ആറളം ഫാമിൽ കാട്ടാനകൾ കൂട്ടത്തോടെ മേഞ്ഞു നടക്കുന്നു; കശുവണ്ടി ശേഖരണം പ്രതിസന്ധിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി : പ്രതിരോധ സംവിധാനങ്ങൾ വാഗ്ദാനങ്ങളിൽ തുടരുമ്പോൾ ആന ശല്യത്തിൽ നിന്നു രക്ഷ ഇല്ലാതെ ആറളം ഫാം. കാടു വെട്ടിത്തെളിക്കാൻ പോലും സാധിക്കാത്തതിനാൽ ഫാമിൽ കശുവണ്ടി ശേഖരണവും പ്രതിസന്ധിയിലായി. പത്തിലധികം വരെയുള്ള ആനക്കൂട്ടങ്ങളാണ് ഫാമിൽ ചുറ്റിക്കറങ്ങുന്നത്. കശുവണ്ടി സീസൺ ആയതോടെ തോട്ടങ്ങളിലാണു കൂടുതൽ വിഹാരം. കശുവണ്ടി ശേഖരണം സുഗമമാക്കുന്നതിനായി തുടങ്ങിയ കാട് വെട്ടിത്തെളിക്കൽ പകുതി പോലും പൂർത്തിയാക്കാനായില്ല. 618 ഹെക്ടർ കശുമാവ് തോട്ടത്തിൽ 300 ൽ താഴെ ഹെക്ടറാണ് ഇതുവരെ കാട് വെട്ടൽ പൂർത്തിയാക്കിയത്.

ഒറ്റയാൻ ആയും കൂട്ടമായും തോട്ടങ്ങളിൽ തമ്പടിച്ചിട്ടുള്ള ആനകൾ കാടു വെട്ടുന്നതിനിടെ തൊഴിലാളികൾക്കു നേരെ തിരിയുന്നതിനാൽ പണി മുടങ്ങുകയാണ്. കാട് വെട്ടാത്തതിനാൽ മറഞ്ഞു നിൽക്കുന്ന ആനകളെ അടുത്തെത്തിയാൽ മാത്രമാണ് കാണുകയുള്ളു എന്ന് തൊഴിലാളികൾ പറഞ്ഞു. ഫാമിന്റെ പ്രധാന ആദായ മാർഗങ്ങളിൽ പെട്ടതാണ് കശുവണ്ടി. കഴിഞ്ഞ വർഷം 93 ടൺ വിളവ് ലഭിച്ചിരുന്നു. ഇക്കുറി കൂടുതൽ ഉൽപാദനം പ്രതീക്ഷിച്ചിരുന്നു. നൂറുകണക്കിന് കശുമാവുകൾ ആനകൾ ഇതിനകം തകർത്തു.
 
ഒരു ഏക്കറിൽ 60 കശുമാവുകൾ എങ്കിലും വേണ്ടിടത്ത് ചില കേന്ദ്രങ്ങളിൽ 10 ൽ താഴെ കശുമാവ് മരങ്ങളാണ് അവശേഷിച്ചിട്ടുള്ളത്. ഈ സീസണിൽ ഇതു വരെ 8 ടൺ കശുവണ്ടി മാത്രമാണു ലഭിച്ചിരിക്കുന്നത്. തേയിലക്കൊതുകിന്റെ ആക്രമണവും രൂക്ഷം ആണ്. നിരവധി കശുമാവുകൾ ഇതേത്തുടർന്ന് ഉണങ്ങി.
ആനക്കൂട്ടം തുടർച്ചയായി ഭീഷണി തീർക്കുന്നതിനാൽ കശുവണ്ടി പൂർണമായി ശേഖരിക്കാൻ കഴിയുമോയെന്നു ആശങ്കയിലാണ് ഫാം അധികൃതർ. ആന പ്രതിരോധ സംവിധാനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ഫാമിൽ തമ്പടിച്ച കാട്ടാനകളെ ഓടിക്കാനും തീരുമാനിച്ചിരുന്നെങ്കിലും തുടർപ്രവർത്തനങ്ങൾ പ്രാവർത്തികമായിട്ടില്ല. ആനക്കൂട്ടത്തെ തുരത്താൻ ഇടയ്ക്ക് വനപാലകർ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടതുമില്ല.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഫാമിന് ആശ്വാസം പകരേണ്ട വിളയാണ് കശുമാവ്. പണം ഇല്ലാത്തതിനാൽ 5 മാസമായി ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളം നൽകിയിട്ടില്ല. 8 കോടി രൂപ എങ്കിലും ലഭിച്ചാൽ മാത്രമേ ഫാം നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കര കയറൂ. ഇതിനായി സർക്കാരിന്റെ ഗ്രാന്റ് തേടുന്നതിനിടെ ആണു കശുവണ്ടി ശേഖരണവും പ്രതിസന്ധിയാലാകുന്നത്.∙ 

8 വർഷത്തിനിടെ 11 പേരെയാണ് കാട്ടാന കൊന്നത്. ഫാമിൽ മാത്രം 32 കോടിയോളം രൂപയുടെ കൃഷി നാശം 3 വർഷത്തിനിടെ ഉണ്ടായി. ആദിവാസി, ജനവാസ മേഖലയിലെ നഷ്ട കണക്ക് ഇതിനു പുറമേ വരും. 70 ലധികം ആനകൾ ഫാമിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിനിടെ കടുവയും 1 മാസത്തോളം ഫാമിൽ തമ്പടിച്ച് ഭീതി പരത്തിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha