സംസ്ഥാനത്ത് ജീവൻ രക്ഷാമരുന്നുകൾക്ക് കടുത്ത ക്ഷാമം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 12 July 2022

സംസ്ഥാനത്ത് ജീവൻ രക്ഷാമരുന്നുകൾക്ക് കടുത്ത ക്ഷാമം

തിരുവനന്തപുരം: 
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നേരിടുന്നത് കടുത്ത മരുന്ന് ക്ഷാമം. ജീവന്‍ രക്ഷാ മരുന്നുകള്‍ അടക്കം മിക്ക മരുന്നുകളും ഔട്ട് ഓഫ് സ്റ്റോക്ക്. ആശുപത്രി ഫാര്‍മസികളിലെത്തുന്ന രോഗികളുടെ മുന്നില്‍ കൈമലര്‍ത്തുകയാണ് ആശുപത്രി ജീവനക്കാര്‍. അവശ്യമരുന്നുകള്‍ പോലും കിട്ടാതെ വലയുകയാണ് സാധാരണക്കാരായ രോഗികള്‍.
മരുന്ന് ക്ഷാമം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും ആരോഗ്യവകുപ്പ് ഒരു നടപടിയുമെടുത്തിട്ടില്ല. മരുന്ന് ക്ഷാമം ആശുപത്രികള്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ അറിയിക്കുന്നുണ്ട്. എന്നാല്‍ കോര്‍പറേഷന്‍ കൈമലര്‍ത്തുകയാണെന്ന് ആശുപത്രി അധികൃതര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആദ്യ ദിവസങ്ങളില്‍ ഫോണില്‍ പ്രതികരിച്ചിരുന്ന മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഇപ്പോള്‍ അതും ചെയ്യുന്നില്ലെന്നാണ് ആശുപത്രികളിലെ ഫാര്‍മസിസറ്റുകള്‍ പറയുന്നത്.

അവശ്യ മരുന്നുകള്‍ സ്റ്റോക്കില്ല

പകര്‍ച്ച പനിയും കൊവിഡും വ്യാപകമായതോടെ ഡ്രിപ്പ് ആയി നല്‍കാവുന്ന ഐ വി പാരസെറ്റമോള്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പോലും കിട്ടാനില്ല. അത്യാഹിത വിഭാഗത്തിലടക്കം ഇത് സ്റ്റോക്കില്ല. രോഗി വാങ്ങി നല്‍കിയാല്‍ ഇത് നല്‍കാമെന്ന് പറയുന്ന അവസ്ഥിയിലായി ഡോക്ടമാരും. ജീവന്‍ രക്ഷാ മരുന്നായി ഉപയോഗിക്കുന്ന, അത്യാഹിത വിഭാഗങ്ങളിലും ഐ സി യുവിലും അടക്കം ഒഴിവാക്കാനാകാത്ത മരുന്നുകളായ അഡ്രിനാലിനും , നോര്‍ അഡ്രിനാലിനും ഒരിടത്തുമില്ല. അടിയന്തര ഘട്ടത്തില്‍ ഇതും പുറത്തുനിന്ന് വാങ്ങിപ്പിക്കുകയാണ് മെഡിക്കല്‍ കോളജ് ആശുപത്രികളിലടക്കം.

രക്തം കട്ടപിടിക്കാതിരിക്കാന്‍ ഹൃദ്രോഗികള്‍ക്ക് നല്‍കുന്ന ആസ്പിരിന്‍ 75, ഉയര്‍ന്ന രക്ത സമ്മര്‍ദത്തിന് നല്‍കുന്ന റാമിപ്രില്‍, കൊളസ്ട്രോളിന് നല്‍കുന്ന അറ്റോവ സ്റ്റാറ്റിന്‍ 20 , പിപ്റ്റാസ്, സെഫ്ട്രിയാക്സോണ്‍ തുടങ്ങി മിക്ക ആന്‍റിബയോട്ടിക് ഇന്‍ജക്ഷനുകളും കിട്ടാനില്ല. ഇതില്‍ തീരുന്നില്ല. ഇന്‍സുലിന്‍ , ശിശു രോഗ , ഹൃദ്രോഗ , അര്‍ബുദ ചികില്‍സക്കുള്ള മിക്ക മരുന്നുകള്‍ക്കും കടുത്ത ക്ഷാമമാണ്.

പ്രമേഹ രോഗ ക്ലിനിക്കുകള്‍ പലതും മരുന്നില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. പുറമേ നിന്ന് ഇന്‍സുലിനടക്കം വാങ്ങാന്‍ കഴിയാത്ത പലരുടേയും ചികില്‍സയും മുടങ്ങുന്നുണ്ട്. സൌജന്യം നിലച്ചതോടെ വലിയ വിലകൊടുത്ത് മരുന്ന് പുറമേ നിന്ന് വാങ്ങേണ്ടി വരുന്ന പലരും ആ മരുന്നുകള്‍ വാങ്ങാതെ പോകുന്ന സാഹചര്യമുണ്ടെന്ന് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.

മരുന്ന് ക്ഷാമത്തിന് കാരണമെന്ത് ?

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ കെടുകാര്യസ്ഥത മാത്രമാണ് മരുന്ന് ക്ഷാമത്തിന് പിന്നില്‍. മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ മാസത്തില്‍ മരുന്ന് വാങ്ങാനുള്ള ടെണ്ടര്‍ വിളിച്ചിരുന്നു. ഫെബ്രുവരിയോടെ അന്തിമ പട്ടിക. മാര്‍ച്ച്‌ മാസത്തില്‍ പര്‍ച്ചേസ് ഓര്‍ഡര്‍. ഏപ്രില്‍ പകുതിയോടെ മരുന്നുകളെത്തി തുടങ്ങും. എന്നാല്‍ ഇത്തവണ ജൂണ്‍ മാസം പകുതിയോടെയാണ് ടെണ്ടര്‍ നടപടികള്‍ പോലും തുടങ്ങിയത്.

ഇതോടെ ഫാര്‍മസികള്‍ ഒഴിഞ്ഞു, മരുന്നിന് പോലും മരുന്നില്ലാതായി. ഫാര്‍മസികള്‍ ഇക്കാര്യം മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ രേഖാമൂലവും അല്ലാതേയും അറിയിച്ചു. എന്നാല്‍ കോര്‍പറേഷന്‍ ചെയ്തത് എന്താണെന്നോ , അധികം ക്ഷാമം നേരിടാത്ത ആശുപത്രികളില്‍ നിന്ന് ക്ഷാമം നേരിടുന്ന ആശുപത്രികളിലേക്ക് മരുന്നുകള്‍ മാറ്റി താല്‍കാലിക പരിഹാരത്തിന് ശ്രമിച്ചു. ഇത് പാളിയതോടെ ഏതാണ്ട് എല്ലാ ആശുപത്രികളിലും മരുന്നില്ലാത്ത അവസ്ഥയായി.

സംഭവിച്ചത് കടുത്ത അനാസ്ഥ

ഇതില്‍ തീരുന്നില്ല കോര്‍പറേഷന്‍റെ, സര്‍ക്കാരിന്‍റെ അനാസ്ഥ. മരുന്ന് നല്‍കിയ വകയില്‍ കന്പനികള്‍ക്ക് 200 കോടി രൂപ നല്‍കാനുണ്ട് ആരോഗ്യവകുപ്പ്. പണം കിട്ടാതായതോടെ മിക്ക കമ്ബനികളും ടെണ്ടറില്‍ തന്നെ പങ്കെടുക്കുന്നില്ല. ഇതും പല മരുന്നുകളും കിട്ടാത്ത സാഹചര്യം ഒരുക്കുന്നുണ്ട്. അവശ്യ മരുന്നുകള്‍ അടക്കം 700ല്‍ അധികം മരുന്നുകള്‍ക്കാണ് ഇത്തവണ ടെണ്ടര്‍ വിളിച്ചത്. ഇതില്‍ 75 അവശ്യ മരുന്നുകള്‍ക്ക് ടെണ്ടര്‍ എടുക്കാന്‍ ഒരു കമ്ബനി പോലും എത്തിയില്ല. റീടെണ്ടര്‍ 28ാം തിയതി വിളിച്ചു. എന്നാല്‍ വാര്‍ഷിക വിറ്റുവരവ് 50 കോടിയുള്ള കമ്ബനികള്‍ക്ക് മാത്രമാണ് ടെണ്ടറില്‍ പങ്കെടുക്കാന്‍ അനുമതി എന്നതിനാല്‍ റീടെണ്ടറിലും ഉദ്യോഗസ്ഥര്‍ക്ക് പ്രതീക്ഷയില്ല.

356 കോടി രൂപയാണ് മരുന്ന് സംഭരണത്തിന് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ കഴിഞ്ഞ വര്‍ഷത്തെ കടം തീര്‍ക്കാമെന്ന് കരുതിയാല്‍ ഈ വര്‍ഷത്തെ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കാനാകാത്ത സ്ഥിതി ആകും. പണം കിട്ടാതെ വിതരണം നടത്തില്ലെന്ന നിലപാടിലാണ് കമ്ബനികള്‍ പലതും. ഇതിനിടെ കമ്ബനികള്‍ക്ക് നല്‍കാനുള്ള 200 കോടിയില്‍ 66 കോടി രൂപ കൂടിനല്‍കാനുള്ള ഫയല്‍ കഴിഞ്ഞ ദിവസം നീങ്ങിയിട്ടുണ്ട്.

കിട്ടാക്കടം പെരുകിയതോടെ, മിക്ക കമ്ബനികളും സഹകരിക്കാതായതോടെ പല മരുന്നുകള്‍ക്കും സിംഗിള്‍ ബിഡര്‍ ആണ്. ഇത് മരുന്ന് വില ഉയരാനും കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 14 രൂപക്ക് വാങ്ങിയ ഐ വി ഫ്ലൂയിഡ് ഇത്തവണ വാങ്ങുന്നത് 24 രൂപയ്ക്ക് . ഒരൊറ്റ കമ്ബനി മാത്രമാണ് ടെണ്ടറില്‍ ഉണ്ടായിരുന്നത് എന്നതിനാല്‍ ഇത് അംഗീകരിക്കേണ്ട അവസ്ഥിയിലായി കോര്‍പറേഷന്‍. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഐ വി ഫ്ലൂയിഡ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് സര്‍ക്കാര്‍ മേഖലയില്‍ വാങ്ങുന്നില്ല.

വിശദീകരണം ഇങ്ങനെ...

എന്നാല്‍ സംസ്ഥാനത്ത് ക്ഷാമമൊന്നുമില്ലെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ വിശദീകരണം. രോഗികളുടെ എണ്ണം കൂടുന്നത് മുന്നില്‍ കാണാതെ ഇന്‍റന്‍റ് നല്‍കിയ ആശുപത്രികളില്‍ മാത്രമാണ് ചില മരുന്നുകള്‍ കിട്ടാതെ വരുന്നതെന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. സാധാരണ ഗതിയില്‍ മരുന്ന് ക്ഷാമം ഉണ്ടാകുമ്ബോള്‍ ലോക്കല്‍ പര്‍ച്ചേസ് വഴി കാരുണ്യയില്‍ നിന്ന് മരുന്നെത്തിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതിനുള്ള ഫണ്ടും ആശുപത്രികള്‍ക്ക് നല്‍കിയിട്ടില്ല. കാരുണ്യ ഫാര്‍മസി വഴി എത്തിക്കാമെനന് കരുതിയാലും രക്ഷയില്ല. അവിടേയും മരുന്നില്ല. കാശുണ്ടെങ്കില്‍ സര്‍ക്കാര്‍ മേഖലയില്‍ ചികില്‍സ തേടാം എന്നതാണ് അവസ്ഥ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog