കണ്ണൂർ: ക്വാറി, ക്രഷർ, ചെങ്കൽ മേഖലയിലെ സമരം അവസാനിപ്പിക്കാൻ വെള്ളിയാഴ്ച വ്യവസായ മന്ത്രിയും ക്വാറി ക്രഷർ ഉടമകളും തമ്മിൽ ചർച്ച നടത്തും. സമരം 3 ദിവസം പിന്നിട്ടപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ക്വാറി, ക്രഷർ ഉൽപന്നങ്ങളുടെ വരവ് കൂടി നിലച്ചു. ഇതോടെ സംസ്ഥാനത്തെ നിർമാണ മേഖല പൂർണമായി സ്തംഭിച്ചു. മംഗളൂരു, കോയമ്പത്തൂർ, പൊള്ളാച്ചി, ചെങ്കോട്ട എന്നിവിടങ്ങളിൽ നിന്ന് കരിങ്കൽ ക്വാറി ഉൽപന്നങ്ങളുടെ വരവാണ് ഇന്നലെ മുതൽ നിലച്ചത്.
ഇവിടെനിന്നുള്ള വാഹനങ്ങൾ കേരളത്തിലെ ക്വാറി, ക്രഷർ ഉടമകളും ട്രക്ക് ഉടമസ്ഥരുടെ സംഘടനകളും ചേർന്ന് തടഞ്ഞതോടെ കേരളത്തിലെ സമരവുമായി സഹകരിക്കാം എന്ന് മറ്റ് സംസ്ഥാനങ്ങളിലെ ഉടമകളും അറിയിച്ചു. ഇതോടെയാണ് നിർമാണ മേഖല പൂർണമായി സ്തംഭിച്ചത്. അതേസമയം, വലിയ കരാറുകാരുടെ നിർമാണം തടസ്സപ്പെട്ടിട്ടില്ല. ഇത്തരം കരാറുകാർ ക്വാറികൾ ദീർഘകാലത്തേക്ക് ലീസിന് എടുത്തിട്ടുണ്ട് ഉൽപന്നങ്ങൾ ധാരാളം സംഭരിച്ചവരുമുണ്ട്. സമരം കടുത്ത സാഹചര്യത്തിൽ അനുബന്ധ ഉൽപന്നങ്ങളുടെ വിൽപനയും കുറഞ്ഞു.
സംസ്ഥാനത്തെ നിർമാണ മേഖല പൂർണമായി പ്രതിസന്ധിയിലേക്ക് പോകുന്ന സാഹചര്യത്തിലാണു മന്ത്രി പി.രാജീവ് ക്വാറി ക്രഷർ ഉടമസ്ഥ സംഘടനകളുടെ സംയുക്ത സമരസമിതി നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചത്. നാളെ ഉച്ചയ്ക്ക് മന്ത്രിയുടെ ഓഫിസിൽ വച്ച് ചർച്ച നടത്താമെന്നു മന്ത്രിയുടെ ഓഫിസ് ഇന്നലെ സംയുക്ത സമര സമിതി നേതാക്കളെ അറിയിച്ചതായി ക്വാറി ഇസി ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് യു.സെയ്ദ് അറിയിച്ചു. സംസ്ഥാനത്തെ 850 ക്വാറികളും 1,100 ക്രഷറുകളും അടച്ചിട്ട് ജനുവരി മുപ്പതിനാണു സമരം തുടങ്ങിയത്. ഇതിനു പിന്തുണ പ്രഖ്യാപിച്ച് ചെങ്കൽ ക്വാറികളും ട്രക്ക് ഉടമകളും സമരം തുടങ്ങുകയായിരുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു