വൈദ്യുതി ലൈനിൽ നിന്ന് പുഴയിലേക്ക് കറന്റ് പ്രവഹിപ്പിച്ച് മീൻ പിടിത്തം: ഇരിട്ടി ബാരാപോളിൽ 3 അംഗ സംഘം പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : കുടക് മലനിരകളിൽ നിന്ന് ഉത്ഭവിച്ചെത്തുന്ന ബാരാപോൾ പുഴയിൽ വൈദ്യുതി ലൈനിൽ വെള്ളത്തിലേക്ക് നേരിട്ട് കറന്റ് പ്രവഹിപ്പിച്ച് മീൻ പിടിത്തം. 3 അംഗ സംഘത്തെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള പുഴ സംരക്ഷണ സമിതി പിടികൂടി അധികൃതർക്ക് കൈമാറി. കെ.എസ്.ഇ.ബി 11875 രൂപ പിഴ ഈടാക്കി. വാണിയപ്പാറ സ്വദേശികളായ ബിനോയി, സുബിൻ, അഭിലാഷ് എന്നിവരിൽ നിന്നാണ്  കെ.എസ്.ഇ.ബി യുടെ അസസിങ് ഓഫിസറായ ഇരിട്ടി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്. അൽക്കാസ് പിഴ ചുമത്തിയത്.

ബാരാപോൾ ജലവൈദ്യുതി പദ്ധതി പ്രവർത്തിപ്പിക്കുന്ന പുഴയിൽ പാലത്തിൻകടവിലെ ട്രഞ്ച് വിയറിന് മുകൾ ഭാഗത്ത് രാത്രി മീൻപിടിക്കുന്നതിനിടെയാണ് നാട്ടുകാർ സംഘത്തെ പിടികൂടുന്നത്. സമീപത്തെ വൈദ്യുതി ലൈനിൽ വയർ ഘടിപ്പിച്ചു പുഴയിലേക്ക് നേരെ വൈദ്യുതി കടത്തിവിട്ട നിലയിൽ ആയിരുന്നെന്ന് അയ്യൻകുന്ന് പഞ്ചായത്ത് പാലത്തിൻകടവ് വാർഡ് അംഗം ബിജോയി പ്ലാത്തോട്ടം പറഞ്ഞു. നാട്ടുകാർ സംഘത്തെ തടഞ്ഞുവെച്ച് പൊലീസിലും  കെ.എസ്.ഇ.ബി.യിലും അറിയിച്ചു.
വള്ളിത്തോട് സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ ഇ.ജെ. മേരിയുടെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പ് ജീവനക്കാരും ഇരിട്ടി പൊലീസും സ്ഥലത്തെത്തി സംഘത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നലെ  കെ.എസ്.ഇ.ബിയുടെ ഇത്തരം കേസുകളുടെ അസസിങ് ഓഫിസർ എത്തിയാണ് പിഴ നിശ്ചയിച്ചത്.

നാട്ടുകാർ പുഴ സംരക്ഷണ സമിതി രൂപീകരിച്ചു 

ബാരാപോൾ പുഴയെ നശിപ്പിച്ചുകൊണ്ടുള്ള അനധികൃത മീൻ പിടിത്തത്തിന് എതിരെ നാട്ടുകാർ പുഴ സംരക്ഷണ സമിതി രൂപീകരിച്ച് രംഗത്ത്. നഞ്ച് (തുരിശ് ചേർന്ന മിശ്രിതം) കലക്കിയും ലൈനിൽ നിന്ന് നേരിട്ട് പുഴയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചും ചെറിയ മീൻ ഉൾപ്പെടെ ഉള്ള പുഴ ജീവജാലങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യുന്ന വിധം പുറത്ത് നിന്നെത്തുന്ന സംഘങ്ങൾ മീൻ പിടിത്തം നടത്തുന്നതാണ് പ്രദേശവാസികളെ പ്രതിഷേധത്തിലാക്കിയത്. 

പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ 50 ഓളം വരുന്ന നാട്ടുകാരുടെ സംഘമാണ് പുഴ സംരക്ഷണ സമിതിയിൽ പ്രവർത്തിക്കുന്നത്. ഞായറാഴ്ച വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് കറന്റ് പ്രവഹിപ്പിച്ച് മീൻ പിടിച്ച സംഘത്തെ സംരക്ഷണ സമിതി പ്രവർത്തകരാണ് പിടികൂടിയത്. ഇതിനു മുൻപ് പയ്യാവൂർ, ഉളിക്കൽ, കീഴ്പ്പള്ളി എന്നിവിടങ്ങളിൽ നിന്നെത്തിയ 8 സംഘങ്ങളെ നാട്ടുകാർ മടക്കിവിട്ടിരുന്നു.
വൈദ്യുതി ആഘാതത്തിൽ 40 കിലോയിലധികം മീൻ ചത്തതായി ഭാരവാഹികൾ പറഞ്ഞു. വൈദ്യുതി ലൈനിൽ നിന്നു നേരിട്ട് വൈദ്യുതി പ്രവഹിപ്പിച്ചാൽ പുഴയിൽ നിർദിഷ്ട പ്രദേശത്ത് ഉള്ള കുഞ്ഞുമീനുകൾ അടക്കം സകല ജീവജാലങ്ങളും ചാകും. ഇന്നലെ പുഴയിൽ നിരവധി കുഞ്ഞുമീനുകളാണ് ചത്തുപൊങ്ങിയത്. ബാരാപോൾ പുഴയിൽ കനാലിലേക്ക് വെളളം ഒഴുക്കി വിടുന്ന ട്രഞ്ച് വിയറിന് മുകളിലായാണ് മീൻപിടിത്തം. കൊടുംചൂടിൽ താഴോട്ട് നീരൊഴുക്കു തീരെ കുറഞ്ഞതിനാൽ ഇവിടെ ധാരാളം മീനുകൾ ഉണ്ട്.

വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി സംഘങ്ങളാണ് മീൻപിടിത്തത്തിന് എത്തുന്നത്. മീൻ പിടിത്തം നടക്കുന്ന കടവിന് സമീപത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങളിലെ കുട്ടികൾക്ക് പുഴയിൽ ഇറങ്ങുമ്പോൾ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതായും പരാതി ഉണ്ട്.

മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും

ബാരാപോൾ പുഴയുടെ തീരത്തേക്ക് ഇറങ്ങുന്ന പാലത്തിൻകടവ് മേഖലയിൽ അനധികൃത മീൻ പിടിത്തം നിരോധിച്ചു കൊണ്ട് അയ്യൻകുന്ന് പഞ്ചായത്ത് ബോർഡ് സ്ഥാപിക്കും. വാർഡ് അംഗവും നാട്ടുകാരും നൽകിയ പരാതിയിൽ പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, സെക്രട്ടറി ഇ.വി.വേണുഗോപാൽ എന്നിവർ സ്ഥലം സന്ദർശിച്ച ശേഷമാണ് തീരുമാനം.

നഞ്ച് കലക്കിയുള്ള മീൻപിടിത്തത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യത്തിന് അപായം ഉണ്ടാക്കുന്ന വിധം വെള്ളം മലിനമാക്കുന്ന വകുപ്പുകൾ ചേർത്ത് കേസ് എടുക്കുമെന്ന് ഇരിട്ടി സി.ഐ കെ.ജെ.വിനോയ് അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha