കൃഷ്ണവിഗ്രഹം സൗജന്യമായി നൽകിയില്ല കണ്ണോത്തുംചാലിൽ നാടോടി സംഘത്തെ ആക്രമിച്ച് കൃഷ്ണവിഗ്രഹം തല്ലി തകർത്തു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകാത്തതിനെ തുടർന്ന് രണ്ടംഗ സംഘം നാടോടി കുടുംബത്തെ ആക്രമിച്ച്, വിൽപനക്ക് വച്ച വിഗ്രഹങ്ങൾ തല്ലിത്തകർത്തു. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്ന് വിഷു വിപണി ലക്ഷ്യമാക്കി നഗരത്തിലെ കണ്ണോത്തുംചാലിൽ എത്തി കൃഷ്ണ വിഗ്രഹം നിർമിച്ച് വിൽപന നടത്തുന്ന നാടോടി സംഘമാണ് ചൊവ്വാഴ്ച രാത്രി വൈകി ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേരാണ് നാടോടി സംഘത്തെ ഉപദ്രവിച്ചത്. കഴിഞ്ഞ വർഷവും ഈ നാടോടി കുടുംബത്തിന്റെ വിൽപനയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ ഒരു സംഘം അക്രമം നടത്തിയിരുന്നു. പേടി കാരണം തിരിച്ചുപോകാനുള്ള തീരുമാനത്തിലാണിവർ.

ചൊവ്വ രാത്രി വൈകിയാണ് നാടിനാകെ അപമാനമുണ്ടാക്കിയ സംഭവം. നാടോടി കുടുംബത്തിന്റെ ഗൃഹനാഥൻ നരേഷ് കുമാർ വിഗ്രഹങ്ങൾ നിരത്തി വച്ചതിന് സമീപം മയക്കത്തിലായിരുന്നു. ഈ സമയത്താണ് രണ്ടു പേർ എത്തിയത്. ഇത് കോർപറേഷന്റെ സ്ഥലമാണെന്നും തങ്ങൾ കോർപറേഷന്റെ ആളുകളാണെന്നും അവകാശപ്പെട്ട് കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉപജീവനമാണ്, 500 രൂപ വിലയുള്ള വിഗ്രഹത്തിന്റെ വില അൽപം കുറച്ചു നൽകാമെന്ന് നരേഷ് കുമാർ പറഞ്ഞെങ്കിലും രണ്ടു പേരും അസഭ്യം പറയാൻ തുടങ്ങി.

തുടർന്ന്, നിരത്തിവച്ച പ്രതിമകൾ എറിഞ്ഞു പൊളിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ബഹളം കേട്ട് നരേഷ് കുമാറിന്റെ അനുജൻ പ്രകാശ് കുമാർ ഫോണിൽ പൊലീസിനെ വിവരമറിയിച്ചു. ഇത് ശ്രദ്ധയിൽപെട്ടതോടെ ദൂരെ നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി ഇരുവരും രക്ഷപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ബൈക്കിന്റെ നമ്പർ അറിയാത്തതിനാൽ തിരിച്ചു പോയി. വിഷു വിപണി ലക്ഷ്യമാക്കി എല്ലാ വർഷവും ഫെബ്രുവരി ആദ്യ വാരം ഇവർ നഗരത്തിൽ എത്താറുണ്ട്. ഇത്തവണയും രണ്ടു മാസം മുൻപ് എത്തി.

കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷം വിഗ്രഹങ്ങളുടെ വിൽപന നന്നേ കുറവായിരുന്നു. വിഗ്രഹങ്ങൾ ഉണ്ടാക്കുന്ന അച്ച് തൽക്കാലം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. അച്ചുകൾ തകർക്കപ്പെട്ടാൽ നഷ്ടം നികത്താനാകില്ല. രണ്ടു ദിവസത്തിന് ശേഷം നാട്ടിലേക്കു തിരിച്ച് പോകുമെന്ന് ഇവർ പറയുന്നു.  ‘‘ഭാര്യയ്ക്കും കുട്ടികൾക്കും ഭയമുണ്ട്. ഞങ്ങളെ സംരക്ഷിക്കാൻ ആരുമില്ല. അക്രമിക്കപ്പെടുന്നതിനേക്കാൾ നല്ലതു പട്ടിണിയാണ്. ഇനി കണ്ണൂർ നഗരത്തിലേക്ക് വരില്ല’’– കണ്ണീരോടെ കുടുംബം പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha