പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില ദിനം പ്രതി ഉയരുന്നു അരിയിൽ ഉൾപ്പടെ ജി എസ് ടി വന്നതാണ് വിലകയറ്റത്തിന് കാരണമായതെന്ന് വ്യാപാരികൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഓണത്തിന് വേണ്ട വസ്തുക്കളെല്ലാം വിലയില്‍ കുതിക്കുകയാണ്. അരി, പച്ചക്കറികള്‍ തുടങ്ങിയവയ്ക്ക് ദിനംപ്രതി വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അരിയും മറ്റു വസ്തുക്കളും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയതില്‍ ഉണ്ടായ ആശയക്കുഴപ്പമാണ് വിലവര്‍ധനയ്ക്കു കാരണമെന്നു വ്യാപാരികള്‍ പറയുന്നു. ആന്ധ്രയില്‍ നിന്നും മറ്റും വരുന്ന അരിയുടെ അളവില്‍ കുറവുണ്ടായതും വിലക്കയറ്റത്തിനു വഴിവച്ചു. മഴ കാരണം പച്ചക്കറികളും വന്‍തോതില്‍ നശിക്കപ്പെട്ടു. ഇതും വില ഉയരാനുള്ള കാരണമാണ്. അങ്ങനെ സാധാരണക്കാര്‍ക്ക് പ്രതിസന്ധിയുടെ ഓണമാണ് വരാനിരിക്കുന്നത്.

വിപണയില്‍ ഇടപെടേണ്ടത് സിവില്‍ സപ്ലൈസാണ്. ഇതിനെ നയിക്കുന്നത് ശ്രീറാം വെങ്കിട്ടരാമനാണ്. മന്ത്രി ജി ആര്‍ അനിലും ശ്രീറാം അത്ര നല്ല ബന്ധത്തില്‍ അല്ല. ഇതും വില കുറയ്ക്കാനുള്ള ഇടപെടലുകളെ ബാധിക്കുമോ എന്ന ആശങ്ക ശക്തമാക്കുന്നുണ്ട്. ഓണത്തിന് റേഷന്‍ കടവഴി സര്‍ക്കാര്‍ കിറ്റുകള്‍ നല്‍കും. ഇത് ഒരളവു വരെ സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. എന്നാല്‍ സാമ്ബത്തിക പ്രശ്‌നങ്ങളുള്ള സര്‍ക്കാരിന് ഇതിനുള്ള പണം കണ്ടെത്താനാകുമോ എന്ന സംശയവും ശക്തമാണ്. ഇതിനിടെയാണ് വില ഉയര്‍ച്ചയുടെ വാര്‍ത്തകള്‍ വരുന്നത്.

ആന്ധ്രയിലെ വിവിധ ഭാഗങ്ങളില്‍ നെല്‍ക്കൃഷി കുറഞ്ഞതും വൈദ്യുത ക്ഷാമം മൂലം പ്രധാന മില്ലുകളുടെ പ്രവര്‍ത്തനം മുടങ്ങിയതുമാണ് അരിയുടെ വരവ് കുറയാന്‍ കാരണമായതെന്നു മൊത്തവ്യാപാരികള്‍ പറയുന്നു. മുളകിനും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വന്‍ തോതില്‍ വില കയറി. കിലോയ്ക്ക് 35-40 രൂപയ്ക്ക് ലഭിച്ചിരുന്ന ജയ അരിക്ക് ഇപ്പോള്‍ 50 രൂപയ്ക്ക് മുകളിലാണ് മാര്‍ക്കറ്റ് വില. ഓണത്തിന് അരിക്ക് ആവശ്യക്കാര്‍ കൂടും. ഇത് വീണ്ടും വില ഉയര്‍ത്തുമെന്ന സൂചനയുമുണ്ട്.

കായംകുളം മാര്‍ക്കറ്റില്‍ അരിയുടെ മൊത്ത വ്യാപാര വില കിലോയ്ക്ക് 49 രൂപയായി. ചില്ലറ വിപണിയില്‍ അരി വില 52 മുതല്‍ 53 രൂപ വരെയായി. നെല്ല് ക്ഷാമമാണ് അരി വില ഇത്രയും ഉയരാന്‍ കാരണം. പാലക്കാടന്‍ മട്ട അരിയുടെ മൊത്ത വ്യാപാര വില 40 രൂപയിലെത്തി. 2 മാസം മുന്‍പ് കിലോയ്ക്ക് 29 രൂപയായിരുന്നു വില. പച്ചരിക്ക് 24 രൂപയില്‍ നിന്ന് 32 രൂപയായി വര്‍ധിച്ചു. അതിനിടെ ഓണ വിപണിക്ക് വേണ്ടി പൂഴ്‌ത്തി വയ്‌പ്പുകള്‍ നടക്കുന്നുണ്ടോ എന്ന സംശയവും സജീവമാണ്. ഈ സാഹചര്യത്തില്‍ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധനയും നടത്തും.

കഴിഞ്ഞയാഴ്ച 185 രൂപ വിലയുണ്ടായിരുന്ന ചരടന്‍ മുളകിന് ഈ ആഴ്ചത്തെ വില 430 രൂപയാണ്. 110 രൂപ വിലയുണ്ടായിരുന്ന പാണ്ടി മുളക് ഇപ്പോള്‍ ലഭിക്കുന്നത് 330 രൂപയ്ക്കാണ്. 150 രൂപയായിരുന്ന ഉണക്കമുളക് ഒരാഴ്ചയ്ക്കകം വില 300നു മുകളിലായി. ആറിലേറെ ഇനത്തില്‍ വിവിധ തരമായി മുളക് എത്തുന്നുണ്ട്. കിലോയ്ക്ക് 240 രൂപ മുതല്‍ വിലയുള്ള മുളക് വിപണിയില്‍ ലഭ്യമാണെങ്കിലും കൂടുതല്‍ ആവശ്യക്കാരുള്ള ഇനത്തിനാണ് വില കുത്തനെ ഉയര്‍ന്നത്. ലഭ്യതയിലുണ്ടായ അപ്രതീക്ഷിത കുറവാണ് ഇതിനു കാരണം. കര്‍ണാടകയില്‍ നിന്ന് എത്തുന്ന മുളകിന്റെ വരവ് കുറഞ്ഞതും വില കൂടാന്‍ കാരണമായി. വില ഇനിയും ഉയരാനാണു സാധ്യത.

ബ്രാന്‍ഡഡ് ഭക്ഷ്യഉല്‍പന്നങ്ങള്‍ക്കുള്ള അഞ്ച് ശതമാനം നികുതി കടകളില്‍ പായ്ക്ക് ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം നടപ്പില്‍ വന്നതോടെ വിപണിയില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് വിലകൂടിയിരുന്നു. ജനങ്ങളുടെ പ്രതിഷേധം ഒഴിവാക്കാന്‍ തൂക്കിവില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് നികുതിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും ,ഇതില്‍ നികുതി എങ്ങനെ കണക്കാക്കുമെന്നതില്‍ കച്ചവടക്കാര്‍ക്കും നികുതി ഉദ്യോഗസ്ഥര്‍ക്കും അവ്യക്തതയാണ്.മാളുകള്‍,സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പായ്ക്ക് ചെയ്ത് വില്‍ക്കുന്ന സംവിധാനമാണുള്ളത്.

എന്നാല്‍ ചിലയിടങ്ങളില്‍ പായ്ക്ക് ചെയ്തുകൊടുക്കുന്നതിനൊപ്പം തൂക്കി വില്‍ക്കലുമുണ്ട്. 25 കിലോഗ്രാമില്‍ കൂടുതലുള്ള പാക്കറ്റുകള്‍ക്ക് നികുതിയില്ല. എന്നാല്‍ ഇത് വീണ്ടും പായ്ക്ക് ചെയ്ത് വില്‍ക്കുകയാണെങ്കില്‍ നികുതി നല്‍കേണ്ടിവരും.ഇതോടെ കടകളില്‍ തൂക്കിവാങ്ങുന്നവരുടെ എണ്ണം കൂടുന്നത് വ്യാപാരികള്‍ക്ക് കച്ചവടത്തില്‍ പ്രതിസന്ധിയുണ്ടാക്കും. നികുതി റിട്ടേണ്‍ നല്‍കുന്നമ്ബോഴും ഇത് നടപടികള്‍ സങ്കീര്‍ണ്ണമാക്കും.

നിലവില്‍ 40ലക്ഷം രൂപവരെ വാര്‍ഷിക വിറ്റുവരവുള്ള കച്ചവടക്കാര്‍ക്ക് ജി.എസ്.ടി.റിട്ടേണ്‍ നല്‍കേണ്ടതില്ല.എന്നാല്‍ ,ഇനി എല്ലാ കച്ചവടക്കാരും നികുതി റിട്ടേണ്‍ നല്‍കേണ്ടിവരും.അതേസമയം പായ്ക്ക് ചെയ്ത ഭക്ഷ്യധാന്യങ്ങള്‍ക്ക് നികുതിയേര്‍പ്പെടുത്തിയതോടെ സര്‍ക്കാരിന് നികുതിവരവ് കൂടുമെന്നാണ് അനുമാനം.സംസ്ഥാനത്ത് മൊത്തം ഭക്ഷ്യധാന്യ വില്‍പനയില്‍ 14%മാത്രമാണ് ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍.
എന്നാല്‍ പായ്ക്ക് ചെയ്ത് ഉല്‍പന്നങ്ങള്‍ക്ക് നികുതിശവന്നതോടെ ഇത് 86%ആയി വര്‍ദ്ധിക്കും. ഇതോടെ ഭക്ഷ്യധാന്യങ്ങള്‍ക്കെല്ലാം നികുതിയുടെ പേരില്‍ വില കൂടി എന്നതാണ് വസ്തുത.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha