കുട്ടികളുടെ പിറന്നാൾ ദിനം പഠനോത്സവമാക്കി വിളക്കോട് ഗവ: യു.പി.സ്കൂൾ
കണ്ണൂരാൻ വാർത്ത
കണ്ണൂർ : കുട്ടികളെല്ലാവരും ചേർന്ന് തനിക്കായി പാടുന്ന ഗാനം കേട്ട് അങ്ങനെ ആകാശത്തോളമുയരുക, സ്വന്തം പേരിലൊരു ചെടി സ്കൂൾ മുറ്റത്ത് നടുക. ആ ചെടി വളരുമ്പോൾ അതെക്കുറിച്ച്‌ മറ്റുകുട്ടികളെല്ലാവരും പഠിക്കുക... ഇതിലുമേറെ സന്തോഷം ഒരു കുട്ടിക്കും തന്റെ പിറന്നാൾ ദിനത്തിലുണ്ടാവില്ല. ഇങ്ങനെ ഓരൊ കുട്ടിയുടെയും പിറന്നാളാഘോഷം എല്ലാവർക്കും ഉപകരിക്കുന്ന രീതിയിൽ പഠനപ്രവർത്തനമാക്കുകയാണ്‌ ഇരിട്ടിക്കടുത്ത വിളക്കോട്‌ ഗവ. യുപി സ്‌കൂൾ. 
മിഠായി വിതരണവും പായസം നൽകലുമൊക്കെയായി നടക്കുന്ന പതിവ്‌ രീതികളെയാണ്‌ സ്‌കൂൾ പൊളിച്ചെഴുതിയത്‌. കാർഡുകൾ അയക്കൽ മുതൽ ഗണിതകേളികളും ചരിത്രപഠനവും വായനക്കുറിപ്പുകളുമൊക്കെയായി വ്യത്യസ്‌ത അനുഭവമാക്കുകയാണിവിടെ ജന്മദിനങ്ങൾ. 
    
പ്രീപ്രൈമറി മുതൽ 458 കുട്ടികളുള്ള സ്‌കൂളിൽ മിക്കവാറും ദിവസങ്ങളിൽ പിറന്നാളാഘോഷമുണ്ടാകും. സ്‌കൂളിലേക്ക്‌ പുസ്‌തകങ്ങൾ, പച്ചക്കറികൾ, വിത്തുകൾ തുടങ്ങിയവ നൽകുന്നതിനൊപ്പം വ്യത്യസ്‌തമായ പഠനപ്രവർത്തനമാണ്‌ ഏറ്റെടുക്കുന്നത്‌. എല്ലാവർക്കും ജന്മദിന പതക്കം നൽകുന്നതിലൂടെ ആഘോഷത്തിന്റെ ഓർമ നിലനിർത്തുന്നു. 

ആശംസാ കാർഡ്‌ തയ്യാറാക്കി അയക്കുന്നതിലൂടെ തപാൽ ഓഫീസിന്റെ പ്രവർത്തനങ്ങളാണ്‌ കുട്ടികൾ പഠിക്കുന്നത്‌. കാർഡുകൾ തപാൽ പെട്ടിയിൽ നിക്ഷേപിക്കുകയും അത്‌ ശേഖരിച്ച്‌ കൃത്യമായ ദിവസം കുട്ടികളിലെത്തിക്കുകയും ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി, അറബിക്‌, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലെല്ലാമുള്ള കാർഡുകൾ രക്ഷിതാക്കളുടെ സഹായത്തോടെയാണ്‌ ഒരുക്കുന്നത്‌. 
  
ഗണിതപഠനവുമായി ബന്ധപ്പെടുത്തിയാണ്‌ ജന്മദിന കലണ്ടർ നിർമിക്കുന്നത്‌. മഹാന്മാരുടെ ജന്മദിനത്തിൽ ജനിച്ച കുട്ടികൾ അവരെക്കുറിച്ച്‌ വായനക്കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുംപിറന്നാൾ ദിവസം കുട്ടികൾ സ്‌കൂളിന്‌ സമ്മാനിക്കുന്ന പൂച്ചെടികൾ നിരീക്ഷിച്ച്‌ വളർച്ചയും പ്രത്യേകതകളും അടങ്ങുന്ന കുറിപ്പുകൾ തയ്യാറാക്കുകയാണ്‌ ശാസ്‌ത്രപഠനത്തിൽ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജില്ല മികവുത്സവത്തിൽ ഒന്നാംസ്ഥാനവും സ്കൂളിനാണ്. കുട്ടികളിൽ വിവിധങ്ങളായ ആശയങ്ങൾ നിറയ്‌ക്കാൻ ഇതുവഴി കഴിഞ്ഞതായി പ്രധാനാധ്യാപകൻ സി. മുരളീധരൻ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത