ശാസ്ത്രച്ചിറകിൽ പറന്നുയരാം; വരുന്നു സയൻസ്‌ പാർക്ക്‌
കണ്ണൂരാൻ വാർത്ത
കണ്ണൂർ : ഉത്തരകേരളത്തിന്റെ ശാസ്‌ത്ര–പരിസ്ഥിതി മേഖലയ്‌ക്ക്‌ പുതിയ ദിശാബോധം പകരാൻ സയൻസ്‌ പാർക്ക്‌ വരുന്നു. ഉത്തര മലബാറിന്റെ വിജ്ഞാന വിസ്‌ഫോടനത്തിന്‌ വഴിയൊരുക്കുന്ന സയൻസ്‌ പാർക്ക്‌ കണ്ണൂർ വിമാനത്താവളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ്‌ ഒരുങ്ങുന്നത്‌.  

രണ്ട്‌ ബ്ലോക്കുകളായി നിർമിക്കുന്ന സയൻസ്‌ പാർക്കിന്‌ 200 കോടി രൂപയുടെ നിക്ഷേപവും 10 ലക്ഷം ചതുരശ്ര അടി വിസ്‌തീർണവും ഉണ്ടാകും. 
കണ്ണൂർ സർവകലാശാലയുമായി സഹകരിച്ചാണ്‌ പ്രവർത്തനം. കാസർകോട്‌ കേന്ദ്ര സർവകലാശാല, കാലിക്കറ്റ്‌ സർവകലാശാല എന്നിവയുമായും മറ്റു ഗവേഷണ സർവകലാശാലകളുമായും സഹകരിച്ച്‌ ഉത്തര മലബാറിന്റെ ശാസ്‌ത്ര–പരിസ്ഥിതി മേഖലയിലെ ഗവേഷണങ്ങൾക്ക്‌ പുത്തൻ ഊർജമേകും. കാർഷിക–ജൈവവൈവിധ്യ അടിസ്ഥാനത്തിൽ സ്‌റ്റാർട്ടപ്പുകൾക്ക്‌ മുൻഗണന ലഭിക്കും. ഗവേഷണം നടത്താനും ഇവരുടെ ഉത്‌പന്നങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാനും ഇവിടെ സൗകര്യങ്ങൾ ഒരുക്കും. ഇതിനെല്ലാമുള്ള ഭൗതികസാഹചര്യം ഒരുക്കും.  

 കണ്ണൂർ വിമാനത്താവളത്തിന്‌ സമീപം ഭൂമി കണ്ടെത്തുന്നതിന്‌ കേരള സ്‌റ്റേറ്റ്‌ ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡിനെ (കെ.എസ്‌.ഐ.ടി.ഐ.എൽ) ചുമതലപ്പെടുത്തി. ശാസ്‌ത്ര–സാങ്കേതിക വകുപ്പിന്റെ എക്‌സ്‌ ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി കെ.പി. സുധീർ ചെയർമാനായ ഒമ്പതംഗ കൺസൾട്ടേറ്റീവ്‌ ഗ്രൂപ്പ്‌ രൂപീകരിച്ചു. കണ്ണൂർ വിമാനത്താവളത്തിന്‌ സമീപം കിൻഫ്രയുടെ നേതൃത്വത്തിൽ 5000 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നുണ്ട്‌. ഇതിനോട്‌ ചേർന്നായിരിക്കും സയൻസ്‌ പാർക്കിനും ഭൂമി കണ്ടെത്തുക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത