കണ്ണൂർ: വിളർച്ചമുക്ത കേരളത്തിനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച ‘വിവ (വിളർച്ചയിൽനിന്ന് വളർച്ചയിലേക്ക്) കേരളം’ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച നടക്കും. തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ മുഖ്യാതിഥിയായിരിക്കും.
പരിപാടിയുടെ പ്രചാരണ ഭാഗമായി സ്ത്രീകളുടെ നേതൃത്വത്തിൽ പട്ടം പറത്തൽ, ദീപം തെളിക്കൽ, സൈക്കിൾ റാലി, കരാട്ടെ പ്രദർശനം, രക്തപരിശോധനാക്യാമ്പ് എന്നിവ നടത്തി.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വനിതാ ശിശുവികസനവകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസവകുപ്പ്, ഫിഷറീസ്, തദ്ദേശ സ്വയംഭരണവകുപ്പ് സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. 15 മുതൽ 59 വയസ്സു വരെയുള്ളവരിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എട്ടിന് ഉച്ചയ്ക്ക് രണ്ടരമുതൽ 3.50 വരെ സ്ത്രീകളുടെ അനീമിയ പരിശോധനാകൗണ്ടർ സജ്ജീകരിക്കും. പോഷകാഹാര പ്രദർശന കൗണ്ടർ, പോഷക പൂക്കളം തുടങ്ങിയവയും ഉണ്ടാകും.
തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ ജമുനാറാണി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.നാരായണ നായ്ക്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ.അനിൽകുമാർ, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. ബി.സന്തോഷ് എന്നിവർ പങ്കെടുത്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു