ധർമടം : “ജീവിതത്തിലൊരിക്കലെങ്കിലും അണ്ടലൂരേക്ക് വരണം, ഉത്സവം കൂടണം. പിന്നീടൊരു കാന്തംപോലെ ഈ ദേശം നിങ്ങളെ ആകർഷിക്കും’’. അണ്ടലൂരിൽ ഉത്സവകാലത്തെത്തി പ്രദേശത്തെ വീടുകളിൽനിന്ന് അവിലും മലരും പഴവും കഴിക്കുമ്പോൾ ഏതൊരാളും സുഹൃത്തുക്കളോട് വിളിച്ചുപറയും ഈ ആഹ്ലാദം. അണ്ടലൂർ ഉത്സവത്തിന് തെയ്യക്കോലങ്ങൾ കെട്ടിയാടാൻ തുടങ്ങിയതോടെ മറ്റു പ്രദേശങ്ങളിൽനിന്ന് എത്തുന്ന ആളുകളുടെ എണ്ണം കൂടി. മീത്തലെ പീടികയിലും ചിറക്കുനിയിലും പടന്നക്കരയിലും സമീപപ്രദേശങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി.
കത്തിയെരിയുന്ന ഉച്ചവെയിലിനെ അവഗണിച്ച് ബാലി – സുഗ്രീവ യുദ്ധം കാണാൻ ശനിയാഴ്ച നൂറുകണക്കിനാളുകളെത്തി. തിരുമുറ്റത്തെ അരയാലിൻ ചുവട്ടിൽ അസുരവാദ്യത്തിന്റെ അകമ്പടിയോടെ ആദ്യം ബാലി രംഗപ്രവേശനം ചെയ്യുകയും താളത്തിനൊപ്പിച്ച് ചുവടുവച്ച് പീഠത്തിലേറി സുഗ്രീവനെ യുദ്ധത്തിനായി വെല്ലുവിളിച്ചു. വെല്ലുവിളി സ്വീകരിച്ചെത്തിയ സുഗ്രീവനും ബാലിയും തമ്മിൽ വാളും പരിചയുമായി ഉഗ്രൻ യുദ്ധം. ഒരു മണിക്കൂറോളം നീണ്ട യുദ്ധത്തിൽ ബപ്പൂരൻ മധ്യസ്ഥം വഹിക്കുന്നതോടെ പോരാട്ടം അവസാനിക്കുന്നു. തിങ്കൾ ഉച്ചവരെ അണ്ടലൂർ കാവിൽ ബാലീ - സുഗ്രീവയുദ്ധം ഉണ്ടാകും.
ശനി പകൽ വിവിധ തെയ്യങ്ങൾ കെട്ടിയാടി. സന്ധ്യയോടെ ദൈവത്താറിന്റെ തിരുമുടിയുയർന്നു. രാത്രി എട്ടോടെ തോർത്തും ബനിയനും ധരിച്ച വില്ലുകാരുടെ അകമ്പടിയോടെയായിരുന്നു തിരുമുടിയേറ്റം. തെയ്യങ്ങൾക്കൊപ്പം വില്ലുകാരുടെ ക്ഷേത്രപ്രദക്ഷിണം കഴിഞ്ഞതിനുശേഷം നേർച്ച വാങ്ങി ആട്ടത്തിനായി താഴെക്കാവിലേക്ക്. ഞായർ പുലർച്ചെ താഴെക്കാവിലെ ആട്ടത്തിന് ശേഷം അണ്ടലൂർ ദേശവാസികളുടെ വെടിക്കെട്ടിന്റെ പശ്‌ചാത്തലത്തിൽ ദൈവത്താറീശ്വരന്റെ തിരിച്ചെഴുന്നള്ളത്ത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു