പയ്യന്നൂർ: റെയിൽ പാളത്തിൽ അപകടകരമായ വിധം കല്ലുകൾ പെറുക്കി വച്ച 18 വയസ്സിൽ താഴെ പ്രായമുള്ള 6 വിദ്യാർഥികളെ പൊലീസ് പിടികൂടി മാതാപിതാക്കളുടെ സാന്നിധ്യത്തിൽ താക്കീത് ചെയ്തു വിട്ടു. തൃക്കരിപ്പൂർ–പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകളുടെ മധ്യത്തിൽ രാമവില്യം റെയിൽവേ ഗേറ്റിനു തെക്കു ഭാഗത്ത് ഇളമ്പച്ചി മിനി സ്റ്റേഡിയം പരിസരത്തു കഴിഞ്ഞ ദിവസം രാവിലെയാണു സംഭവം. 11 മുതൽ 14 വയസ്സു വരെ പ്രായക്കാരായ കുട്ടികളാണു റെയിൽ പാളത്തിൽ കല്ലുകൾ അടുക്കി വച്ചത്. കുട്ടികളുടെ സംഘം അപായമുണ്ടാക്കുന്ന തരത്തിൽ കല്ലുകൾ അടുക്കി വയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ റെയിൽവേ അധികൃതരെ വിവരം അറിയിച്ചു. റെയിൽവേ ചന്തേര പൊലീസിനു വിവരം കൈമാറി. എസ്ഐ എം.വി.ശ്രീദാസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി. കുട്ടികൾ നടത്തിയ ഗുരുതരമായ കുറ്റം പൊലീസ് മാതാപിതാക്കളെ ബോധ്യപ്പെടുത്തി. തുടർന്നു താക്കീത് ചെയ്തു വിട്ടു. ജുവനൈൽ ജസ്റ്റിസ് പ്രകാരം പൊലീസ് വിവരം റിപ്പോർട്ട് ചെയ്തു. മിനി സ്റ്റേഡിയത്തിൽ കളിക്കാനെത്തിയ കുട്ടികൾ കളിക്കിടയിൽ റെയിൽ പാളത്തിൽ കയറി കല്ലുകൾ അടുക്കി വയ്ക്കുകയായിരുന്നു. പ്രദേശത്തെ 2 വിദ്യാലയങ്ങളിൽ പഠിക്കുന്നവരാണ് 6 പേരും. സമീപകാലത്ത് ചന്തേര–തൃക്കരിപ്പൂർ–പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പാളത്തിൽ കല്ല് പെറുക്കി വയ്ക്കുന്നതും ട്രെയിനുകൾക്കു നേരെ കല്ലെറിയുന്നതും ഒന്നിലേറെ തവണ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ഇത് ആശങ്ക ഉയർത്തുന്നുണ്ട്. റെയിൽവേ അധികൃതർ ഈ മേഖലയിൽ ജാഗ്രത ശക്തിപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സംവിധാനം കുറ്റമറ്റതാക്കണമെന്നു നാട്ടുകാരും യാത്രക്കാരും ആവശ്യമുന്നയിച്ചു.
പയ്യന്നൂരിൽ വീണ്ടും റെയിൽ പാളത്തിൽ അപകടകരമാം വിധം കല്ലുകൾ; 6 വിദ്യാർഥികളെ പൊലീസ് പിടികൂടി താക്കീത് ചെയ്തു വിട്ടു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു