കാടുകയറി പഴശ്ശി കനാലുകൾ നശിക്കുന്നു: കൃഷിയിടങ്ങൾക്ക് ഭീഷണി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 23 February 2023

കാടുകയറി പഴശ്ശി കനാലുകൾ നശിക്കുന്നു: കൃഷിയിടങ്ങൾക്ക് ഭീഷണി

ചക്കരക്കല്ല് : വറ്റിവരണ്ടും നിറയെ കാടും മുൾപടർപ്പും മാലിന്യവും നിറഞ്ഞ് ദുരിതമായി മാറുകയാണ് കനാലുകൾ. കിലോമീറ്ററുകൾ ദൈർഘ്യത്തിൽ നാടാകെ വ്യാപിച്ചുകിടക്കുന്ന പഴശ്ശികനാൽ ഭൂരിഭാഗം സ്ഥലങ്ങളിലും കാടുകയറി ഉപയോഗശൂന്യമായി.

പലഭാഗങ്ങളും മാലിന്യം തള്ളാനുള്ള ഇടമായിമാറി. കാട് നിറഞ്ഞ കനാലുകളിൽ കാട്ടുപന്നികൾ വരുന്നു. ഒപ്പം തെരുവുനായ്ക്കളും കുറുക്കൻമാരുമുണ്ട്. കനാലുകളോടുചേർന്നുള്ള ഈ ഭാഗത്തെ റോഡുകൾ വിദ്യാർഥികൾ ഉൾപ്പെടെ ഉപയോഗിക്കുന്നതാണ്. ജില്ലയിലെ കാർഷികമേഖലയ്ക്ക് പുത്തനുണർവേകി കാർഷികമേഖലയെ പരിപോഷിപ്പിക്കാനും ജലസേചനസൗകര്യം വർധിപ്പിച്ച് കൂടുതൽ പ്രദേശം കൃഷിയോഗ്യമാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയുടെ അവസ്ഥയാണിത്.

കാട്ടുപന്നികൾ കൂടുതൽ വിഹരിക്കുന്നത് കാടുകൾ നിറഞ്ഞ കനാലുകളിലും പരിസരങ്ങളിലുമാണ്. കാട്ടുപന്നികളിൽനിന്ന് വിളകളെ സംരക്ഷിക്കാൻ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം. കനാലുകളിലെ കാടുകൾ വെട്ടിത്തെളിച്ച് ശുചീകരിക്കണം. മാലിന്യം തള്ളുന്നത് കർശനമായി നിരോധിക്കണം.

കാർഷികമേഖലയ്ക്ക് ഗുണകരമാക്കണം

പഴശ്ശി മെയിൻ കനാലിന്റെ ചോർച്ചതടഞ്ഞ് സുരക്ഷിതമാക്കാനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കനാലിന്റെ ഉൾഭാഗത്ത് ചെങ്കല്ല് പാകി കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. തരിശുപാടങ്ങളെ കൃഷിയോഗ്യമാക്കാൻ തുടങ്ങിയ പദ്ധതിയുടെ ഭാഗമായാണ് നവീകരണം. ചോർച്ച പരിഹരിച്ചാൽ കൂടുതൽ വയലുകളിൽ കൃഷിയിറക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് കർഷകർ പങ്കുവെക്കുന്നത്. ചോർച്ചയുള്ള ഭാഗങ്ങൾ മുഴുവൻ നവീകരിച്ചാൽ കാർഷികമേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിയും. എന്നാൽ, ആവശ്യത്തിന് വെള്ളം കിട്ടുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്. ജില്ലയിലെ 11525 ഹെക്ടർ വരുന്ന കൃഷിയിടങ്ങളെ കാർഷികസമൃദ്ധിയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 40 വർഷം മുൻപ്‌ തുടങ്ങിയതാണ് പഴശ്ശി പദ്ധതി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog