കടൽക്കാഴ്ച കാണാൻ വരൂ.... ബേബി ബീച്ച് സെറ്റാണ്
കണ്ണൂരാൻ വാർത്ത
കണ്ണൂർ : കടൽക്കാറ്റേറ്റ് മനസ്സും ശരീരവും തണുപ്പിക്കാൻ ഇനി ബേബി ബീച്ചിലേക്ക് പോകാം. മേക്ക് ഓവർ നടത്തിയതോടെ ബേബി ബീച്ചിലെത്തുന്നവരുടെ എണ്ണവും കൂടി. ഇപ്പോൾ കടലും കണ്ട് കാറ്റേറ്റ് ഇരിക്കാൻ കൂടുതൽ സൗകര്യങ്ങളുണ്ട്. രാത്രി വൈകിയും ഏറെപ്പേർ ഇവിടെയെത്തുന്നുണ്ട്.

പുതുതായി കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കി. പഴയ വിളക്കുകാലുകൾ മോടി കൂട്ടി അലങ്കാര ബൾബുകൾ സ്ഥാപിച്ചു. കടലിന്റെ ഭാഗത്തായുള്ള മതിലിന് സമീപത്തായി ഇന്റർലോക് പാകി നടക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇതിനുപറുമേ, അവിടെയുള്ള മരങ്ങൾക്ക് ചുറ്റും അരമതിൽ കെട്ടി ടൈൽ പാകിയതിനാൽ ഇവിടെയും സായാഹ്നമാസ്വദിക്കാനെത്തുന്നവർക്ക് ഇരിക്കാം.
രണ്ടിടങ്ങളിലായി ജൈവ, അജൈവ മാലിന്യങ്ങൾക്കായി ചവറ്റുകുട്ടകളും സ്ഥാപിച്ചിട്ടുണ്ട്. ലഘുഭക്ഷണശാലയും ഹോട്ടലും അടുത്തുതന്നെയുള്ളതിനാൽ കടലിന്റെ ഭംഗി ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട്. മതിലും കല്ലുപാകിയ സ്ഥലവും മരത്തിന് ചുറ്റുമുള്ള കെട്ടുകളും പെയിന്റ് ചെയ്ത് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. ഇരുചക്രവാഹനങ്ങളൊഴിച്ച് മറ്റുള്ളവയ്ക്ക് പാർക്കിങ് ഫീസ് നൽകണം.

ചെലവഴിച്ചത് ഏഴുലക്ഷം

സ്വകാര്യ പ്രായോജകരുടെ സഹായത്തോടെ ഏഴുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കന്റോൺമെന്റ് അധികൃതർ നവീകരണം നടത്തിയത്. നവീകരണം പൂർത്തിയായിട്ടില്ല. പുതിയ ലൈറ്റിങ് സംവിധാനവും സെൽഫി െഫ്രയിം എന്നിവ ഒരുക്കാനും പദ്ധതിയുണ്ട്.

'നവീകരിക്കുന്നതിന് മുൻപുതന്നെ ഇടയ്ക്ക് വൈകുന്നേരങ്ങളിൽ ഇവിടെ വരാറുണ്ട്. വൈകുന്നേരം ചെലവഴിക്കാൻ നല്ല വൃത്തിയുള്ള ഒരിടമാണിത്. ഇപ്പോൾ ഇരിക്കാനും കൂടുതൽ സൗകര്യമുണ്ട്. അതുകൊണ്ട് ആദ്യമുള്ളതിനേക്കാൾ കൂടുതൽ പേർ ഇവിടെയെത്തുന്നുണ്ട്.' ബേബി ബീച്ചിലെത്തിയ താണയിലെ വിദ്യാർഥികളായ വിഷ്ണു പ്രഭാനന്ദ്, ശിവ ജ്യോതിരാജ്, പൗർണമി ജ്യോതിരാജ്, ഗോപിക ശ്രീജിത്ത്, അദ്വൈത് നാരായൺ എന്നിവർ പറഞ്ഞു.

സി.സി.ടി.വി.പ്രവർത്തിപ്പിക്കണം

സിറ്റി പോലീസ് മുൻപ് ഇവിടെ സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പ്രവർത്തിക്കുന്നില്ല. കന്റോൺമെന്റ് അധികൃതർ എസ്.പി.ക്കും മറ്റും പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. രാത്രികാലങ്ങളിൽ മുൻപ് ഇവിടെ സമൂഹവിരുദ്ധരുടെ ശല്യമുണ്ടായതോടെയാണ് ക്യാമറ സ്ഥാപിച്ചത്.

സംരക്ഷണം എല്ലാവരുടെയും ചുമതല

നിലവിൽ ഇന്റർലോക്ക് ചെയ്ത ഭാഗത്ത് വാഹനങ്ങൾ നിർത്തരുതെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, എല്ലാദിവസവും ഇരുചക്രവാഹനങ്ങളടക്കം ഇവിടെ നിർത്തിയിടുന്നുണ്ട്. ഇത്തരം കാര്യങ്ങൾ വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്ന എല്ലാവരും ശ്രദ്ധിക്കണം. ഇതിനുപുറമേ, ഭക്ഷണാവശിഷ്ടങ്ങളും ഗ്ലാസുകളും മറ്റും കടലിലേക്ക് വലിച്ചെറിയരുത്.

അവിടെ സ്ഥാപിച്ചിട്ടുള്ള ചവറ്റുകുട്ടകളിലിടണം. നടപ്പാതയുടെ ഒരു അറ്റത്തായി കടലിലേക്ക് ഇറങ്ങാനായി ചെറിയ വഴിയുണ്ട്. അപകടകരവും പാറക്കെട്ടുകൾ നിറഞ്ഞതുമായ അതുവഴി ഇറങ്ങാൻ ശ്രമിക്കരുത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത