പയ്യന്നൂർ: ഉരുകുന്ന ഈ ചൂടുകാലത്തും പാസ്പോർട്ട് വേണോ. എങ്കിൽ വെയിൽ കൊള്ളൽ നിർബന്ധമാണ്. കയറിനിൽക്കാൻ മരത്തണൽപോലുമില്ലാതെ ദുരിതം പേറുകയാണ് പയ്യന്നൂർ പാസ്പോർട്ട് സേവാകേന്ദ്രത്തിലെത്തുന്നവർ. പാസ്പോർട്ട് സേവാകേന്ദ്രത്തിലെത്തുന്നവരുടെ പ്രയാസം നിരവധി തവണ വാർത്തയായെങ്കിലും ബന്ധപ്പെട്ടവർ പരിഹാരം കാണുന്നില്ല.
കണ്ണൂർ, കാസർകോട് ജില്ലകളിലെ നൂറുകണക്കിന് അപേക്ഷകരാണ് പ്രതിദിനം ഈ കേന്ദ്രത്തിലെത്തുന്നത്. രാവിലെ 10 മുതൽ ഓഫിസിലെത്തുന്നവർ വിളി കാത്ത് ഓഫിസിനു പുറത്തു കാത്തു നിൽക്കണം. വിളി വന്നാൽ മാത്രമേ അകത്തെ ശീതീകരിച്ച മുറികളിലേക്ക് പ്രവേശനമുള്ളൂ.
എപ്പോൾ വിളിക്കുമെന്നറിയാത്തതിനാൽ ഓഫിസിനു മുന്നിൽ വെയിൽ കൊണ്ടു തന്നെ നിൽക്കണം. മഴക്കാലമായാൽ മഴയും നനയണം. കോടികൾ ചെലവിട്ടാണ് കേന്ദ്രങ്ങൾ തുടങ്ങിയത്. അടുത്ത് സേവനമെത്തിക്കാനാണ് സ്വകാര്യ മേഖലയിൽ വികേന്ദ്രീകൃത സേവാകേന്ദ്രം തുടങ്ങിയത്. ഇതാണ് ദുരിതകേന്ദ്രമായി മാറിയത്. ചെറിയ തുകയുണ്ടായാൽ മുന്നിൽ പന്തൽ നിർമിക്കാം.
വെയിൽ കൊള്ളണമെന്നു മാത്രമല്ല ഇരിക്കാൻ ബെഞ്ചുപോലും ഇല്ല. മറ്റ് ഓഫിസുകൾ സന്ദർശകർക്കിരിക്കാൻ സ്ഥലസൗകര്യങ്ങൾ നൽകുമ്പോഴാണ് പാസ്പോർട്ട് അധികൃതർ ഉപഭോക്താവിനെ വെയിലത്തും മഴയത്തും നിർത്തുന്നത്. എന്നാൽ അകത്തു കയറിയാൽ ശീതീകരിച്ച വിശാലമായ മുറിയിൽ ഇരിപ്പിടങ്ങൾ ഉണ്ടുതാനും. അതുകൊണ്ട് പേരൊന്നു വിളിച്ചുകിട്ടാനാണ് കേന്ദ്രത്തിലെത്തുന്നവരുടെ പ്രാർഥന.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു