ഇനിയും തുറക്കാതെ ഇരിട്ടി മിനി വൈദ്യുതഭവൻ
കണ്ണൂരാൻ വാർത്ത

ഇരിട്ടി : കെ.എസ്.ഇ.ബി.യുടെ മൂന്ന് ഓഫീസുകളെ ഒരു കുടക്കീഴിലാക്കി ഇരിട്ടിയിൽ മിനി വൈദ്യുതഭവന് വേണ്ടി നിർമിച്ച കെട്ടിടം പൂർത്തിയായിട്ട് മാസങ്ങളായെങ്കിലും തുറക്കാൻ നടപടിയില്ല.

പെയിന്റിങ് വരെ പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങിയ കെട്ടിടത്തിന്റെ പുതുമോടി മാഞ്ഞുകൊണ്ടിരിക്കുകയാണ്. ഇരിട്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഡിവിഷൻ, സബ് ഡിവിഷൻ, സെക്ഷൻ ഓഫീസുകൾക്കാണ് പയഞ്ചേരിമുക്കിന് സമീപം കെ.എസ്.ഇ.ബി.യുടെ സ്വന്തം ഭൂമിയിൽ മിനി വൈദ്യുതിഭവൻ പൂർത്തിയാക്കിയത്.

മിനിഭവൻ പ്രവർത്തനക്ഷമമായാൽ കെ.എസ്.ഇ.ബി.എക്‌സിക്യുട്ടീവ് എൻജിനിയർ, അസി. എക്‌സിക്യുട്ടീവ് എൻജിനിയർ, അസി. എൻജിനിയർ എന്നിവരുടെ ഓഫീസുകൾ ഒരേ സ്ഥലത്ത് പ്രവർത്തിക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും. നിലവിൽ കെ.എസ്.ഇ.ബി. ഓഫീസുകൾ സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുകയാണ്. കിഫ്ബി ഫണ്ടിൽനിന്ന് 1.40 കോടി രൂപ ചെലവിൽ 2021 മാർച്ചിലാണ് ഇരുനില കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. ജലസേചനവകുപ്പ് വിട്ടുനൽകിയ 42 സെന്റിൽ 26 സെന്റ് സ്ഥലത്ത് പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ 5266 ചതുരശ്രടിയിൽ കെട്ടിടം ഒരുക്കി.

ബാക്കി സ്ഥലം സബ് സ്റ്റേഷൻ നിർമാണത്തിനായി ഉപയോഗിക്കും. കെ.എസ്.ഇ.ബി.യുടെ പഴശ്ശി സാഗർ മിനി ജലവൈദ്യുതി പദ്ധതിയിലെ സിവിൽ വിഭാഗമാണ് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. ഉദ്ഘാടനം എന്ന് നടക്കും എന്ന കാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത