കാട്ടാന ഭീഷണിയെ തുടര്‍ന്ന് ആറളം ഫാം കീഴ്പ്പള്ളി- പാലപ്പുഴ റോഡില്‍ രാത്രി യാത്ര നിലച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കാട്ടാന ഭീഷണിയെ തുടര്‍ന്ന് ആറളം ഫാം കീഴ്പ്പള്ളി- പാലപ്പുഴ റോഡില്‍ രാത്രി യാത്ര നിലച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ രാത്രി ഡ്യൂട്ടിയും ഒഴിവാക്കി. ആറളം ഫാമില്‍ ആറാം ബ്ലോക്കില്‍ കക്കുവക്ക് സമീപം കാട്ടാനക്കൂട്ടം കീഴ്പ്പള്ളി- പാലപ്പുഴ റോഡരികില്‍ സ്ഥിരമായി താവളമാക്കിയതോടെയാണ് അപകടഭീതിയില്‍ ഇതുവഴിയുള്ള രാത്രി യാത്ര നിലച്ചത്. കക്കുവയില്‍ ഏര്‍പ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരുടെ രാത്രി ഡ്യൂട്ടിയാണ് ഫാം അധികൃതര്‍ ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം സെക്യൂരിറ്റി ഓഫിസിന് സമീപമെത്തിയ ആനക്കൂട്ടം റോഡരികില്‍ മുമ്പ് ഹോട്ടലായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ത്തിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും വളര്‍ന്ന് പന്തലിച്ചു നിന്ന മുളച്ചെടികളും വ്യാപകമായി നശിപ്പിച്ചു. ഒരുമാസത്തിലധികമായി ആനക്കൂട്ടം ഇവിടങ്ങളിലാണ് രാത്രികളില്‍ താവളമാക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. റോഡിലും റോഡിനോട് ചേര്‍ന്ന ഭാഗത്തും സ്ഥിരമായി ആനകളെ കണ്ടതോടെ ഇതുവഴി വൈകീട്ട് ആറിന് ശേഷം സ്ഥിരമായി പോകുന്ന വാഹനങ്ങള്‍ പോലും പോകാതെയായി. ആദിവാസി കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയോട് ചേര്‍ന്ന പ്രദേശമാണിത്. വൈകീട്ട് ആറുമണി കഴിഞ്ഞാല്‍ പ്രദേശവാസികളാരും പുറത്തിറങ്ങാറില്ല. കീഴ്പ്പള്ളിയും ആറളം ഫാമുമായി അതിര്‍ത്തി പങ്കിടുന്ന കക്കുവ പുഴയോട് ചേര്‍ന്ന ഭാഗത്താണ് ആനഭീഷണി രൂക്ഷമായിരിക്കുന്നത്. ഫാമിന്റെ അധീനതയിലുള്ള ഭൂമിയില്‍ വളര്‍ന്നു നില്‍ക്കുന്ന മുള തിന്നാനാണ് ആനക്കൂട്ടം എത്തുന്നത്. വൈകീട്ട് ആറോടെ ഒറ്റയായും കൂട്ടമായും എത്തുന്ന ആനക്കൂട്ടം പുലര്‍ച്ചെ അഞ്ചു വരെയെങ്കിലും മേഖലയിലുണ്ടാകും. പത്തിലധികം ആനകളുണ്ടെന്നാണ് പറയുന്നത്. ആനശല്യം രൂക്ഷമായതോടെ പുലര്‍ച്ചെയുള്ള ടാപ്പിങ് തൊഴിലും വൈകിയാണ് ആരംഭിക്കുന്നത്. ആറളം ഫാം നിലവില്‍ വന്നതുമുതലുള്ള സുരക്ഷ സംവിധാനമാണ് ആന ഭീഷണി മൂലം ഇല്ലാതായിരിക്കുന്നത്. ഫാമിന്റെ അതിര്‍ത്തിയായ കക്കുവയിലും പലപ്പുഴയിലും രണ്ട് സുരക്ഷ ഓഫിസുകളാണ് ഉണ്ടായിരുന്നത്. ഫാം കേന്ദ്ര സര്‍ക്കാറിന്റെ അധീനതയിലുള്ളതു മുതല്‍ തുടങ്ങിയതായിരുന്നു. എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളായാണ് സുരക്ഷ ഒരുക്കിയിരുന്നത്. ഫാമിലേക്ക് വരുന്നതും പോകുന്നതുമായ ഏത് വാഹനവും പരിശോധനക്ക് വിധേയമായിരുന്നു. ഫാമിലെ വിഭവങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം അനധികൃത കടന്നുകയറ്റവും തടയുകയായിരുന്നു ലക്ഷ്യം. ആന ഭീഷണി രൂക്ഷമായതോടെ കക്കുവ അതിര്‍ത്തിയില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് നാലുവരെയായി ചുരുക്കി. ആനക്കൂട്ടം വന്‍തോതില്‍ എത്തിയതോടെ പ്രദേശവാസികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. വനമേഖലയില്‍ നിന്നും കിലോമീറ്റര്‍ അകലെയുള്ള പ്രദേശമായിട്ടും ആനകളെ കാട്ടിലേക്ക് തുരത്താനുള്ള നടപടികള്‍ ഒന്നും ഉണ്ടാകുന്നുമില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha