ആറളം: വന്യജീവി സങ്കേതത്തിൽ സമാപിച്ച 22ാമത് പക്ഷി നിരീക്ഷണ സർവേയിൽ ചെറുമീൻ പരുന്ത് (Lesser fish eagle) എന്ന പുതിയ ഇനം പക്ഷിജാതിയെ കണ്ടെത്തി. ഏഴ് വർഷങ്ങൾക്ക് ശേഷം ബാണാസുര ചിലപ്പൻ (Banasura laughing thrush) എന്ന അപൂർവയിനം പക്ഷിയെയും ആറളം വനത്തിൽ കണ്ടെത്താനായി. രാജ്യത്തെ വന്യജീവി സങ്കേതങ്ങളിൽ പക്ഷി നീരിക്ഷണ സർവേ മുടങ്ങാതെ ഏറ്റെടുക്കുന്ന സാങ്‌ച്വറിയാണ് ആറളം വന്യജീവി സങ്കേതം. സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ മികച്ച പക്ഷി സമ്പത്ത് പഠന കേന്ദ്രവുമാണ്.
മൂന്ന് ദിവസത്തെ സർവേയിൽ 161 ഇനം പക്ഷി ജാതികളെ കൂടി കണ്ടെത്തിയതോടെ ആറളത്ത് കണ്ടെത്തിയ മൊത്തം പക്ഷി ജാതികളുടെ എണ്ണം 241 ആയെന്ന് സർവേ ഉദ്‌ഘാടനം ചെയ്‌ത വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ് കുമാർ പറഞ്ഞു. സത്യൻ മേപ്പയൂർ അധ്യക്ഷനായി. സെക്ഷൻ ഫോറസ്റ്റർ കെ. രാജു സംസാരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി അറുപത് നിരീക്ഷകർ സർവേയിൽ പങ്കെടുത്തു.
ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സംഘങ്ങളായി നിരീക്ഷകരെ വിന്യസിച്ച് ഒരേ സമയത്താണ് സർവേ നടത്തിയത്. സമാപന അവലോകന യോഗത്തിൽ അസി. വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദ് അധ്യക്ഷനായി. പ്രശസ്‌ത പക്ഷി നിരീക്ഷകരായ സത്യൻ മേപ്പയൂർ, വന്യജീവി പഠനകേന്ദ്രത്തിലെ ഡോ. റോഷ്നാഥ് രമേശ് എന്നിവരുടെ നേതൃത്വത്തിൽ സർവേ വിവരങ്ങൾ ഏകോപിപ്പിച്ച് തയ്യാറാക്കിയ റിപ്പോർട്ട് അവതരിപ്പിച്ചാണ് സർവേ സമാപിച്ചത്. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതം ജീവനക്കാരും വാച്ചർമാരും പക്ഷി നിരീക്ഷകരെ സഹായിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു