തിയേറ്റർ ഗ്രൂപ്പിന്റെ പുതിയ നാടകം "സഫലമീ യാത്ര" ഡിസംബർ 15ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മസ്‌കറ്റിലെ നാടകാസ്വാദകരുടെ കൂട്ടായ്മയായ " തിയേറ്റർ ഗ്രൂപ്പ് മസ്കറ്റിന്റെ ഏഴാമത് നാടകമായ "സഫലമീ യാത്ര" 2023 ഡിസംബർ 15 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് റൂവി അൽ ഫലജ് ഹോട്ടലിൽ അരങ്ങേറുമെന്ന് തിയേറ്റർ ഗ്രൂപ്പ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ലോക നാടക ദിനത്തിൽ (മാർച് 27) നാടക പ്രഖ്യാപനവും, പോസ്റ്റർ പ്രകാശനവും നടന്നു . മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിയേറ്റർ ഗ്രൂപ്പ് മസ്കറ്റിന്റെ നാടകം വേദിയിലെത്തുന്നത്. പ്രശസ്ത നാടക രചയിതാവ് ജയൻ തിരുമനയുടെ രചനക്ക് അൻസാർ ഇബ്രാഹിമാണ് രംഗഭാഷ ഒരുക്കുന്നത്. നാടക ലോകത്തെ രംഗപട കുലപതി ആർട്ടിസ്റ്റ് പി.സുജാതനാണ് പുതിയ നാടകത്തിനും രംഗപടം ഒരുക്കുന്നത്. വർത്തമാന ഇന്ത്യ നേരിടുന്ന സാമൂഹിക യാഥാർഥ്യങ്ങൾക്കു നേരെ പിടിക്കുന്ന കണ്ണാടിയാണ് പുതിയ നാടകമെന്നും , പുതിയ ഇന്ത്യ എന്താണ് ആവശ്യപ്പെടുന്നത് എന്നത് നാടകാസ്വാദകർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നും സംവിധായകൻ അൻസാർ ഇബ്രാഹിം പറഞ്ഞു . 

ഒമാനിൽ തന്നെയുള്ള ഇരുപതിൽ അധികം കലാകാരന്മാർ അരങ്ങിലെത്തും. അതെ സമയം സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന ചില കലാകാരമാരുടെ കാര്യത്തിൽ ഉടൻ തന്നെ തീരുമാനം ആകുമെന്നും, താമസിയാതെ തന്നെ നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പ് ആരംഭിക്കുന്നതാണെന്നും ഇബ്രാഹിം പറഞ്ഞു . 

201 5 ൽ കെ.പി.എ.സി.യുടെ അശ്വമേധം എന്ന നാടകം സ്റ്റേജിൽ അവതരിപ്പിച്ചുകൊണ്ട് ഒമാനിലെ നാടകാസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ച തിയേറ്റർ ഗ്രൂപ്പ്  തുടർന്നുള്ള വർഷങ്ങളിൽ മുടിയനായ പുത്രൻ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അസ്തമിക്കാത്ത സൂര്യൻ, കടലാസ് തോണി എന്നീ നാടകങ്ങൾ കൂടി സ്റ്റേജിൽ അവതരിപ്പിച്ചു . 2019 ൽ കെ.പി.എ.സി.യുടെ വിശ്വപ്രസിദ്ധ നാടകം നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, എന്റെ മകനാണ് ശരി എന്ന പേരിൽ അവതരിപ്പിച്ച ശേഷം കോവിഡ് മഹാമാരി മൂലം വാർഷിക നാടകങ്ങൾ അരങ്ങേറിയില്ല. എങ്കിലും 2022 ൽ മസ്കറ്റിൽ നടന്ന നാടക മഹോത്സവത്തിൽ "മണ്ണടയാളം" എന്ന മത്സര നാടകം അവതരിപ്പിച്ചുകൊണ്ട് അംഗീകാരങ്ങൾ നേടിയിരുന്നു. അതുകൊണ്ട് തന്നെ മൂന്നു വർഷത്തിന് ശേഷം അരങ്ങേറുന്ന പുതിയ നാടകത്തെ ഏറെ പ്രതീക്ഷയോടുകൂടിയാണ് നാടക പ്രേമികൾ കാത്തിരിക്കുന്നത്. അൻസാർ ഇബ്രാഹിമിന് പുറമെ  ഹല മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ അഡ്വക്കേറ്റ് ഗിരീഷ്, തിയേറ്റർ ഗ്രൂപ്പ് മാനേജർ മനോഹരൻ ഗുരുവായൂർ, സുധ രഘുനാഥ്‌ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. നാടകത്തിന് പ്രവേശനം സൗജന്യമായിരിക്കും. അന്തരിച്ച ചലച്ചിത്ര താരം ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പരിപാടികൾ ആരംഭിച്ചത് .

വർത്തമാന ഇന്ത്യ ആവശ്യപ്പെടുന്ന സെക്യൂലറിസം എന്ന ആശയം നാടകത്തിലൂടെ പറയുന്നു : ജയൻ തിരുമന 

വിശ്വാസം , വിശ്വാസമായി നിലനിൽക്കുന്ന അത് ഭരിക്കാനുള്ള മാർഗ്ഗമായി മാറാതിരിക്കുകയും നന്മക്കായുള്ള മനുഷ്യന്റെ ശബ്ദം മനോഹരമായ ഒരു ഗാനം പോലെ ആസ്വദിക്കുകയും ചെയുന്ന കാലത്തെകുറിച്ചാണ് തിയേറ്റർ ഗ്രൂപ്പിന്റെ പുതിയ നാടകമായ "സഫലമീ യാത്ര"യുടെ രചന നിർവഹിച്ചിരിക്കുന്നത് എന്ന് നാടകരചയിതാവ് ജയൻ തിരുമന പറഞ്ഞു . നാടക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുമായി ഓൺലൈനിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം . മണ്മറഞ്ഞു പോയ മഹാരഥന്മാർ സ്വപ്നം കണ്ട ഇന്ത്യയെ വീണ്ടെടുക്കുകയും , മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് . വർത്തമാന ഇന്ത്യയിലൂടെ ഒരു യാത്രയാണ് നാടകം പറയുന്നത്. മലബാറിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന നാടകം ഉത്തരേന്ത്യയിലാണ് അവസാനിക്കുന്നത്. വർത്തമാന ഇന്ത്യയിലെ എല്ലാ മുഖങ്ങളും ഇതിനിടയിൽ ദർശിക്കാൻ സാധിക്കും. സ്വന്തം കാര്യത്തോടൊപ്പം മറ്റുള്ളവന്റെ കൂടി അന്വേഷിക്കുന്ന, ഏക സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്ന കാലത്തെ വീണ്ടെടുക്കുക എന്ന ലക്‌ഷ്യം ഈ നാടകത്തിനുണ്ട്. തികച്ചും വേറിട്ട ദൃശ്യാനുഭവമായിരിക്കും പുതിയ നാടകമെന്നും ജയൻ തിരുമന പറഞ്ഞു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha