ജനങ്ങളെ പരിഭ്രാന്തരാക്കി ഇരിട്ടി ബസ് സ്റ്റാന്റിൽ മോക്ഡ്രിൽ സ്‌ഫോടനം
കണ്ണൂരാൻ വാർത്ത
ജനങ്ങളെ പരിഭ്രാന്തരാക്കി ഇരിട്ടി ബസ് സ്റ്റാന്റിൽ മോക്ഡ്രിൽ സ്‌ഫോടനം 

ഇരിട്ടി: യാത്രക്കാരെയും കച്ചവടക്കാരെയും ബസ് കത്തുനിൽക്കുന്നവരെയുമെല്ലാം ഭീതിയിലാക്കി ഇരിട്ടി ബസ് സ്റ്റാന്റിൽ മോക്ഡ്രിൽ സ്ഫോടനം. ജനങ്ങൾ തിങ്ങി പാർക്കുന്നിടങ്ങളിൽ സ്‌ഫോടനം നടന്നാൽ പൊതുജനങ്ങളും സുരക്ഷാ വിഭാഗവും എങ്ങനെ പെരുമാറും എന്നതിന്റെ നേർക്കാഴ്ച്ചയായിരുന്നു തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം രണ്ടിന് ഇരിട്ടി ബസ്റ്റാന്റിൽ നടന്ന ഈ മോക്ഡ്രിൽ സ്‌ഫോടനം. 
ബസ് സ്റ്റാന്റിലെ കിഴക്കെ മൂലയിൽ ആണ് ഉച്ചക്ക് രണ്ട് മണിയോടെ ഉഗ്ര സ്‌ഫോടനം നടന്നത്. ഉഗ്ര ശബ്ദവും പുകയും ഉയർന്നതോടെ സ്റ്റാന്റിലും ബസ്സിലും കെട്ടിടങ്ങളിലും ഉള്ളവർ എല്ലാം സ്‌ഫോടന സ്ഥലത്തേക്ക് കുതിച്ചു. രണ്ട് പേർ രക്തത്തിൽ മുങ്ങി റോഡിൽ കിടക്കുന്നു, സ്‌ഫോടന സ്ഥലത്തും നിന്നും രക്ഷപ്പെട്ട് ഓടുന്ന രണ്ട് പേരെ ചിലർ പിടികൂടി കൈയേറ്റം ചെയ്യുന്നു. സ്ഥലത്ത് കുതിച്ചെത്തിയവരും പിടികൂടിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നു. ഇതിനിടയിൽ സ്ഥലത്ത് കുതിച്ചെത്തിയ പോലീസ് അക്രമിസംഘത്തെ ജനങ്ങൾക്കിടയിൽ നിന്നും രക്ഷിച്ച് പോലീസ് വാഹനത്തിലേക്ക് കയറ്റുന്നു. സൈറൺ മുഴക്കി സ്ഥലത്ത് കുതിച്ചെത്തിയ ആംബുലൻസും അഗ്നിരക്ഷാ സേനയും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് എത്തിക്കുന്നു. സ്‌ഫോടന സ്ഥലം വെള്ളം ഒഴിച്ച് കെടുക്കുകയും പ്രദേശം രക്ഷാ സംഘത്തിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. ബോംബ്‌ സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങുമ്പോഴാണ് ജനം ഇത് പോലീസിന്റെ മോക്ഡ്രില്ലാണെന്ന കാര്യം അറിയുന്നത്. നഗരത്തിലെ കെട്ടിടത്തിന്റെ മുകളിൽ നിന്നും മറ്റും എത്തി പരിഭ്രാന്തിയോടെ നോക്കിയവർക്കും പിന്നീടാണ് തങ്ങൾക്ക് പറ്റിയത് അബദ്ധമാണെന്ന് മനസ്സിലാകുന്നത്. 
രക്ഷാ പ്രവർത്തനം ഭംഗിയായി നിർവ്വഹിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു പോലീസും മൊക് ഡ്രില്ലിന് നേതൃത്വം വഹിച്ച ചുമട്ട് തൊഴിലാളികളും. ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ, സി ഐ കെ .ജെ. ബിനോയി, പ്രിൻസിപ്പൾ എസ് ഐ ദിനേശൻ കൊതേരി എന്നിവർ മേൽനോട്ടം വഹിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത