഭരണാനുമതി ലഭിച്ചതാണ്. ബാക്കി തുക അനുവദിക്കുന്നതിനായി ഇന്ന് സ്പെഷൽ വർക്കിങ് ഗ്രൂപ്പ് ചേരാൻ നിർദേശം നൽകിയതായി ധനമന്ത്രി യോഗത്തെ അറിയിച്ചു. സംസ്ഥാനത്ത് വന്യമൃഗ ആക്രമണ സംഭവങ്ങളിൽ നഷ്ടപരിഹാര കുടിശിക വിതരണം ചെയ്യാൻ 19 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരം നൽകുന്നതിന് പുറമേ താൽക്കാലിക ജീവനക്കാരുടെ ശമ്പളം ഉടൻ നൽകണമെന്നും കാട്ടാന ആക്രമണത്തിൽ മരിച്ച രഘുവിന്റെ മകളുടെ പഠനം പട്ടികവിഭാഗ വകുപ്പ് ഏറ്റെടുക്കണമെന്നും സ്പീക്കർ നിർദേശിച്ചു.

ഭാവിയിൽ ആറളം മേഖലയിൽ വന്യജീവികളുടെ ആക്രമണം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജിത നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി അറിയിച്ചു. ആനപ്രതിരോധ മതിൽ നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വകുപ്പുകളുടെ യോഗം സഭാ സമ്മേളന കാലയളവിൽ വിളിച്ചു ചേർക്കും.

മതിൽ പണി തീരാൻ കാലതാമസം നേരിടുന്നതിനാൽ താൽക്കാലിക സംവിധാനം എന്ന നിലയിൽ സോളർ തൂക്കുവേലി സ്ഥാപിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ എസ്റ്റിമേറ്റ് സമർപ്പിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചതായി സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. ഞായറാഴ്ച രഘുവിന്റെ വീട് സന്ദർശിച്ചപ്പോൾ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നുവെന്നും നിയമസഭാ സമ്മേളനത്തിനിടെ ബന്ധപ്പെട്ട മന്ത്രിമാരെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരുമെന്നും സ്പീക്കർ കുടുംബാംഗങ്ങൾക്കും പ്രദേശവാസികൾക്കും ഉറപ്പ് നൽകിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത