കൊണ്ടോട്ടി: അതിക്രൂര മർദ്ദനങ്ങൾ ആണ് സ്വർണ്ണക്കടത്ത് മാഫിയയിൽ നിന്ന് അഗളി സ്വദേശി അബ്ദുൾ ജലീലിന് അനുഭവിക്കേണ്ടി വന്നത്. ഞായറാഴ്ച മുതൽ ബുധനാഴ്ച രാത്രി വരെ മനുഷ്യത്വം തീരെയില്ലാതെ ആണ് ഇവർ ജലീലിനെ മർദ്ദിച്ചത്. സ്വർണ്ണക്കടത്തു സംഘത്തിൻ്റെ കാരിയർ ആയിരുന്നു ജലീൽ. ജിദ്ദയിൽ നിന്ന് കൊടുത്തയച്ച സ്വർ ണ്ണം തേടി ആണ് സ്വർണ്ണക്കടത്തുകാർ ജലീലിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്.
ഉച്ചയോടെ പെരിന്തൽമണ്ണയിൽ എത്തിച്ച ജലീലിനെ രാത്രി 10 മണിയോടെ ആക്കപ്പറമ്പിലുള്ള വിജനമായ ഗ്രൗണ്ടിൽ എത്തിച്ചു. അവിടെ വെച്ച് രാത്രി പത്തു മണിമുതൽ പുലർച്ചെ 5 മണി വരെ അതിക്രൂര മർദ്ദനം ആയിരുന്നു. ഇരുമ്പു പൈപ്പുകളും വടികളും ഉപയോഗിച്ച് ജലീലിൻ്റെ കാലിലും കൈകളിലും തുടകളിലും അടിച്ചു. ശരീരത്തിന് പുറത്തും കൈകൾ പുറകോട്ട് കെട്ടിയും ഉള്ള മർദ്ദനങ്ങൾക്ക് പുറമെ കുത്തിയും പരിക്കേൽപ്പിച്ചു. യുവാവിന്റെ കാലുകൾ പൊട്ടി രക്തം ഒലിക്കാൻ തുടങ്ങിയതോടെ ഗ്രൗണ്ടിൽ നിന്നും എടുത്തു കാറിൽ കയറ്റി.
പുലർച്ചെ 5 മണിയോടെ എടത്തനാട്ടുകര സ്വദേശി അനസ് ബാബു പെരിന്തൽമണ്ണ ജൂബിലി റോഡിലെ ഫ്ലാറ്റിലേക്ക് ജലീലിനെ മാറ്റി. അവിടെവച്ച് രണ്ടു ദിവസത്തോളം രാത്രിയിലും പകലും മാറിമാറി യുവാവിനെ ഇരുമ്പ് പൈപ്പുകൾ, ജാക്കി, ലിവർ എന്നിവ ഉപയോഗിച്ച് മർദ്ദിച്ചു. ശരീരത്തിൽ അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചു. കത്തികൊണ്ട് ശരീരത്തിലെ പലഭാഗങ്ങളിലും മുറിവ് ഉണ്ടാക്കി. രക്തം വാർന്നൊലിച്ച ശേഷവും പീഡനം തുടർന്നു. സംഘാംഗമായ മണികണ്ഠന്റെ മെഡിക്കൽ ഷോപ്പിൽ നിന്നും മുറിവ് ഉണങ്ങുന്നതിനും മറ്റുമുള്ള മരുന്നുകൾ കൊണ്ട് വന്നു നൽകിയ ശേഷം അലിമോന്റെ പൂപ്പലത്തുള്ള വീട്ടിലേക്കു ജലീലിനെ മാറ്റി. അവിടെ വെച്ചും സംഘം പീഡനം തുടർന്നു.
പരിക്കേറ്റ് അവശ നിലയിലായ ജലീൽ പതിനെട്ടാം തീയതി രാത്രിയോടെ ബോധരഹിതനായി. തുടർന്ന്, സംഘത്തിൽ ഉൾപ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ പരിചയത്തിലുള്ള ആശുപത്രിയിലെ രണ്ട് നേഴ്സിംഗ് അസിസ്റ്റന്റ്മാരെ വീട്ടിലെത്തിച്ച് ഗ്ലൂക്കോസും മറ്റു ചില മരുന്നുകളും നൽകി. എന്നാൽ, ജലീലിൻ്റെ ബോധം തിരിച്ചു കിട്ടാതായതോടെ പത്തൊമ്പതാം തീയതി രാവിലെ 7 മണിയോടെ യഹിയ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. ആക്കപ്പറമ്പ് റോഡരികിൽ പരിക്കുപറ്റി കിടക്കുന്നത് കണ്ടു എടുത്തു കൊണ്ട് വന്നതാണ് എന്നായിരുന്നു യഹിയ ആശുപത്രിയിൽ പറഞ്ഞത്. അന്ന് രാത്രി 12 മണിയോടെ ജലീൽ മരിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു