കുഞ്ഞിമംഗലം : നാടിന്റെ പേരിനൊപ്പം ചേർത്ത മാമ്പഴ മധുരത്തെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്താൻ കൈകോർക്കുകയാണു കുഞ്ഞിമംഗലത്തുകാർ. മാങ്ങയ്ക്ക് ഭൗമ സൂചിക പദവി ലഭ്യമാക്കാൻ ലഭ്യമിട്ട് കുഞ്ഞ്യാങ്ങലം മാങ്ങ എന്ന പേരിൽ രൂപീകരിച്ച് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. പരിസ്ഥിതിയെ സ്നേഹിക്കുന്നവർ രൂപീകരിച്ച കൂട്ടായ്മ ഒരു വർഷം പൂർത്തിയാകുമ്പോൾ അതു പഞ്ചായത്തും ഗവേഷണ വിദ്യാർഥികളും ഏറ്റെടുത്തു. ഇതോടെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് വേഗവും കൂടി.
മാവ് പൂക്കുമ്പോൾ പഠനത്തിന്റെ ഭാഗമായി വിദ്യാർഥികൾ പൂക്കൾ നിരീക്ഷിക്കുന്നു.
രുചിയിലും വലുപ്പത്തിലും നിറത്തിലും മണത്തിലും പോഷക ഗുണത്തിലും ഏറെ വൈവിധ്യം പുലർത്തുന്ന നാട്ടു മാവിനങ്ങളാൽ സമൃദ്ധമായിരുന്നു ഒരു കാലത്ത് കുഞ്ഞിമംഗലം ഗ്രാമം. അതിലേറ്റവും പ്രധാനമായിരുന്നു കുഞ്ഞിമംഗലത്തിന്റെ തനത് രുചി ഭേദമായ കുഞ്ഞിമംഗലം മാങ്ങ. നാലും അഞ്ചും ആളുകൾ പിടിച്ചാൽ പോലും പിടിയെത്താത്ത കൂറ്റൻ മാവുകൾ ഇവിടെ സമൃദ്ധമായി വളർന്ന് നിന്നിരുന്നു. മാവ് പൂക്കുമ്പോൾ തന്നെ മുറ തെറ്റാതെ എത്തുന്ന മാങ്ങ പാട്ടക്കാർ ആ ആണ്ടിലെ മാങ്ങ പറിച്ചെടുക്കാനുള്ള അവകാശം വില പറഞ്ഞ് ഉറപ്പിക്കുന്നത് ഒട്ടും മോശമല്ലാത്ത തുകയ്ക്കു തന്നെയായിരുന്നു. രണ്ടും മൂന്നും തവണകളായി മൂപ്പെത്തിയ മാങ്ങകൾ മാത്രം പറിച്ചെടുത്ത് പഴുപ്പിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിലെ വിപണികളിൽ എത്തിയിരുന്ന കുഞ്ഞിമംഗലം മാങ്ങയ്ക്ക് ആവശ്യക്കാരേറെയായിരുന്നു.
ഇന്ന് കുഞ്ഞിമംഗലം മാങ്ങ അന്വേഷിച്ച് പഴയ പോലെ ആരും ഇങ്ങോട്ട് വരാറില്ല. വന്നാൽ തന്നെ എല്ലാവർക്കും ചെറിയ മാവുകളിലെ മാങ്ങകൾ മാത്രമേ വേണ്ടൂ. അതോടെ കുഞ്ഞിമംഗലത്തിന്റെ പ്രതാപം വിളിച്ചറിയിച്ച കൂറ്റൻ മാവുകളെല്ലാം മരമില്ലുകളിലേക്ക് യാത്രയായി. വീട്ടുവളപ്പുകളിൽ നിന്നും വളരെ വേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ട ഈ നാട്ടു മധുരം. ഇത് തിരിച്ചു പിടിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം മനസ്സിലാക്കിയാണ് കുഞ്ഞിമംഗലത്തും സമീപ പ്രദേശങ്ങളിലുമുള്ള സഹൃദയരായ കുറച്ചാളുകൾ ചേർന്ന് കുഞ്ഞ്യാങ്ങലം മാങ്ങ കൂട്ടായ്മയ്ക്കു രൂപം കൊടുത്തത്. കൂട്ടായ്മ രൂപം കൊണ്ട് ഒരാണ്ട് പൂർത്തിയാകുമ്പോഴേക്കും കുഞ്ഞിമംഗലം മാവിന്റെ സംരക്ഷണത്തിനും വ്യാപനത്തിനുമായി ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു