മട്ടന്നൂർ സ്പെഷ്യാലിറ്റി ആശുപത്രി നിർമാണം ആറ് മാസത്തിനകം പൂർത്തീകരിക്കും: എം.എൽ.എ
കണ്ണൂരാൻ വാർത്ത
മട്ടന്നൂർ : സ്പെഷ്യൽറ്റി ആശുപത്രിയുടെ നിർമാണം 6 മാസത്തിനകം പൂർത്തിയാക്കുമെന്ന് കെ.കെ. ശൈലജ എം.എൽ.എ. നിർമാണ പ്രവൃത്തി എം.എൽ.എ.യുടെ നേതൃത്വത്തിൽ അവലോകനം നടത്തി. ആധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രിയാണ് വിമാനത്താവള നഗരമായ മട്ടന്നൂരിൽ യാഥാർഥ്യമാകുന്നതെന്നും എം.എൽ.എ പറഞ്ഞു. 4 നിലകളിലായാണ് ആശുപത്രി കെട്ടിടം നിർമിക്കുന്നത്. താഴെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കും. മുകളിൽ ലാബും ഒ.പി ബ്ലോക്ക്, എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് തുടങ്ങിയവയും ഉണ്ടാകും.

ഇവിടേക്ക് എത്താൻ താഴെ നിന്നു പാലം നിർമിക്കും. മോർച്ചറി സൗകര്യവും ഇവിടെ ഉണ്ടായിരിക്കും. കെട്ടിടത്തിന്റെ പണി 4 മാസത്തിനകം പൂർത്തിയാക്കാനും 6 മാസത്തിനകം എല്ലാ പ്രവൃത്തികളും പൂർത്തീകരിച്ച് ആശുപത്രി ഉദ്ഘാടനം ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് എത്തിക്കാനും എം.എൽ.എ നിർദേശം നൽകി. ചെരിഞ്ഞ പ്രദേശമായതിനാൽ അടിസ്ഥാനം ഉൾപ്പെടെയുള്ള ആദ്യ 30 ശതമാനം പ്രവൃത്തി വളരെ ശ്രമകരമായിരുന്നു. ഏറെ പില്ലറുകളും മറ്റും നിർമിച്ചാണ് പണി നടത്തിയത്. 2 നിലകളുടെ നിർമാണമാണ് ഇപ്പോൾ പൂർത്തിയായത്.

2 നിലകൾ കൂടി നിർമിക്കാനുണ്ട്. ബാക്കി പ്രവൃത്തികൾ പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പൂർത്തിയായാൽ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങൾ ഉണ്ടാകുമെന്നും കെ.കെ. ശൈലജ പറഞ്ഞു. വിമാനത്താവളത്തിന് എറ്റവും അടുത്തുള്ള ആശുപത്രി എന്ന നിലയിൽ എല്ലാ സൗകര്യങ്ങളും ആശുപത്രിയിൽ ഏർപ്പെടുത്തുന്നുണ്ട്. ജലസേചന വകുപ്പിൽ നിന്ന് വിട്ടുകിട്ടിയ സ്ഥലത്താണ് കിഫ്ബിയുടെ സഹായത്തോടെ ആശുപത്രി നിർമിക്കുന്നത്.
71.50 കോടി രൂപ ചെലവിട്ടാണ് നിർമാണം. 

2019 ഒക്ടോബറിലാണ് ആശുപത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത്. പിന്നീട് കോവിഡിനെ തുടർന്ന് പ്രവൃത്തി മന്ദഗതിയിലായി. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, കൗൺസിലർമാരായ വി.കെ. സുഗതൻ, വി.എൻ. മുഹമ്മദ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത