ശാപമോഷം കിട്ടാതെ മണ്ണൂർ നായിക്കാലി റോഡ്, അഴിമതി,കെടുകാര്യസ്ഥത,അപകടഭീഷണി, റോഡ് തകർന്നിട്ട് മൂന്ന് വർഷം ,കട്ടത് കോടികൾ... എക്സ്ക്ലൂസീവ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 6 April 2022

ശാപമോഷം കിട്ടാതെ മണ്ണൂർ നായിക്കാലി റോഡ്, അഴിമതി,കെടുകാര്യസ്ഥത,അപകടഭീഷണി, റോഡ് തകർന്നിട്ട് മൂന്ന് വർഷം ,കട്ടത് കോടികൾ... എക്സ്ക്ലൂസീവ്


മട്ടന്നൂർ : മണ്ണൂർ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡ് പുതുക്കിപ്പണിയാൻ മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയായില്ല. റോഡ് പകുതിഭാഗം പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്. അവശേഷിക്കുന്ന സ്ഥലത്തുകൂടിയാണ് ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നത്.


മഴക്കാലത്തിനുമുൻപ്‌ നിർമാണം നടത്തിയില്ലെങ്കിൽ റോഡ് പൂർണമായും ഇടിഞ്ഞ് ഇതിലൂടെയുള്ള ഗതാഗതം നിർത്തിവെക്കേണ്ടി വരും. ചെങ്കൽലോറികൾ ഉൾപ്പെടെ നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ അപകടസാധ്യതയും ഏറെയാണ്.
ഇത് കണക്കിലെടുത്ത് വലിയ വാഹനങ്ങളുടെ സർവീസ് നിരോധിച്ചിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. 2019-ൽ മട്ടന്നൂർ-മണ്ണൂർ-മരുതായി റോഡിന്റെ നവീകരണ പ്രവൃത്തിക്കിടെയാണ് കനത്ത മഴയിൽ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് പുഴയിലേക്ക് താഴ്ന്നത്. നായിക്കാലി പാലത്തിന് സമീപം നിർമിച്ച കോൺക്രീറ്റ് ഭിത്തിയും തകർന്നിരുന്നു. പിന്നീട് പലപ്പോഴായി കൂടുതൽ മണ്ണിടിഞ്ഞ് താഴുകയായിരുന്നു. മഴക്കാലത്ത് പുഴയിൽ ജലനിരപ്പ് ഉയർന്നാൽ സ്ഥിതി കൂടുതൽ അപകടകരമാകും.
കഴിഞ്ഞവർഷം തഹസിൽദാരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചാണ് വലിയ വാഹനങ്ങൾ പോകുന്നത് നിർത്തിവെക്കാൻ തീരുമാനിച്ചത്. എന്നാൽ ഒരുദിവസംപോലും നിയന്ത്രണം നടപ്പാക്കാനായില്ല. കഴിഞ്ഞവർഷം ജൂലായിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചിരുന്നു. പിന്നീട് നിയമസഭയിലും റോഡിന്റെ നിർമാണപ്രവൃത്തി ഉടൻ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചതാണ്.
പാലക്കാട് ഐ.ഐ.ടി. വിഭാഗത്തെ നിർമാണത്തെക്കുറിച്ച് പഠനം നടത്താൻ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പരിഗണിച്ച് ഉടൻ പണി തുടങ്ങുമെന്നുമാണ് പറഞ്ഞത്. പ്രവൃത്തിയുടെ അടങ്കൽ പുതുക്കി നൽകാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ പണി തുടങ്ങിയിട്ടില്ല. പ്രവൃത്തിക്കായി മണ്ണുപരിശോധന നടത്തുകയും സംരക്ഷണഭിത്തിയുടെ നിർമാണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ പ്രവൃത്തി വീണ്ടും നിലച്ചിരിക്കുകയാണ്.
മട്ടന്നൂർ-മണ്ണൂർ റോഡിന്റെ നിർമാണപ്രവൃത്തി വൈകിയതിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. ഇപ്പോൾ മട്ടന്നൂർ നഗരസഭാ ഓഫീസ് വരെ താത്‌കാലിക ടാറിങ്‌ നടത്തിയിട്ടുണ്ട്. നായിക്കാലിയിൽ റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. നായിക്കാലി, ഹരിപ്പന്നൂർ എന്നിവിടങ്ങളിലാണ് നിർമാണപ്രവൃത്തിക്കിടെ റോഡ് തകർന്നത്. ഇത് വിവാദമായതിനെത്തുടർന്ന് വിജിലൻസ് പരിശോധനയും നടത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog