ഉത്തരകേരളത്തിലെ ആദ്യ നാലുവരി ബൈപ്പാസ്; മാഹി-തലശ്ശേരി ബൈപ്പാസ് മൂന്ന് മാസത്തിനുള്ളിൽ തുറന്നേക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 16 June 2022

ഉത്തരകേരളത്തിലെ ആദ്യ നാലുവരി ബൈപ്പാസ്; മാഹി-തലശ്ശേരി ബൈപ്പാസ് മൂന്ന് മാസത്തിനുള്ളിൽ തുറന്നേക്കും

ഉത്തരകേരളത്തിലെ ആദ്യ നാലുവരി ബൈപ്പാസ്; മാഹി-തലശ്ശേരി ബൈപ്പാസ് മൂന്ന് മാസത്തിനുള്ളിൽ തുറന്നേക്കും

വടകര: കണ്ണൂരിലേക്കുള്ള പാതയിൽ ‘കുപ്പിക്കഴുത്താ’യി നിൽക്കുന്ന മാഹിയെയും തലശ്ശേരിയെയും ഇനി മറക്കാം. 20 മിനിറ്റുകൊണ്ട് അഴിയൂരിൽനിന്ന്‌ മുഴപ്പിലങ്ങാടിലേക്ക് എത്താൻ കഴിയുന്ന മാഹി-തലശ്ശേരി ബൈപ്പാസിന്റെ പ്രവൃത്തി 90 ശതമാനം പൂർത്തിയായി. മൂന്നുമാസത്തിനകം പാത തുറന്നുകൊടുക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഉത്തരകേരളത്തിലെതന്നെ ആദ്യ നാലുവരി ബൈപ്പാസാണിത്.

ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ദേശീയപാത വികസനപദ്ധതിയിൽപ്പെടുത്തി 1300 കോടി രൂപ ചെലവിലാണ് 18.6 കിലോമീറ്ററിൽ ബൈപ്പാസ് നിർമിച്ചത്. 40 വർഷംമുമ്പേ തുടങ്ങിയതാണ് ബൈപ്പാസിന്റെ സ്ഥലമേറ്റെടുപ്പ് നടപടികൾ. ഇത് പൂർണതയിലെത്തി പ്രവൃത്തി തുടങ്ങിയത് 2017 ഡിസംബറിലാണ്. 30 മാസംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും രണ്ടുവർഷത്തെ പ്രളയങ്ങളും കോവിഡും തടസ്സമായതോടെ നിർമാണം വൈകി. എറണാകുളത്തെ ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ആൻഡ് ജി.എച്ച്.വി. ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് പ്രവൃത്തി നടത്തുന്നത്.

നാല് വലിയ പാലം, ഒരു റെയിൽവേ മേൽപ്പാലം

നാല് വലിയ പാലമാണ് ബൈപ്പാസിലുള്ളത്. മാഹി, കുയ്യാലി, ധർമടം, അഞ്ചരക്കണ്ടി പുഴകൾക്ക് കുറുകെയാണിവ. ഇതെല്ലാം പൂർത്തിയായി. മുഴപ്പിലങ്ങാടിനുസമീപം ഇനി 270 മീറ്ററിൽ മേൽപ്പാലം നിർമിക്കാൻ ബാക്കിയുണ്ട്. ഇതേതു രീതിയിൽ വേണമെന്നതിനെക്കുറിച്ച് അന്തിമതീരുമാനമായിട്ടില്ല.

മണ്ണിട്ടുയർത്തിയുള്ള എംബാങ്ക്‌മെന്റ് വേണോ, തൂണിൽ ഉയർത്തിയുള്ള പാലം വേണോ എന്നതാണ് തീരുമാനമാകാത്തത്. വൈകാതെതന്നെ ഇതിൽ തീരുമാനമാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന നാല് അടിപ്പാതകളും ചെറിയ വാഹനങ്ങൾക്ക് പോകാൻ സാധിക്കുന്ന 21 അടിപ്പാതകളും പാതയിലുണ്ട്. ഒരു ഓവർപ്പാസും. ഇതെല്ലാം പൂർത്തിയായി. മാഹി റെയിൽവേസ്റ്റേഷനുസമീപം ഒരു റെയിൽവേ മേൽപ്പാലവുമുണ്ട്. ഇതാണ് പൂർത്തിയാകാനുള്ള ഒരു പ്രധാന പദ്ധതി. 60 ശതമാനത്തോളം പണികഴിഞ്ഞു. തൂൺ ഉൾപ്പെടെയുള്ളവ ഉയർത്തി. ഇതിനുമുകളിൽ സ്ഥാപിക്കാനുള്ള കോമ്പോസിറ്റ് ഗർഡർ റെയിൽവേ തിരഞ്ഞെടുത്തുനൽകണം. ഇതു കഴിഞ്ഞാൽ പെട്ടെന്നുതന്നെ പ്രവൃത്തി പൂർത്തിയാക്കാനാകും.

പാതനിർമാണവും അതിന്റെ ടാറിങ്ങുമെല്ലാം (ബിറ്റുമിൻ മെക്കാഡം ആൻഡ് ബിറ്റുമിൻ കോൺക്രീറ്റ്) ഏതാണ്ട് പൂർണമായും കഴിഞ്ഞു. പാതയുടെ ഇരുവശത്തും സർവീസ് റോഡിന്റെ പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. 16.17 കിലോമീറ്റർ ദൂരത്തിലാണ് സർവീസ് റോഡുള്ളത്. അഴിയൂരിൽ ദേശീയപാതയുമായി ബൈപ്പാസ് ചേരുന്ന സ്ഥലത്തെ 150 മീറ്റർഭാഗത്തെ നിർമാണവും ഇനി പൂർത്തിയാകാനുണ്ട്.

കുരുക്കില്ലാതെ കുതിക്കാം

വടകര-കണ്ണൂർ പാതയിൽ ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായ രണ്ട് പട്ടണങ്ങൾ മാഹിയും തലശ്ശേരിയുമാണ്. ദൂരം കുറവാണെങ്കിലും അഴിയൂരിൽനിന്ന് മാഹിയും തലശ്ശേരിയും പിന്നിട്ട് മുഴപ്പിലങ്ങാട് എത്തണമെങ്കിൽ ചുരുങ്ങിയത് 40 മിനിറ്റെങ്കിലും എടുക്കും. ഇത് എത്രയും നീളാം. ഇതാണ് 20 മിനിറ്റായി കുറയുന്നത്. ഇതോടെ കണ്ണൂർ യാത്ര സുഗമമാകും.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog