ശ്രീകണ്ഠപുരം നഗരസഭയുടെ തെരുവോര മെഗാ ചിത്രരചന കാമ്പയിൻ ശനി, ഞായർ ദിവസങ്ങളിൽ
കണ്ണൂരാൻ വാർത്ത
ശ്രീകണ്ഠപുരം നഗരത്തിലെ ചുമരുകൾ ഇനി ചിത്രങ്ങളാൽ വർണാഭമാകും. നഗരത്തിലെ ചുമരുകളിൽ ചിത്രം വരക്കുന്നതിനായി നഗരസഭ നടത്തുന്ന ‘നിറമാല’ തെരുവോര മെഗാ ചിത്രരചന കാമ്പയിൻ ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

നഗരസഭ അഞ്ച് ലക്ഷം രൂപയാണ് വകയിരിത്തിയിരിക്കുന്നത്. ക്യാമ്പ് ഡയറക്ടർ കെ.കെ.ആർ. വെങ്ങരയുടെ നേതൃത്വത്തിൽ 40 ചിത്രകാരന്മാർ കാമ്പയിനിൽ പങ്കെടുക്കും.

ശ്രീകണ്ഠപുരത്തിന്റെ പൗരാണിക ചരിത്രം, കുടിയേറ്റ ചരിത്രം, മഹാദ് വ്യക്തികളുടെ വചനങ്ങൾ, ശുചിത്വസന്ദേശം തുടങ്ങിയവ ചിത്രങ്ങളിലുണ്ടാകും. സ്കൂൾ ചുമരുകൾ, ബസ്‌ സ്റ്റാൻഡ് ചുമരുകൾ, സർക്കാർ സ്ഥാപനങ്ങളുടെ ചുമരുകൾ, പാലങ്ങളിലെ കൈവരി ഭിത്തികൾ തുടങ്ങിയ ഇടങ്ങളിലൊക്കെ ചിത്രം വരയ്ക്കും.

ശനിയാഴ്ച ഒൻപതിന് ശ്രീകണ്ഠപുരം ബസ്സ്സ്റ്റാൻഡ് പരിസരത്ത് ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ ഡോ. കെ.വി.ഫിലോമിന അധ്യക്ഷയാകും. തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്സി മുഖ്യാതിഥിയാകും. തുടർന്ന് നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ ചുമർചിത്രരചന ആരംഭിക്കും.

സമാപന സമ്മേളനം ഞായറാഴ്ച മൂന്നിന് ശ്രീകണ്ഠപുരം കെ.നാരായണൻ സ്മാരക ഹാളിൽ ലളിതകല അക്കാദമി വൈസ് ചെയർമാൻ എബി എൻ.ജോസഫ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ വി.എസ്. അനിൽകുമാർ മുഖ്യാതിഥിയാകും. ചിത്രകാരൻ കെ.കെ.ആർ. വെങ്ങര ക്യാമ്പ് ഡയറക്ടറായും നഗരസഭാ കൗൺസിലർ വിജിൽ മോഹനൻ ക്യാമ്പ് കോ ഓർഡിനേറ്ററായും ക്ലീൻസിറ്റി മാനേജർ വി.ആർ. ജയചന്ദ്രൻ നിർവഹണ ഉദ്യോഗസ്ഥനായും പ്രവർത്തിക്കുന്ന കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

പത്രസമ്മേളനത്തിൽ ചെയർപേഴ്സൺ ഡോ. കെ.വി.ഫിലോമിന, വൈസ് ചെയർമാൻ കെ.ശിവദാസൻ, സെക്രട്ടറി കെ. അഭിലാഷ്, സ്ഥിരം സമിതി അധ്യക്ഷരായ ജോസഫീന വർഗീസ്, വി.പി. നസീമ, പി.പി. ചന്ദ്രാംഗതൻ, കെ.സി. ജോസഫ് കൊന്നക്കൽ, ത്രേസ്യാമ്മ മാത്യു, നിറമാല ക്യാമ്പ് ഡയറക്ടർ കെ.കെ.ആർ. വെങ്ങര, കോ-ഓർഡിനേറ്റർ വിജിൽ മോഹനൻ എന്നിവർ പങ്കെടുത്തു.

നഗരവികസനം പുരോഗമിക്കുന്നു

അഞ്ച് കോടി രൂപ ചെലവിൽ നടക്കുന്ന ശ്രീകണ്ഠപുരം നഗരസൗന്ദര്യവത്കരണ പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. കോട്ടൂർ ഐ.ടി.ഐ. ബസ്റ്റോപ്പ് മുതൽ ചെങ്ങളായി ഭാഗത്തേക്ക് ശ്രീകണ്ഠപുരം അതിർത്തിവരെയും പയ്യാവൂർ ഭാഗത്തേക്ക് ഓടത്തുപാലം വരെയും ഡ്രെഡ്ജ് ഒരുക്കുന്ന പ്രവൃത്തികൾ നടക്കുകയാണ്.

ടൈൽ, ഇന്റർലോക്ക് എന്നിവ വിരിച്ച് മനോഹരമാക്കുന്ന നടപ്പാതയിൽ കൈവരിയും ഒരുക്കും. തണൽമരങ്ങൾക്ക് ചുറ്റും കല്ലുകൊണ്ടുള്ള ഇരിപ്പിടങ്ങൾ, ഓപ്പൺ സ്റ്റേജ് എന്നിവയും ഒരുക്കുന്നുണ്ട്. 50 ലക്ഷം രൂപ ചെലവിൽ പാതയോരത്ത് തെരുവുവിളക്കുകളും സ്ഥാപിക്കുന്നുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത