2000 ത്തിന് മുകളിലുള്ള UPI കച്ചവട ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാൻ ശുപാർശ
കണ്ണൂരാൻ വാർത്ത
ന്യൂഡല്‍ഹി: കച്ചവടസ്ഥാപനങ്ങളില്‍ യു.പി.ഐ.(യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫെയ്‌സ്‌) വഴി പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ്‌സ് ഉപയോഗിച്ച് നടക്കുന്ന ഇടപാടുകള്‍ക്ക് ഇന്റര്‍ചേഞ്ച് ഫീസ് ഈടാക്കാന്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ. ശുപാര്‍ശയ്ക്ക് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചാല്‍ 2000 രൂപയ്ക്ക് മുകളില്‍ ഇടപാട് നടത്തുന്നവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ 1.1% വരെയാണ് ഫീസ് ഈടാക്കുക. മര്‍ച്ചന്റ് കാറ്റഗറി കോഡ് അടിസ്ഥാനമാക്കി 0.5 % മുതലാണ് ഫീസ് ഈടാക്കുക.

എന്താണ് പ്രീപെയ്ഡ് പേമന്റ് ഇന്‍സ്ട്രുമെന്റ്‌സ്

സ്മാര്‍ട് കാര്‍ഡുകള്‍, മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ വാലറ്റുകള്‍, മൊബൈല്‍ അക്കൗണ്ടുകള്‍, മൊബൈല്‍ വാലറ്റുകള്‍, പേപ്പര്‍ വൗച്ചറുകള്‍ തുടങ്ങിയവ എല്ലാം പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റുകളാണ്. ഇത്തരം സേവനങ്ങളില്‍ പണം മുന്‍കൂട്ടി ശേഖരിച്ച് വെച്ചതിന് ശേഷം പിന്നീട് അത് ഉപയോഗിച്ച് ഇടപാട് നടത്താനാവും.

സ്വാഭാവികമായും മൊബൈല്‍ വാലറ്റ് സൗകര്യം നല്‍കുന്ന പേ ടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ പോലുള്ള സേവനങ്ങള്‍ക്ക് ഈ പുതിയ നിരക്ക് ബാധകമവും. നിലവില്‍ യു.പി.ഐ. വഴി ഒരു അക്കൗണ്ടില്‍നിന്ന് മറ്റൊരു അക്കൗണ്ടിലേക്കുള്ള നേരിട്ടുള്ള ഇടപാടുകളാണ് നടക്കുന്നത്. ഫീസ് ഈടാക്കുന്നതോടെ വാലറ്റുകളുടെ ഉപയോഗത്തിന് പൊതുസ്വീകാര്യത ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് ഉപഭോക്താക്കളെ സംബന്ധിച്ചും പ്രയോജനകരമാണ്. അതിവേഗമുള്ള ഇടപാടുകള്‍ക്ക് വാലറ്റുകളാണ് എളുപ്പം. വാലറ്റുകളില്‍ പണം നിറച്ചതിന് ശേഷം ഇടപാട് നടത്താം. വാലറ്റുകളില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിങ് ഉള്‍പ്പടെയുള്ള മാര്‍ഗങ്ങളിലtടെ പണം നിറയ്ക്കാനും. ആ വാലറ്റ് ഉപയോഗിച്ച് യു.പി.ഐ., ക്യു.ആര്‍. കോഡ് ഇടപാട് നടത്താനുമാവും.

യു.പി.ഐ. ഇടപാടുകള്‍ക്ക് അധിക തുക വേണോ?

വേണ്ട. നിലവില്‍ ബാങ്കില്‍നിന്ന് ബാങ്കിലേക്കുള്ള യു.പി.ഐ. ഇടപാടുകള്‍ സൗജന്യമാണ്. വാലറ്റുകളും മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകളും ഉള്‍പ്പെടെയുള്ള പ്രീപെയ്ഡ് പെമന്റ് ഇന്‍സ്ട്രുമെന്റ്‌സ് ഉപയോഗിച്ച് 2000 രൂപയ്ക്ക് മേല്‍ പണം സ്വീകരിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാവുക. വ്യക്തിഗത ഇടപാടുകള്‍ നടത്തുന്ന സാധാരണ യു.പി.ഐ. ഇടപാടുകാര്‍ക്ക് ഇത് ബാധിക്കില്ല. മാത്രവുമല്ല, ഭൂരിഭാഗം യു.പി.ഐ. ഇടപാടുകളും ചെറിയ തുകയ്ക്കുള്ളവയാണ്.

കച്ചവടക്കാരെയും പി.പി.ഐ.(പ്രി പെയ്ഡ് പെയ്‌മെന്റ് ഇൻസ്ട്രുമെന്റ്‌സ്) സേവന ദാതാക്കളെയുമാണ് ഇത് ബാധിക്കുക. ഫീസ് ഏര്‍പ്പെടുത്തിയതിനാല്‍ പി.പി.ഐ. സേവനദാതാക്കള്‍ അവരുടെ സേവനങ്ങളുടെ ഫീസുകള്‍ അതിനനുസരിച്ച് ക്രമീകരിക്കേണ്ടതായി വരും. യു.പി.ഐ. വഴി പണം സ്വീകരിക്കുമ്പോള്‍ കച്ചവടക്കാര്‍ക്ക് അധിക തുക നല്‍കേണ്ടി വന്നവേക്കും. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ യു.പി.ഐ. ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതിന് ഇത് സഹായിക്കുമെന്നാണ് എന്‍.പി.സി.ഐ.(നാഷണൽ പെയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) കണക്കാക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത