ഗതാഗതക്കുരുക്കിൽ ഇരിക്കൂർ ടൗണിന് വീർപ്പുമുട്ടൽ
കണ്ണൂരാൻ വാർത്ത
ഇരിക്കൂർ : തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ഇരിക്കൂർ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. റോഡിന് ഇരുവശവും വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നതാണ് ഗതാഗതക്കുരുക്കിനിടയാക്കുന്നത്. രോഗിയെയും കൊണ്ടു പോകുന്ന ആംബുലൻസ് ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവാണ്.ടൗണിലെത്തുന്ന സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വണ്ടിത്താവളത്ത് പഞ്ചായത്ത് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ആരും ഈ ഭാഗത്തേക്ക് പോകാറില്ല. ടൗണിലെത്തുന്നവർ 'നോ പാർക്കിങ്' ബോർഡിന് മുൻപിൽ പോലും വാഹനങ്ങൾ നിർത്തിയിടുകയാണ്. ചിലർ രാവിലെ നിർത്തിയിട്ട വാഹനങ്ങൾ രാത്രിയാണ് എടുക്കുന്നത്. 

ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് പഞ്ചായത്ത് പേ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും പാർക്കിങ് ഫീസ് നൽകാൻ മടിച്ച് ചിലർ സമീപത്ത് സംസ്ഥാന പാതയോരത്ത് തന്നെ വാഹനങ്ങൾ നിർത്തിയിടുകയാണ്. ഇത് കാരണം ബസ്സുകൾക്ക് ബസ് സ്റ്റാൻഡിലേക്ക് കയറാൻ പോലും കഴിയാത്ത അവസ്ഥയാണ്. സീബ്രാലൈനിൽ പോലും വാഹനങ്ങൾ നിർത്തിയിടുന്നത് കാരണം റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രികരും പ്രയാസപ്പെടുകയാണ്. അനധികൃത പാർക്കിങ്ങിനെതിരെ പൊലീസ് കൃത്യമായ നടപടി സ്വീകരിക്കാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി.

ഇരിട്ടിയിൽ നിന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് രോഗിയെയും കൊണ്ടുപോവുകയായിരുന്ന ആംബുലൻസ് കഴിഞ്ഞ ദിവസം 5 മിനിറ്റ് നേരമാണ് ഗതാഗതക്കുരുക്കിൽ കിടന്നത്. ടൗണിൽ ഹോം ഗാർഡിനെ നിയമിച്ച്, അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തണം എന്നാണ് ജനങ്ങളുടെ ആവശ്യം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത