ഏഷ്യകപ്പ് 2022, ഇന്ത്യ വാലിൽ കുത്തി എഴുന്നേറ്റു. അവസാന ഓവറിൽ ആവേശം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 29 August 2022

ഏഷ്യകപ്പ് 2022, ഇന്ത്യ വാലിൽ കുത്തി എഴുന്നേറ്റു. അവസാന ഓവറിൽ ആവേശം

ഏഷ്യാ കപ്പ്: നൈൽ ബൈറ്റിങ് ത്രില്ലറിനൊടുവിൽ ഇന്ത്യക്ക് ആവേശജയം

ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ആവേശജയം. പാകിസ്താൻ മുന്നോട്ടുവച്ച 148 റൺസ് വിജയലക്ഷ്യം 2 പന്തുകളും 5 വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 35 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ജഡേജയും ഹാർദ്ദിക്കും ചേർന്ന് അഞ്ചാം വിക്കറ്റിൽ പടുത്തുയർത്തിയ 52 റൺസിൻ്റെ കൂട്ടുകെട്ട് കളിയിൽ നിർണായകമായി. പാകിസ്താനു വേണ്ടി മുഹമ്മദ് നവാസ് വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമാണ് ഇന്ത്യക്കും ലഭിച്ചത്. ഇന്നിംഗ്സിലെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ കെഎൽ രാഹുൽ മടങ്ങി. നസീം ഷാ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ കെഎൽ രാഹുൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. നസീം ഷായുടെ കന്നി ടി-20 വിക്കറ്റാണ് ഇത്. ഓവറിൽ ഇന്ത്യ രാഹുലിനെ നഷ്ടപ്പെടുത്തി 3 റൺസ് നേടി. ഷഹീൻ അഫ്രീദിയുടെ അഭാവത്തിൽ തകർപ്പൻ ബൗളിംഗാണ് നസീം ഷാ കാഴ്ചവച്ചത്. ഓവറിൽ കോലിയുടെ എഡ്ജ് കണ്ടെത്താൻ സാധിച്ച നസീമിന് രോഹിതിനെ വിറപ്പിക്കാനും സാധിച്ചു.
രണ്ടാം വിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും മുൻ ക്യാപ്റ്റൻ വിരാട് കോലിയും ചേർന്ന് 49 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. പക്ഷേ, ഇന്ത്യൻ ഇന്നിംഗ്സ് വളരെ സാവധാനത്തിലാണ് മുന്നേറിയത്. രോഹിതും വിരാടും ടൈമിങ് കണ്ടത്താൻ വിഷമിക്കുകയും പാക് ബൗളർമാർ തകർത്ത് എറിയുകയും ചെയ്തതോടെ ഇന്ത്യ പതറി. മോശം റൺ നിരക്ക് മറികടക്കാൻ കൂറ്റൻ ഷോട്ടിനു ശ്രമിച്ച ഇരുവരും ഏറെ വൈകാതെ പുറത്താവുകയും ചെയ്തു.
മുഹമ്മദ് നവാസ് എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിൽ കൂറ്റൻ ഷോട്ടിനു ശ്രമിച്ച രോഹിതിനെ ഇഫ്തിക്കാർ അഹ്മദ് പിടികൂടുകയായിരുന്നു. ഓവറിലെ നാലാം പന്തിൽ രോഹിത് ഒരു സിക്സർ നേടിയിരുന്നു. 18 പന്തുകളിൽ 12 റൺസെടുത്താണ് ഇന്ത്യൻ നായകൻ മടങ്ങിയത്. 10ആം ഓവറിലെ ഒന്നാം പന്തിൽ നവാസിനെതിരെ തന്നെ സിക്സറിനു ശ്രമിച്ച് കോലിയും മടങ്ങി. 34 പന്തുകളിൽ 3 ബൗണ്ടറിയും ഒരു സിക്സറും സഹിതം 35 റൺസെടുത്ത കോലിയെയും ഇഫ്തിക്കാർ അഹ്മദാണ് പിടികൂടിയത്.
ഋഷഭ് പന്തിൻ്റെ അഭാവത്തിൽ രവീന്ദ്ര ജഡേജ മൂന്നാം നമ്പറിലെത്തി. നാലാം വിക്കറ്റിൽ ജഡേജയും പന്തും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, 36 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ സൂര്യ മടങ്ങി. 18 റൺസെടുത്ത താരത്തെ രണ്ടാം സ്പെല്ലിനെ രണ്ടാം പന്തിൽ നസീം ഷാ ക്ലീൻ ബൗൾഡാക്കി.
അഞ്ചാം വിക്കറ്റിൽ ഹാർദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നൽകി. പാകിസ്താൻ അസാമാന്യ പോരാട്ടവീര്യമാണ് ഈ ഘട്ടത്തിൽ കാഴ്ചവച്ചത്. മോശം പന്തുകൾ എറിയാതെ ഇന്ത്യയെ പരീക്ഷിച്ച പാക് പേസർമാർക്കെതിരെ സഖ്യം ഏറെ ബുദ്ധിമുട്ടി. നസീം ഷായുടെ കാലിനു പരുക്കേറ്റത് പാകിസ്താന് കനത്ത തിരിച്ചടിയായി. ഇതോടെ 18ആം ഓവറിൽ ഒരു ബൗണ്ടറിയും ഒരു സിക്സറുമാണ് ജഡേജ കണ്ടെത്തിയത്. ഹാരിസ് റൗഫ് എറിഞ്ഞ 19 ആം ഓവറിൽ ഹാർദ്ദിക് പാണ്ഡ്യ മൂന്ന് ബൗണ്ടറികൾ കണ്ടെത്തിയതോടെ കളിയിൽ ഏറെക്കുറെ ഇന്ത്യ ജയമുറപ്പിച്ചു.
എന്നാൽ, ട്വിസ്റ്റ് കഴിഞ്ഞില്ല. അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 7 റൺസ്. നസീം ഷാ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ജഡേജ ക്ലീൻ ബൗൾഡ്. ക്രീസിൽ ദിനേശ് കാർത്തിക്. രണ്ടാം പന്തിൽ കാർത്തികിൻ്റെ സിംഗിൾ. മൂന്നാം പന്ത് ഡോട്ട്. നാലാം പന്തിൽ ലോംഗ് ഓണിനു മുകളിലൂടെ ഹാർദ്ദിക്കിൻ്റെ ക്ലീൻ സ്ട്രൈക്ക്. ഹാർദ്ദിക് ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ! 17 പന്തുകളിൽ 4 ബൗണ്ടറിയും ഒരു സിക്സറും സഹിതം 33 റൺസെടുത്ത ഹാർദ്ദിക് പാണ്ഡ്യ പുറത്താവാതെ നിന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog