മാലൂർ പഞ്ചായത്തിനെയും ചിറ്റാരിപ്പറമ്പ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കുണ്ടേരിപ്പൊയിൽ പുഴയ്ക്കു കുറുകെയുള്ള കോട്ടയിൽ പാലം യാഥാർഥ്യമാകുന്നു. പൈലിങ് ആരംഭിച്ചു. പുതിയ പാലം നിർമിക്കുന്ന സ്ഥലത്തേക്കു യന്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ എത്തിക്കാൻ പുഴയുടെ ഇരുഭാഗത്തും റോഡ് നിർമിച്ചു. നിലവിലുള്ള കോൺക്രീറ്റ് നടപ്പാലത്തിന് സമീപത്തായാണ് പുതിയ പാലം നിർമിക്കുന്നത്. ഇവിടെ പാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് 80 വർഷത്തെ പഴക്കമുണ്ട്. 2023 ഒക്ടോബറിൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്നാണു കരാറുകാരോടു സമയപരിധി പറഞ്ഞിരിക്കുന്നത്.
4.94 കോടി രൂപ ചെലവിട്ടാണ് കോട്ടയിൽ കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് കുറുകെ പാലം നിർമിക്കുന്നത്. പാലത്തിലേക്കുള്ള അനുബന്ധ റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിനുൾപ്പെടെയാണ് ഈ തുക ചെലവാകുക.
60 മീറ്ററുള്ള പുതിയ പാലത്തിന് 20 മീറ്റർ വീതമുള്ള 3 സ്പാനുകളാണ് ഉണ്ടാകുക. പാലത്തിലേക്ക് കോട്ടയിൽ ഭാഗത്ത് 90 മീറ്റർ നീളത്തിലും കുണ്ടേരിപ്പൊയിൽ ഭാഗത്ത് 119 മീറ്റർ നീളത്തിലും അനുബന്ധ റോഡ് നിർമിക്കണം. ഇതോടൊപ്പം പുഴയുടെ ഇരുകരകളും ബലപ്പെടുത്തുകയും വേണം.
50 വർഷങ്ങൾക്കു മുൻപു നിർമിച്ച കോൺക്രീറ്റ് നടപ്പാലമാണ് നിലവിൽ പുഴ കടക്കാനുള്ള നാട്ടുകാരുടെ ഏക ആശ്രയം. പുഴ കരകവിഞ്ഞ് ഒഴുകുമ്പോൾ ഇതുവഴി യാത്ര ചെയ്യാൻ കഴിയാറില്ല. നടപ്പാലത്തിന്റെ കൈവരികൾ തകർന്ന നിലയിലുമാണ്.
കാൽനട യാത്രക്കാരും ഇരുചക്ര വാഹനങ്ങളും മാത്രമാണു നടപ്പാലം വഴി കടന്നുപോകുന്നത്. പുഴയുടെ ഇരുകരകളിലും ടാർ റോഡും ബസ് സർവീസും നിലവിലുണ്ട്. പുഴയുടെ ഇരുകരകളിലും ഉള്ളവർക്കു വാഹനത്തിൽ 20 മീറ്റർ വീതിയുള്ള പുഴയുടെ മറുകരയിലെത്താൻ നിലവിൽ 6 കിലോമീറ്റർ ദൂരം ചുറ്റി സഞ്ചരിക്കണം. പാലം യാഥാർഥ്യമാകുന്നതോടെ ചിറ്റാരിപ്പറമ്പിൽ നിന്ന് മാലൂർ, മട്ടന്നൂർ വിമാനത്താവളം, പേരാവൂർ, കൊട്ടിയൂർ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു