കണ്ണൂർ ജില്ലാ പഞ്ചായത്തിനും തിരുവനന്തപുരം നഗരസഭയ്ക്കും കോഴിക്കോട് ജില്ലാ ഭരണകൂടത്തിനും ഭിന്നശേഷി സൗഹൃദ പുരസ്‌കാരം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 16 November 2022

കണ്ണൂർ ജില്ലാ പഞ്ചായത്തിനും തിരുവനന്തപുരം നഗരസഭയ്ക്കും കോഴിക്കോട് ജില്ലാ ഭരണകൂടത്തിനും ഭിന്നശേഷി സൗഹൃദ പുരസ്‌കാരം





കണ്ണൂർ ജില്ലാ പഞ്ചായത്തിനും തിരുവനന്തപുരം നഗരസഭയ്ക്കും കോഴിക്കോട് ജില്ലാ ഭരണകൂടത്തിനും ഭിന്നശേഷി സൗഹൃദ പുരസ്‌കാരം

ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂർ തെരഞ്ഞെടുത്തു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ ഭരണകൂടത്തിനുള്ള പുരസ്‌കാരം കോഴിക്കോടും കോർപ്പറേഷനുള്ള പുരസ്‌കാരം തിരുവനന്തപുരവും ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം നിലമ്പൂരും മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം തൃശൂർ ജില്ലയിലെ അരിമ്പൂരും നേടി. ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിനു പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



ഭിന്നശേഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരൻ, തൊഴിൽദായകർ, എൻ.ജി.ഒ, മാതൃകാവ്യക്തി, സർഗാത്മകകഴിവുള്ള കുട്ടി, കായിക താരം, ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾക്ക് അർഹരായിട്ടുള്ളവർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, എൻജിഒകൾ നടത്തി വരുന്ന പുനരധിവാസ കേന്ദ്രങ്ങൾ, സാമൂഹ്യനീതി വകുപ്പിലെ മികച്ച ഭിന്നശേഷി സ്ഥാപനം, ഭിന്നശേഷി സൗഹൃദ റിക്രിയേഷൻ സെന്ററുകൾ, ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാൻ സഹായകമാകുന്ന പുതിയ പദ്ധതികൾ/ ഗവേഷണങ്ങൾ/സംരംഭങ്ങൾ എന്നിങ്ങനെ ഇരുപത് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.



വിജിമോൾ വി.എസ് (തിരുവനന്തപുരം), ഉഷ എസ് (തിരുവനന്തപുരം), സീന എ.സി (തൃശൂർ), ഡോ. ബാബു രാജ് .പി.ടി (കോട്ടയം), ഷിജു എൻ.വി (കണ്ണൂർ) എന്നിവർ ഗവൺമെന്റ് ജീവനക്കാരുടെ വിഭാഗത്തിൽ ഭിന്നശേഷി പുരസ്‌കാരത്തിന് അർഹരായി. സ്വകാര്യ മേഖലയിൽ നിന്നു നീതു കെ.വി (കണ്ണൂർ), തോമസ് എ.ടി (ഇടുക്കി) എന്നിവർ പുരസ്‌കാരം നേടി. ഭിന്നശേഷി പ്രോത്സാഹന തൊഴിൽ അന്തരീക്ഷമൊരുക്കി നൽകിയ തൊഴിൽദാതാക്കളിൽ തൃശൂരിൽ നിന്നുള്ള റോസ്മിൻ മാത്യു( ഐഎഎൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച്) പുരസ്‌കാരം നേടി.



കാസർഗോഡ് പെർലയിലുള്ള നവജീവൻ, കോട്ടയം വാഴൂരിലെ ആശാനിലയം സ്‌പെഷ്യൽ സ്‌കൂൾ, മലപ്പുറത്തുള്ള എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡ് എൻജിഒയ്ക്കുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കി. മാതൃകാവ്യക്തിയ്ക്കുള്ള ഈ വർഷത്തെ ഭിന്നശേഷി പുരസ്‌കാരം ധന്യ പി(കോഴിക്കോട്), ജിമി ജോൺ (വയനാട്) എന്നിവർ സ്വന്തമാക്കി. സർഗാത്മക കഴിവുതെളിയിച്ച കുട്ടികളായ അനന്യ ബിജേഷ് (തിരുവനന്തപുരം), നയൻ എസ്.(കൊല്ലം), കെ.എസ് അസ്‌ന ഷെറിൻ (തൃശൂർ) എന്നിവർക്കും പുരസ്‌കാരമുണ്ട്. ഭിന്നശേഷി മേഖലയിൽ നിന്നുള്ള മികച്ച കായികതാരത്തിനുള്ള പുരസ്‌കാരത്തിന് പൊന്നു പി.വി (വയനാട്). വിഷ്ണു പി.വി (തൃശൂർ), അർഷക് ഷാജി (തിരുവനന്തപുരം) എന്നിവർ അർഹരായി. ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള പ്രശാന്ത് ചന്ദ്രനും (തിരുവനന്തപുരം)പുരസ്‌കാരമുണ്ട്.


മികച്ച പുനരധിവാസ കേന്ദ്രമായി കോട്ടയം ജില്ലയിലെ ആശ്വാസ് വൊക്കേഷണൽ ട്രയിനിങ് സെന്ററും, മികച്ച ഭിന്നശേഷി സൗഹൃദ സർക്കാർ/സ്വകാര്യ സ്ഥാപനമായി മലപ്പുറം ജില്ലയിലെ കേരള സ്‌കൂൾ ഫോർ ദി ബ്ലൈൻഡ് പുരസ്‌കാരം നേടി. ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാൻ സഹായകമാകുന്ന പുതിയ പദ്ധതികൾ/ ഗവേഷണങ്ങൾ/സംരംഭങ്ങൾ എന്ന കാറ്റഗറിയിൽ എൻ.ഐ.പി.എം.ആർ (ഇരിഞ്ഞാലക്കുട, തൃശൂർ) പുരസ്‌കാരത്തിന് അർഹമായി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog