മാഹി:ഇന്ധന വില കേരളവുമായി
താരതമ്യം ചെയ്താൽ പെട്രോളിന് 12 രൂപയോളം വ്യത്യാസം മാഹിയിൽ നിലവിലുണ്ട്. ഡീസലിനും വൻ വ്യത്യാസം തന്നെയാണുള്ളത്. അതിനാൽ തന്നെ കണ്ണൂർ – കോഴിക്കോട് വഴി കടന്നു പോകുന്ന വാഹനങ്ങളെല്ലാം തന്നെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളെയാണ് ആശ്രയിക്കുന്നത്.
കേരള ബജറ്റിൽ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് രണ്ടു രൂപ സെസ് കൂട്ടുവാൻ തീരുമാനിച്ചതോടെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിലെ തിരക്ക് ഇനിയും കൂടും. 2022 മേയ് മൂന്നിന് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ എക്സ്സൈസ് ഡ്യൂട്ടി കുറച്ച ശേഷം കഴിഞ്ഞ എട്ടു മാസത്തോളമായി എണ്ണക്കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല.
തുടർന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് വിൽപ്പന നികുതി കുറയ്ക്കുവാൻ ആവശ്യപ്പെട്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നികുതി വർദ്ധിപ്പിക്കാതിരുന്ന കേരളം കുറച്ചിരുന്നില്ല.കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി ഉൾപ്പെട്ട മാഹിയിൽ പുതുച്ചേരി സർക്കാർ നികുതി കുറച്ചതോടെ കേരളവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ധനങ്ങൾക്ക് വിലയിലെ അന്തരം വലുതായി.
മാഹിയിൽ ലിറ്ററിന് 10 രൂപയക്ക് മേൽ വ്യത്യാസം വന്നതോടെ മാഹിയിൽ ഇന്ധന വിൽപ്പന ഇരട്ടിയിലധികമായി തുടരുകയായിരുന്നു. മാഹിയിൽ പെട്രോൾ വില ലിറ്ററിന് 93.80 രൂപയുള്ളപ്പോൾ കേരളത്തിൽ 106.03 രൂപയാണ് വില. ഡീസലിന് മാഹിയിൽ 83.72 രൂപയും കേരളത്തിൽ 94.96 രൂപയുമാണ് ഇന്നത്തെ വില.
അതേസമയം മാഹിയിൽ നിന്ന് ഇന്ധന കടത്തും തകൃതിയായി നടക്കുന്നു എന്ന പരാതിയും ഉയരുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും രണ്ട് രൂപ കേരളത്തിൽ കൂ ട്ടുന്നത്. ഇതോടെ കേരളത്തെ അപേക്ഷിച്ച് പെട്രോളിന് ലിറ്ററിന് 14 രൂപയും ഡീസലിന് 13 രൂപയും മാഹിയിൽ കുറയും. ബജറ്റിലെ സെസ് കൂടി കേരളത്തിൽ നിലവിൽ വരുമ്പോൾ മാഹിമേഖലയിലെ 16 പമ്പുകളിലും ഇനി തിരക്കോട് തിരക്ക്
തന്നെയായിരിക്കും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു