തൃക്കൈക്കുന്ന് ക്ഷേത്രത്തിലെ പെയിന്റിങ് വിവാദമായി; കല്യാണ വീടുകളിൽ ചായം പൂശുന്ന ലാഘവത്തോടെയെന്ന് ആരോപണം
കണ്ണൂരാൻ വാർത്ത
കൂത്തുപറമ്പ് : കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ നവീകരണത്തിന്റെ ഭാഗമായി നടത്തുന്ന പെയിന്റിങ് വിവാദത്തിലേക്ക്. നാനൂറിലേറെ വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ ദാരുശിൽപങ്ങളിലും വാതിൽ മാടത്തിലുമെല്ലാം പ്രകൃതിദത്ത ദാതു വർണങ്ങൾ കൊണ്ട് ചെയ്യേണ്ട പ്രവൃത്തി അക്രലിക് പെയിന്റ് ഉപയോഗിച്ച് നടത്തുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നിട്ടുള്ളത്. കല്യാണ വീടുകളിൽ ചായം പൂശുന്ന ലാഘവത്തോടെയാണ് മുഖമണ്ഡപത്തിലെ തൂണുകളിലും അഴിക്കൂടുകളിലും നീലനിറത്തിലുള്ള ചായം പൂശിയിട്ടുള്ളത്.

ശ്രീകോവിലിലേക്ക് കടക്കുന്നതിന്റെ ഇരുവശത്തുമുള്ള ദ്വാരപാലകരുടെ ദാരുശിൽപങ്ങൾ മഞ്ഞ നിറത്തിലുള്ള അക്രലിക് വർണങ്ങൾ പൂശി മൂടിവച്ച നിലയിലാണ്. ഇത്രയും പഴക്കമുള്ള ദാരുശിൽപങ്ങൾ അതേ തനിമയോടെ നിലനിർത്തുന്നതിന് നടത്തേണ്ട പ്രവൃത്തി ആരുടെ നിർദേശ പ്രകാരമാണ് നടത്തുന്നതെന്നും വ്യക്തമല്ല. ഈ പ്രവൃത്തി നിർവഹിക്കുന്നത് ക്ഷേത്ര പരിപാലന കമ്മിറ്റിയുടെ അറിവോടെയല്ല എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡും ഇത്തരത്തിൽ ഒരു തീരുമാനം സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ സ്വന്തം ഭാവനയിൽ പ്രവൃത്തി ചെയ്യുകയാണെന്ന് നാട്ടുകാരും ഭക്തജനങ്ങളും പറയുന്നു. 

പ്രശസ്ത ചിത്രകാരന്മാരായ കെ.കെ.മാരാറും സുരേഷ് കൂത്തുപറമ്പും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മറ്റ് ഭാഗങ്ങളിൽ ചായം പൂശുമ്പോൾ ദാരുശിൽപത്തിൻമേൽ തെറിച്ച് വീണ ചായം കഴുകി മാറ്റുക മാത്രമാണ് ചെയ്യുന്നത് എന്നാണ് എക്സിക്യൂട്ടീവ് ഓഫിസർ കെ.കെ.മാരാരോട് വിശദീകരിച്ചത്. ആരുടെ തീരുമാന പ്രകാരമാണ് പ്രവൃത്തി നടത്തുന്നതെന്ന് സുരേഷ് കൂത്തുപറമ്പ് ചോദിച്ചപ്പോൾ തിരിച്ച് വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് മറുപടി ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത