നാഗർകോവിൽ: ഷാരോൺ രാജ് കേസ് കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ചർച്ചയാകുന്നുണ്ട്. ഇതോടെ, സമാനമായ ഒരു കേസ് കൂടി ചർച്ചയാകുന്നു. നിദ്രവിളയിലെ 19 കാരിയുടെ മരണം കൊലപാതകമാണെന്നും, ആൺസുഹൃത്ത് നൽകിയ പാനീയം കുടിച്ചാണ് പെൺകുട്ടിക്ക് സുഖമില്ലാതായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മ പോലീസിൽ പരാതി നൽകി. വാവറ പുളിയറത്തലവിളവീട്ടിൽ സി.അഭിത(19)യാണ് ശനിയാഴ്ച മരിച്ചത്.
അഭിതയുടെ സുഹൃത്തായ യുവാവിനെതിരേ അന്വേഷണം ആവശ്യപ്പെട്ടാണ് അമ്മ തങ്കബായ് നിദ്രവിള പോലീസിൽ പരാതി നൽകിയത്. അഭിതയ്ക്ക് യുവാവ് വിവാഹവാഗ്ദാനം നൽകിയിരുന്നെന്നും പിന്നീട് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെന്നുമാണ് അമ്മ പറയുന്നത്. ഇയാൾ സ്ലോപോയിസൺ നൽകി അഭിതയെ കൊലപ്പെടുത്തി എന്നാണ് ഉയരുന്ന ആരോപണം. അഭിതയുടെ അമ്മയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കളിയിക്കാവിളയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയായിരുന്നു അഭിത. വീടിനടുത്തുള്ള യുവാവുമായി ഇവർ രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. യുവാവ് അഭ്യതയ്ക്ക് വിവാഹവാഗ്ദാനം നൽകിയിരുന്നു. ഇതിനെ കുറിച്ച് യുവതിയുടെ അമ്മയ്ക്ക് അറിയാമായിരുന്നു. എന്നാൽ, കാമുകന്റെ വീട്ടുകാർ ഇവരുടെ പ്രണയത്തിനെതിരായിരുന്നു. സെപ്തംബർ ഏഴിന് അഭിത കാമുകനെ കാണാൻ പോയിരുന്നു. ഒറ്റയ്ക്ക് കാണണമെന്ന യുവാവിന്റെ ആവശ്യത്തെ തുടർന്നാണ് അഭിത എത്തിയത്.
ഈ കൂടിക്കാഴ്‌ച്ചയ്ക്കിടെ യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും ഇത് കുടിച്ച ശേഷം അഭിതയ്ക്ക് മാരകമായ വയറുവേദന അനുഭവപ്പെടുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, അഭിതയുടെ ശരീരത്തിനുള്ളിൽ സ്ലോപോയിസൺ പോലുള്ള ദ്രാവകം കണ്ടതായി ഡോക്ടർ അറിയിച്ചുവെന്ന് അമ്മ പോലീസിനോട് പറഞ്ഞു. അഭിതയുടെ കരൾ പൂർണമായും തകരാറിലായിരുന്നെന്നാണ് ഡോക്ടർ അറിയിച്ചത്. പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം തള്ളുന്നില്ലെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കൂടുതൽ വിശദീകരണങ്ങളിലേക്കുള്ളുവെന്ന നിലപാടിലാണ് പോലീസ്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു