ജല വിതരണം നിലച്ചു: കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലെ രോഗികൾ ദുരിതത്തിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പരിയാരം: പരിയാരത്തെ ജലവിതരണം നിലച്ചതോടെ പ്രതിസന്ധിയിലായത് നൂറുകണക്കിനു രോഗികളും കൂട്ടിരിപ്പുകാരും. വെള്ളം കിട്ടാതായതോടെ ആശുപത്രി കാന്റീനിൽ നിന്നു രോഗികൾക്കുള്ള ചൂടുവെള്ള വിതരണവും നിലച്ചു. ഗുളിക കഴിക്കാനുള്ള വെള്ളത്തിനുപോലും രോഗികളും കൂട്ടിരിപ്പുകാരും കഷ്ടപ്പെട്ടു. ഭക്ഷണം കഴിച്ചാൽ കൈകഴുകാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുമായി കുപ്പിവെള്ളം വിലകൊടുത്തുവാങ്ങുകയാണ് പലരും.

പ്രതിഷേധിച്ച് രോഗികൾ

മെഡിക്കൽ കോളജിലെ ജലവിതരണം പൂർണമായി നിലച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധവുമായി രംഗത്തു വന്നു. തുടർന്ന് ആശുപത്രി അധികൃതർ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്ന് ടാങ്കറിൽ വെള്ളമെത്തിച്ചെങ്കിലും ആവശ്യമായ വെള്ളത്തിന്റെ 25 ശതമാനം പോലും എത്തിക്കാനായില്ല. രോഗികളുടെ കൂട്ടിരിപ്പുകാർ താഴെയെത്തി ബക്കറ്റിൽ വെള്ളം കൊണ്ടുപോയാണ് ആവശ്യങ്ങൾ നിറവേറ്റിയത്. മുകൾ നിലകളിലുള്ളവരാണ് കൂടുതൽ ബുദ്ധിമുട്ടിയത്.

ശസ്ത്രക്രിയയടക്കം പകുതിയാക്കി

ജലക്ഷാമം രൂക്ഷമായതോടെ ആശുപത്രിയുടെ പ്രവർത്തനവും അധികൃതർ ഭാഗികമാക്കി. ശസ്ത്രക്രിയകൾ പകുതി മാത്രമാണു നടത്തിയത്. ഡയാലിസിസ് യൂണിറ്റിന്റെയും ലാബിന്റെയും പ്രവർത്തനം ഏറ്റവും അത്യാവശ്യക്കാർക്കു മാത്രമായി ചുരുക്കി.പ്രതിസന്ധിമൂൻകൂട്ടി കണ്ടില്ലദേശീയപാത നവീകരിക്കുന്നതിന്റെ ഭാഗമായി

പാതയോരത്തെ ആശുപത്രിയിലേക്കുള്ള ജല വിതരണ പൈപ്‌ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി 2 ദിവസം മുൻപ് തുടങ്ങിയിരുന്നു. ഒരു ദിവസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്നു കരുതിയ കോളജ് അധികൃതർ വാട്ടർടാങ്കിൽ ഒരു ദിവസത്തേക്ക് ആവശ്യമായ വെള്ളം ശേഖരിക്കുകയും ചെയ്തു.

എന്നാൽ പൈപ്‌ലൈൻ മാറ്റിസ്ഥാപിച്ചതിനു ശേഷം ജലവിതരണം തുടങ്ങിയപ്പോൾ പൈപ്പ് പൊട്ടിയതോടെ വീണ്ടും പമ്പിങ് നിർത്തിവയ്ക്കേണ്ടിവന്നു. ഈ സാഹചര്യം മുൻകൂട്ടിക്കണ്ട് കരുതൽ നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്കു കാരണമായത്.കഴിഞ്ഞ ദിവസം രാത്രി പൈപ്പ് പൊട്ടിയതോടെ ഇന്നലെ രാവിലെ മുതൽ വെള്ളം കിട്ടാനില്ലാത്ത അവസ്ഥയായി.

ജലക്ഷാമത്തിന് ശാശ്വത പരിഹാരമില്ല

കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും മെഡിക്കൽ കോളജിലെ ജലക്ഷാമത്തിനു ശാശ്വത പരിഹാരമില്ല. പലപ്പോഴും ആവശ്യത്തിനു വെള്ളം കിട്ടാത്തതിനാൽ ദുരിതമനുഭവിക്കുകയാണ് രോഗികൾ. മെഡിക്കൽ കോളജ്, ആശുപത്രി, നഴ്സിങ് കോളജ്, പാരാമെഡിക്കൽ കോളജ്, ജീവനക്കാരുടെ ക്വാർട്ടേഴ്സ്, വിദ്യാർഥി ഹോസ്റ്റലുകൾ എന്നിവ മെഡിക്കൽ കോളജ് ക്യാംപസിലുണ്ട്.

ജല വിതരണത്തിലെ ഒരു പൈപ്പ് പൊട്ടിയാലും ആശുപത്രിയിലേക്കുള്ള ജലവിതരണം പൂർണമായി നിലയ്ക്കുമെന്നതാണു നിലവിലെ സ്ഥിതി. ബദൽ സംവിധാനമൊരുക്കാത്തതാണു പ്രശ്നത്തിനു കാരണം.മെഡിക്കൽ കോളജ് ക്യാംപസിലെ വിവിധ സ്ഥാപനങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത് ചന്തപ്പുര വണ്ണാത്തിപ്പുഴയിൽ നിന്നാണ്.

പുഴയുടെ അരികിലായി വലിയ കിണറും പമ്പ്ഹൗസും വർഷങ്ങൾക്കുമുൻപേ സ്ഥാപിച്ചിരുന്നു. ചന്തപ്പുര–പിലാത്തറ വഴി ദേശീയപാതയുടെ സമീപം പെപ്പ് സ്ഥാപിച്ചാണ് വെള്ളമെത്തിക്കുന്നത്. കാലപ്പഴക്കമുള്ള പൈപ്പ് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ദിവസവും 22 മണിക്കൂർ വീതം മെഡിക്കൽ കോളജിന് ആവശ്യമായ വെള്ളം പമ്പു ചെയ്തിരുന്ന കിണർ നഷ്ടമായതും ജലക്ഷാമം രൂക്ഷമാകാൻ കാരണമായി. ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി എമ്പേറ്റിൽ സ്ഥാപിച്ച മെഡിക്കൽ കോളജിന്റെ കിണറും പമ്പ്ഹൗസുമാണ് ദേശീയപാതാ വികസനത്തിൽ നഷ്ടമായത്.

മെഡിക്കൽ കോളജിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുന്നതിനായി നിർമിച്ച കൂറ്റൻ ജലസംഭരണി ഉപയോഗിക്കാതെ നശിക്കുകയും ചെയ്തു. ഒരേക്കർ സ്ഥലത്തുള്ള സംഭരണിയിൽ ഒരു കോടി ലീറ്റർ മഴവെള്ളം സംഭരിക്കാൻ സാധിക്കുന്നതായിരുന്നു. എന്നാൽ 60 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച സംഭരണി ഉപയോഗപ്രദമാക്കാതെ നശിച്ചു. ഇപ്പോൾ കൊതുകുവളർത്തൽ കേന്ദ്രമായി സംഭരണി മാറിയിട്ടുണ്ട്.

മെഡിക്കൽ കോളജ് ആശുപത്രിയിലെയും മറ്റു സ്ഥാപനങ്ങളിലെയും ജലക്ഷാമത്തിനു ശാശ്വത പരിഹരിക്കാനായി അധികൃതർ ജലസേചന വകുപ്പിൽ 37 ലക്ഷം രൂപ അടച്ചിട്ടുണ്ട്. പൈപ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കിയും മെഡിക്കൽ കോളജിന് അടുത്തുള്ള അലക്യം തോടിനു സമീപം പുതിയ കിണറും പമ്പ്ഹൗസും നിർമിച്ചും ജലസംഭരണി പ്രയോജനപ്പെടുത്തിയുമാണ് ജലക്ഷാമം പരിഹരിക്കേണ്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha