കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര; വിപുലമായ ഒരുക്കം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 7 March 2023

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര; വിപുലമായ ഒരുക്കം

കണ്ണൂർ : രാജ്യാന്തര വിമാനത്താവളത്തിൽ ഹജ് പുറപ്പെടൽ കേന്ദ്രം അനുവദിച്ച സാഹചര്യത്തിൽ ഹജ് ക്യാംപ് സജ്ജമാക്കാൻ തയാറെടുപ്പുകൾക്ക് വിവിധ വകുപ്പുകൾക്ക് നിർദേശം. മേയ് ഇരുപതോടെ ക്യാംപ് ആരംഭിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. അതിനും ഒരാഴ്ച മുൻപേ സൗകര്യങ്ങളെല്ലാം പൂർണ സജ്ജമാക്കാനാണ് വകുപ്പുകൾക്ക് നൽകിയ നിർദേശം. എ.ഡി.എം കെ.കെ. ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓരോ വകുപ്പും ക്യാംപിന് ആവശ്യമായ മുന്നൊരുക്കം നടത്തണം. ഒരു ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തണമെന്നും നിർദേശിച്ചു.

ഹജ്ജിന് പോകുന്നവർക്ക് 2 ഡോസ് കോവിഡ് വാക്സീൻ നിർബന്ധമാണ്. വാക്സീൻ എടുക്കാത്തവരുണ്ടെങ്കിൽ അവർക്ക് താലൂക്ക് ആശുപത്രികളിൽ ആരോഗ്യ വകുപ്പ് സൗകര്യം ഏർപ്പെടുത്തും. വിമാനത്താവളത്തിൽ ഹാജിമാർ 24 മണിക്കൂർ മുൻപേ എത്തേണ്ടി വരും. അവർക്ക് വിശ്രമിക്കാനുള്ള സൗകര്യം, 24 മണിക്കൂറും ആരോഗ്യ സേവനം എന്നിവയ്ക്കുള്ള ക്രമീകരണം ഏർപ്പെടുത്തും. ഇതിനായി സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചതായി സംസ്ഥാന ഹജ് കമ്മിറ്റി അസി. സെക്രട്ടറി മുഹമ്മദ് അലി പറഞ്ഞു. 

കേരളത്തിൽ നിന്ന് പതിനായിരത്തിനും പന്ത്രണ്ടായിരത്തിനും ഇടയിൽ പേർ ഹജ്ജിന് പോകുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ 3000-3500 പേർ കണ്ണൂർ വിമാനത്താവളം തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾക്ക് പുറമേ കോഴിക്കോട് ജില്ലയുടെ വടകര താലൂക്കിൽ ഉൾപ്പെട്ടവരും കണ്ണൂരിനെ ആശ്രയിക്കും. ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ ഇവിടെ സജ്ജമാക്കേണ്ടതുണ്ടെന്ന് ഹജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പറഞ്ഞു.

ഇന്നലെ വരെ ലഭിച്ച ഹജ് അപേക്ഷകളിൽ 2527 പേരാണ് പുറപ്പെടൽ കേന്ദ്രമായി കണ്ണൂർ വിമാനത്താവളം തിരഞ്ഞെടുത്തിട്ടുള്ളത്. കോഴിക്കോടാണ് ഏറ്റവുമധികം പേർ തിരഞ്ഞെടുത്തത്-9249. കൊച്ചിയിൽ നിന്നു യാത്ര പുറപ്പെടാൻ 3166 പേരും താൽപര്യം പ്രകടിപ്പിച്ചു. 10 വരെയാണ് അപേക്ഷിക്കാനുള്ള സമയം. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി ഇല്ലാത്തതിനാൽ കണ്ണൂരിലായിരിക്കും വൈഡ് ബോഡി വിമാനങ്ങൾ എത്തുകയെന്നും ഹജ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

യോഗത്തിൽ ഡപ്യൂട്ടി കലക്ടർ(എൽ.ആർ) പി.ഷാജു, അഡിഷനൽ എസ്.പി എ.വി. പ്രദീപ്, ഫയർ ആൻഡ് റസ്‌ക്യു സ്റ്റേഷൻ ഓഫിസർ കെ.വി. ലക്ഷ്മണൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog