ലഹരി കുറ്റകൃത്യങ്ങളില്ലാത്ത ഓണം: എക്സൈസിന്‍റെ ഓണക്കാല എൻഫോഴ്സ്മെന്‍റ് ഡ്രൈവ് വെള്ളിയാഴ്ച മുതല്‍ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 5 August 2022

ലഹരി കുറ്റകൃത്യങ്ങളില്ലാത്ത ഓണം: എക്സൈസിന്‍റെ ഓണക്കാല എൻഫോഴ്സ്മെന്‍റ് ഡ്രൈവ് വെള്ളിയാഴ്ച മുതല്‍ഓണക്കാലത്ത് വ്യാജ മദ്യ-മയക്കുമരുന്ന് വിപണനം തടയുന്നതിനുള്ള സ്പെഷ്യല്‍ എക്സൈസ് എൻഫോഴ്സ്മെന്‍റ് ഡ്രൈവ് ആഗസ്റ്റ് 5ന് ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. സെപ്റ്റംബര്‍ 12ന് രാത്രി 12 മണി വരെയാണ് സ്പെഷ്യല്‍ ഡ്രൈവ് നടക്കുന്നത്. വ്യാജമദ്യത്തിന്‍റെയും സ്പിരിറ്റിന്‍റെയും മയക്കുമരുന്നിന്‍റെയും കള്ളക്കടത്തും സംഭരണവും തടയുകയാണ് ഡ്രൈവിന്‍റെ ലക്ഷ്യം. രഹസ്യ വിവരശേഖരണം നടത്തിയും പൊതുജനങ്ങളുടെ സഹായത്തോടെയും പൊലീസിനോടൊപ്പം ചേര്‍ന്നും എക്സൈസ് ഫലപ്രദമായ ഇടപെടല്‍ നടത്തും. മയക്കുമരുന്ന് ഉപയോഗം തടയാനും കാര്യക്ഷമമായ നടപടി സ്വീകരിക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്. ലഹരി കുറ്റകൃത്യങ്ങളില്ലാത്ത ഓണം ഉറപ്പാക്കാൻ എക്സൈസ് ഉദ്യോഗസ്ഥരുടെ ഊര്‍ജിതമായ ശ്രമം ഉണ്ടാകണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

read also: ‘അവര്‍ക്കിതെങ്ങനെ കഴിയും?’ പാര്‍ലമെന്റിലിരിക്കുന്ന തന്നോട് ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെടുന്നു: ഖാർഗെ

ഓരോ ജില്ലയെയും രണ്ട് മേഖലയായി തിരിച്ച് 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് രൂപീകരിക്കും. എക്സൈസ് ഇൻസ്പെക്ടര്‍മാര്‍ക്കാകും ചുമതല. പരാതികള്‍ വന്നാല്‍ ഉടൻ ഇടപെടാൻ വേണ്ടിയാണ് ഈ സംവിധാനം. റെയിഞ്ച്-സര്‍ക്കിള്‍-സ്ക്വാഡ് ഓഫീസുകളിലുള്ള ഉദ്യോഗസ്ഥരെ രണ്ട് ടീമായി തിരിച്ച് ഓരോ ടീമും ഒന്നിടവിട്ട ദിവസങ്ങളില്‍ തീവ്രയജ്ഞ പരിപാടി നടത്തും. അബ്കാരി/എൻഡിപിഎസ് കുറ്റകൃത്യങ്ങളില്‍ മുൻപ് ഏര്‍പെട്ടവരെ സൂക്ഷ്മമായി നിരീക്ഷിക്കും. മദ്യമയക്കുമരുന്ന് കടത്ത് കേസില്‍പ്പെട്ടവരുടെയും‍ വ്യാജമദ്യ വില്‍പ്പന നടത്തുന്നയാളുകളുടെയും പട്ടിക തയ്യാറാക്കി കര്‍ശനമായി നിരീക്ഷിക്കും.

അന്തര്‍സംസ്ഥാന കടത്ത് തടയാൻ അയല്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തണം. പൊലീസ്-വനംവകുപ്പ് എന്നിവരുമായും ചേര്‍ന്നാകും പ്രവര്‍ത്തനം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, പാലക്കാട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക ശ്രദ്ധയോടെ മുഴുവൻ സമയ അതിര്‍ത്തി‍ പട്രോളും വാഹനപരിശോധനയും നടത്തും. മൈനര്‍ ചെക്ക് പോസ്റ്റുകളിലും ഇരുപത്തിനാല് മണിക്കൂര്‍ വാഹന പരിശോധന നടക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ചെക്ക്പോസ്റ്റുകളില്‍ സിസിടിവി നിരീക്ഷണവും കാര്യക്ഷമമാക്കും. കൃത്യമായി നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയുമുണ്ടാകും. ബെവ്കോ വഴി വിതരണം ചെയ്യാൻ സര്‍ക്കാര്‍ പെര്‍മിറ്റ് ഉപയോഗിച്ച് മദ്യം കൊണ്ടുവരുന്ന വാഹനങ്ങളില്‍ അനധികൃതമായി മദ്യം കടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ചെക്ക്പോസ്റ്റുകളിലും മറ്റ് സ്ഥലങ്ങളിലും‍ പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോസ്റ്റല്‍ പൊലീസുമായി ചേര്‍ന്ന് കടലിലും ഉള്‍നാടൻ ജലഗതാഗത പാതകളിലും പട്രോളിംഗ് നടത്തും. വനമേഖലയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് വ്യാജവാറ്റ്, കഞ്ചാവ് കൃഷി എന്നിവ കണ്ടുപിടിച്ച് നശിപ്പിക്കുന്നതിനുള്ള റെയ്ഡുകളാണ് നടത്തുക. അതിഥി തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായും പലരും ലഹരി വസ്തുക്കള്‍ കടത്തിക്കൊണ്ടുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ട്രെയിനുകളിലും നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കും

വാഹനപരിശോധനാ വേളയില്‍ യാത്രക്കാരോട് മാന്യമായി പെരുമാറാൻ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. സ്ത്രീകളോട് ബഹുമാനപൂര്‍വമായ ഇടപെടല്‍ ഉറപ്പാക്കണം. പരമാവധി വനിതാ ഓഫീസര്‍മാരുടെ സാന്നിധ്യം ഉണ്ടാകണം. വീടുകളിലെയും സങ്കേതങ്ങളിലെയും റെയ്ഡുകളില്‍ നിര്‍ബന്ധമായും വനിതാ ഓഫീസര്‍മാരെ ഉള്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പാലക്കാട് നിന്ന് മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കള്ളിന്‍റെ അളവും ഗുണനിലവാരവും കൃത്യമായി പരിശോധിക്കാനും നിര്‍ദേശമുണ്ട്. ആലത്തൂരിലും പറളിയിലുമുള്ള ചെക്കിംഗ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കും. കള്ള് ചെത്ത് തോട്ടങ്ങളില്‍ അനധികൃത പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിരന്തരം പരിശോധന നടത്തും. 6%ല്‍ കൂടുതല്‍ ഈഥെയ്ല്‍ ആല്‍കഹോള്‍ അടങ്ങിയ കള്ള് വില്‍ക്കുന്ന കള്ളുഷാപ്പുകളില്‍ പ്രത്യേകം നിരീക്ഷണമുണ്ടാകും. ബാറുകളും ബിയര്‍ പാര്‍ലറുകളും ക്ലബ്ബുകളും കള്ളുഷാപ്പുകളും അനുവദനീയമായ സമയത്ത് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എന്നതും ഉറപ്പാക്കും.

അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍(എൻഫോഴ്സ്മെന്‍റ്)ക്കാണ് സ്പെഷ്യല്‍ ഡ്രൈവിന്റെ ചുമതല. എൻഫോഴ്സ്മെന്‍റ് നടപടികള്‍ ഏകോപിപ്പിക്കാൻ സംസ്ഥാന-ജില്ലാ തലങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ദുരുദ്ദേശത്തോടെ നല്‍കുന്ന വിവരങ്ങളില്‍ സാധാരണക്കാര്‍ പരിശോധനയ്ക്ക് വിധേയരാകുന്ന സ്ഥിതി പരമാവധി ഒഴിവാക്കണം. അടിയന്തിര സ്വഭാവമില്ലാത്ത അറിയിപ്പുകളില്‍ പ്രാഥമികമായ അന്വേഷണം നടത്തി മാത്രമേ എൻഫോഴ്സ്മെന്‍റ് പാര്‍ട്ടി പുറപ്പെടാൻ പാടുള്ളൂവെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷിതവും ദുരന്ത രഹിതവുമായ ഓണം ഉറപ്പാക്കാൻ എല്ലാ എക്സൈസ് ഉദ്യോഗസ്ഥരും ഊര്‍ജിതമായി പരിശ്രമിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog