കൂദാശാ കർമ്മത്തിനിടെ പള്ളിക്കെട്ടിടത്തിൽ തീ - മേൽത്തട്ടിലെ സീലിംഗ് കത്തി നശിച്ചു
കണ്ണൂരാൻ വാർത്ത

ഇരിട്ടി: നവീകരിച്ച വാണിയപ്പാറ ഉണ്ണിമിശിഹ ദേവാലയത്തിന്റെ കൂദാശ കര്‍മ്മത്തിനിടെ പള്ളികെട്ടിടത്തിന് തീപിടിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയത്. ഇരിട്ടിയില്‍ നിന്നും എത്തിയ 2യൂണിറ്റ് ഫയര്‍ഫോഴ്‌സും പള്ളിയിലെത്തിയ വിശ്വാസികളും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.

ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെ ആണ് തീപ്പിടുത്തം ഉണ്ടായത്. നവീകരിച്ച ദേവാലയത്തിന്റെ കൂദാശ കര്‍മ്മം ആരംഭിച്ചതോടെ ആയിരുന്നു തീപ്പിടുത്തം. തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പള്ളി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പള്ളിക്കുള്ളിലേക്ക് കടന്നു. തുടര്‍ന്ന് വെഞ്ചരിപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ തുടര്‍ച്ചയായി വൈദ്യുതിക്ക് തടസം സംഭവിച്ചു. ഇതിനിടയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഈ സമയമാണ് പള്ളിക്ക് മുകളിലെ സീലിംഗിന് മുകളില്‍ നിന്ന് തീയും പുകയും ഉണ്ടായത്. ഉടന്‍ തന്നെ വിശ്വാസികള്‍ എല്ലാം തന്നെ പള്ളിയില്‍ നിന്ന് പുറത്തിറങ്ങി. പള്ളിക്കുള്ളിലെ ഇരിപ്പിടങ്ങളും ഫര്‍ണ്ണിച്ചറുകളും പുറത്തെത്തിച്ചു. ആളുകള്‍ സമീപത്ത് നിന്ന് വെള്ളം എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കി. ഇരിട്ടി ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെത്തുടർന്ന് രണ്ടു യൂണിറ്റ് സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. സംഭവം നടക്കുമ്പോള്‍ തലശേരി അതീരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, സണ്ണി ജോസഫ് എം എല്‍ എ, മേഖലയിലെ വികാരിമാര്‍ തുടങ്ങിയവരും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. എല്ലാവരുടെയും സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ആര്ക്കും അപകടമില്ലാതെ രക്ഷപ്പെട്ടത്. പള്ളിയുടെ വെഞ്ചരിപ്പ് കർമ്മം മെയ് 31ലേക്ക് മാറ്റി നിശ്ചയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത