പയ്യന്നൂർ ഫിഷറീസ് കോളേജ് ഉദ്ഘാടനം ഏപ്രിൽ 3ന്
കണ്ണൂരാൻ വാർത്ത
പയ്യന്നൂർ : കേരള മത്സ്യബന്ധന സമുദ്ര പഠന ഗവേഷണ സർവകലാശാല (കുഫോസ്) പയ്യന്നൂർ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഏപ്രിൽ മൂന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംഘാടക സമിതി രൂപീകരണ യോഗം ഞായർ രാവിലെ 10.30ന് കോളേജിൽ (പഴയ വൃന്ദാവൻ ഓഡിറ്റോറിയം) നടക്കും. 
കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്‌റ്റഡീസിന് കീഴിൽ ആരംഭിച്ച ആദ്യത്തെ കോളേജാണ് പയ്യന്നൂരിലേത്. പയ്യന്നൂർ അമ്പലം റോഡിൽ ഒരുക്കിയ വാടക കെട്ടിടത്തിൽ (പഴയ വൃന്ദാവൻ ഓഡിറ്റോറിയം) കോളേജിലെ ആദ്യബാച്ച് ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. 

അഞ്ച് വർഷത്തേക്ക് വാടകയ്‌ക്ക് എടുത്ത കെട്ടിടത്തിൽ ക്ലാസ് മുറികളും ലാബുകളും സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്കുള്ള ഹോസ്‌റ്റൽ സൗകര്യവും ഒരുക്കി. 
20,000 ചതുരശ്ര അടി വാടക കെട്ടിടത്തിലാണ് കോളേജിന്റെ പ്രവർത്തനം. വിദ്യാർഥികളിൽ 29 പെൺകുട്ടികളും 11 ആൺകുട്ടികളുമാണുള്ളത്‌. ഏഴ് അസി. പ്രൊഫസർമാരെയും നിയമിച്ചിട്ടുണ്ട്. 

പ്രൊഫഷണൽ കോഴ്സായ ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (ബി.എഫ്.എസ്‌.സി) കോഴ്‌സാണ് പയ്യന്നൂർ കേന്ദ്രത്തിലുള്ളത്. മത്സ്യകൃഷി, ജല ആവാസ വ്യവസ്ഥ, ജൈവവൈവിധ്യം, സമുദ്ര ഉൾനാടൻ മത്സ്യബന്ധനം തുടങ്ങിയവയാണ് സർവകലാശാലയുടെ പ്രധാന പഠനവിഷയങ്ങൾ. ഇതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിൽ പയ്യന്നൂരിൽ കോളേജ് പ്രവർത്തനം തുടങ്ങിയത്. സ്വന്തം കെട്ടിടം നിർമിക്കുന്നതിനായി കോറോം വില്ലേജിൽ കോറോം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം 12 ഏക്കർ ഭൂമി കണ്ടെത്തി സർവകലാശാലക്ക് കൈമാറിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത